Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2018 1:17 PM IST Updated On
date_range 15 Sept 2018 1:17 PM ISTപ്രളയത്തിൽ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിന് നഷ്ടം കോടികൾ
text_fieldsbookmark_border
ചെങ്ങന്നൂർ: മഹാപ്രളയക്കെടുതിയിൽ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് കോടികളുടെ നഷ്ടം. കെട്ടിടത്തിന് ബലക്ഷയമായതിനാൽ വാടകക്കെട്ടിടത്തിലേക്ക് ഓഫിസും മറ്റും മാറ്റാനാണ് തീരുമാനം. പൊതുമരാമത്ത് എൻജിനീയർമാർ, എൽ.എസ്.ജി.ഡി എൻജിനീയർ വിഭാഗം, സംസ്ഥാന പ്ലാനിങ് കമീഷൻ, ലോകബാങ്ക് ഉദ്യോഗസ്ഥർ എന്നിവരെത്തി കെട്ടിടത്തിെൻറ ഉറപ്പ് വിലയിരുത്തി. കെട്ടിടം പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വാടകക്കെട്ടിടത്തിലേക്ക് താൽക്കാലികമായി ഓഫിസ് മാറ്റാൻ തീരുമാനമായത്. താഴത്തെനിലയിൽ കെട്ടിടത്തിന് വിള്ളലുണ്ട്. പലയിടങ്ങളിലായി ചുവരുകൾക്കും നാശമുണ്ട്. പുതിയ കെട്ടിടം നിർമിക്കാൻ പൊതുമരാമത്തിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. പ്രളയത്തിൽ താഴെനിലയിലെ ത്രീഫേസ് വയറിങ് മുഴുവൻ നശിച്ചു. 15ഓളം കമ്പ്യൂട്ടറുകൾ, ലാപ് ടോപ്പുകൾ, യു.പി.എസ്, ബി.എസ്.എൻ.എൽ ഹൈടെക് ഫെസിലിറ്റി നെറ്റ്വർക്കിങ് സിസ്റ്റം, പ്രൊജക്ടറുകൾ, ശൗചാലയങ്ങൾ, ഫർണിച്ചർ, മേശ, എക്സിക്യൂട്ടിവ് ചെയറുകൾ, അലമാരകൾ, 2.5 ലക്ഷത്തോളം വിലയുള്ള ബാറ്ററികൾ, സർവിസ് ബുക്കുകൾ, ഫയലുകൾ, ഓഫിസ് രേഖകൾ, കോൺഫറൻസ് ഹാളിലെ പ്രസംഗവേദി, മുൻവശത്തെ സേവനകേന്ദ്രം, അവിടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ, കൗണ്ടർ, എൽ.എസ്.ജി.ഡി എൻജിനീയർ വിഭാഗം മുറികൾ, കുടുംബശ്രീ യൂനിറ്റുകളുടെ മുറി, അതിലുണ്ടായിരുന്ന കസേര, മേശ, അലമാര, ഫയലുകൾ തുടങ്ങിയ മുഴുവൻ സാധനങ്ങളും പ്രളയത്തിൽ നഷ്ടപ്പെട്ടു. ഏകദേശം രണ്ട് കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വാടകക്കെട്ടിടം കണ്ടെത്തുന്നതുവരെ നിലവിലെ ഇരുനില കെട്ടിടത്തിെൻറ ഒന്നാം നിലയിൽ അസൗകര്യം നിറഞ്ഞ മുറികളിലാണ് ഇപ്പോൾ ഓഫിസും മറ്റും പ്രവർത്തിക്കുന്നത്. കുടുംബശ്രീ യൂനിറ്റ്, എൻജിനീയറിങ് വിഭാഗം, എൻ.ആർ.ഇ.ജി.എസ്, ഐ.സി.ഡി.എസ്, ഗ്രാമസേവക ഓഫിസ്, എസ്.സി പ്രമോട്ടർ തുടങ്ങിയവയാണ് അത്. പ്രാവിൻകൂടിനുസമീപം വാടകക്കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. സർക്കാർ നടപടി പൂർത്തീകരിച്ചാൽ അവിടേക്ക് മാറും. പഞ്ചായത്ത് സന്ദർശനത്തിനെത്തിയ ലോകബാങ്ക് ഉദ്യോഗസ്ഥരോടൊപ്പം റവന്യൂ ഉദ്യോഗസ്ഥർ, മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വാർഡ് അംഗങ്ങൾ, പ്രസിഡൻറ് പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ് എന്നിവരും പങ്കെടുത്തു. തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ പഞ്ചായത്ത് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ആണ്ടുനേർച്ച സമാപിച്ചു ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് ദർഗയിൽ മൂന്നുദിവസമായി നടന്ന ആണ്ടുനേർച്ച സമാപിച്ചു. വ്യാഴാഴ്ച രാവിലെ ചീഫ് ഇമാം ഫഹ്റുദ്ദീൻ അൽഖാസിമിയുടെ നേതൃത്വത്തിൽ നടന്ന പ്രാർഥനയോടെ സ്വലാത്ത് ജാഥ ആരംഭിച്ചു. ജമാഅത്ത് പ്രസിഡൻറ് എസ്. ഇബ്രാഹിം റാവുത്തർ, സെക്രട്ടറി സിയാദ് അബ്ദുൽ മജീദ്, ഭാരവാഹികളായ ഹാഷിം ഹബീബ്, അൻവർ സാദത്ത്, നിഷാദ് ജമാൽ തുടങ്ങിയവർ സ്വലാത്ത് ജാഥക്ക് നേതൃത്വം നൽകി. മദ്റസ വിദ്യാർഥികളും അധ്യാപകരും മഹല്ല് അംഗങ്ങളും പങ്കെടുത്തു. തുടർന്ന് മഖാമിൽ ഖത്തം ദുആ നടന്നു. തുടർന്ന് ആയിരക്കണക്കിനുപേർ അന്നദാനത്തിൽ പങ്കെടുത്തു. രാത്രി സിറാജുദ്ദീൻ അൽഖാസിമിയുടെ മതപ്രഭാഷണത്തിനുശേഷം ദിഖ്ർ ഹൽഖയും കൂട്ടപ്രാർഥനയും നടന്നു. കോട്ടാർ അബ്ദുൽ റസാഖ് മുഹ്യിദ്ദീൻ ഖാദിരി സിദ്ദീഖി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story