Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:04 AM IST Updated On
date_range 6 Jan 2019 5:04 AM ISTമൂവാറ്റുപുഴ ടൗണില്‍ കാമറകള്‍ സ്ഥാപിക്കണം; താലൂക്ക് വികസനസമിതി യോഗം
text_fieldsbookmark_border
മൂവാറ്റുപുഴ: ഹര്‍ത്താലുകളില്‍ അക്രമികളെ പിടികൂടുന്നതിനും മറ്റും മൂവാറ്റുപുഴ ടൗണില്‍ കാമറകള്‍ സ്ഥാപിക്കണമെ ന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഒ.സി. ഏലിയാസാണ് ആവശ്യമുന്നയിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലില്‍ കോടിക്കണക്കിന് രൂപ മുടക്കി ടാര്‍ ചെയ്ത റോഡില്‍ ടയര്‍ കത്തിച്ചതിനെത്തുടര്‍ന്ന് ടാറിങ്ങിന് കേടുപാടുകള്‍ സംഭവിച്ചങ്കിലും കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കാര്ഡിയോളജിസ്റ്റിെൻറ സേവനം ലഭ്യമാക്കണമെന്ന് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്‌കറിയ ആവശ്യപ്പെട്ടു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന അതുരാലയങ്ങളിലൊന്നായ മൂവാറ്റുപുഴ ജനറൽ ആശുപത്രിയില്‍ കാര്ഡിയോളജിസ്റ്റിെൻറ സേവനമില്ലാത്തതിനാല്‍ ചെറിയ അസുഖങ്ങളുമായെത്തുന്ന നിർധനരോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണുന്നതിന് പൊലീസ് ഇടപെടല്‍ ശക്തമാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പായിപ്ര കൃഷ്ണന്‍ ആവശ്യപ്പെട്ടു. അവധിദിനങ്ങളിലും മറ്റും അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്ക് കഴിഞ്ഞ രണ്ടാഴ്ചയായി ദിനേന വര്‍ധിച്ചിരിക്കുകയാണ്. അനധികൃത പാര്‍ക്കിങ്ങിനും പൊലീസ് ശക്തമായ ഇടപെടല്‍ നടത്തിയാല്‍ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫുട്പാത്ത് ൈകയേറിയ വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ടൗണിലെ ഓട്ടോ സ്റ്റാൻഡുകൾ നിജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയുടെ കാര്‍ഷികമേഖലയായ കിഴക്കന്‍ മേഖലയില്‍ വ്യാജവിത്തുകളും തൈകളും വിതരണം ചെയ്യുന്ന സംഘങ്ങള്‍ വർധിച്ചിരിക്കുകയാെണന്ന് വികസനസമിതി അംഗം ടോമി പാലമല പറഞ്ഞു. കാലവര്‍ഷത്തെത്തുടര്‍ന്ന് മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലും നിരവധി ആളുകളുടെ കൃഷികളും പൂന്തോട്ടങ്ങളുമാണ് നശിച്ചത്. ഇത് മുതലാക്കിയാണ് വ്യാജ തൈവില്‍പനക്കാര്‍ വീടുകളിലെത്തുന്നത്. മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫിസില്‍ കെട്ടിക്കിടക്കുന്ന ബി.പി.എല്‍ കാര്‍ഡിനായുള്ള അപേക്ഷകള്‍ തീര്‍പ്പാക്കണമെന്ന് വികസനസമിതി അംഗം ടി.വി. അവിരാച്ചന്‍ ആവശ്യപ്പെട്ടു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ വള്ളമറ്റം കുഞ്ഞ്, ജോഷി സ്‌കറിയ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ പായിപ്ര കൃഷ്ണന്‍, ഒ.സി. ഏലിയാസ്, തഹസില്‍ദാര്‍ പി.എസ്. മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story