ആശ്വാസവുമായി ഭോപ്പാലില്‍നിന്ന്​ ഗാന്ധിഭവന്‍ പ്രവര്‍ത്തകർ

06:42 AM
12/09/2018
ചെങ്ങന്നൂര്‍: പ്രളയബാധിതരായ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ഭോപ്പാലില്‍നിന്ന് ഗാന്ധിഭവന്‍ പ്രവര്‍ത്തകരെത്തി. സഹായം കിട്ടിയിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ചെങ്ങന്നൂര്‍, പാണ്ടനാട്, മംഗലം, വളഞ്ഞവട്ടം, തിരുവല്ല മേഖലകളിലെ മുന്നൂറില്‍പരം കുടുംബങ്ങള്‍ക്ക് ഭോപ്പാല്‍ ഗാന്ധിഭവ​െൻറ നേതൃത്വത്തില്‍ സഹായമെത്തിച്ചത്. ഒരു വീട്ടിലേക്ക് 20 കിലോ അരി ഉള്‍പ്പെടെ 6000 രൂപയുടെ സാധനങ്ങള്‍, 11 തരം വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയും 10,000 ലിറ്റര്‍ കുടിവെള്ളവും വിതരണം നടത്തി. അഞ്ച് ലക്ഷം രൂപ െചലവില്‍ ഏതാനും വീടുകളുടെ അറ്റകുറ്റപ്പണി നടത്തി. ഒരാഴ്ചയായി ചെങ്ങന്നൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇവര്‍ കുട്ടനാട് മേഖലയിലും സർവേ നടത്തി സഹായത്തിനായി അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടമായി ഇവര്‍ക്ക് സഹായമെത്തിക്കാനാണ് ഗാന്ധിഭവ​െൻറ പദ്ധതി. താമസിച്ചിരുന്ന ഷെഡ് പ്രളയത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലായിരുന്ന വളഞ്ഞവട്ടം വല്യപറമ്പില്‍ വീട്ടിൽ ശോഭനക്കും മകൾക്കും വീട് നിർമിച്ചുനല്‍കാനുള്ള സഹായം എത്തിക്കുന്നതിനും ഗാന്ധിഭവന്‍ തീരുമാനിച്ചു. ഭോപ്പാല്‍ ആദായനികുതി പ്രിന്‍സിപ്പല്‍ കമീഷണര്‍ ആര്‍.കെ. പാലിവാല്‍ ഐ.ആര്‍.എസ് സഹായ വിതരണം ഉദ്ഘാടനം ചെയ്തു. ഭോപ്പാല്‍ ഗാന്ധിഭവന്‍ സെക്രട്ടറി ദയാറാം നാംദേവ്, രാധാകൃഷ്ണ ശര്‍മ, യോഗേഷ് ധാബ്ര, മോഹന്‍ മാത്യു, റോബീന ഖാന്‍, ദീപ്തി സിങ്, പ്രഫ. അല്‍പന ത്രിവേദി, പ്രഫ. റീത സിങ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രളയബാധിതർക്ക് മെഡിക്കൽ ക്യാമ്പ് ചെങ്ങന്നൂർ: പ്രളയബാധിതർക്ക് ദുരിതാശ്വാസ മെഡിക്കൽ ക്യാമ്പ് നടത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ മെദാന്ത മെഡിസിറ്റിയിൽനിന്ന് എത്തിയ ഡോ. ശുഭംഗർ സിങ്ങി​െൻറ മേൽനോട്ടത്തിൽ ഡോ. നിധിൻ, ഡോ. ശ്രീകല നായർ എന്നിവർ അടങ്ങിയ സംഘമാണ് രോഗികളെ പരിശോധിച്ച് മരുന്ന് നൽകിയത്. നാലുദിവസമായി ഇവർ ചെങ്ങന്നൂരിൽ താമസിച്ചാണ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പ് നടത്തിവരുന്നത്. തിരുവൻവണ്ടൂർ പഞ്ചായത്തിലെ മഴുക്കീർ, തോണ്ടറപ്പടി , വഞ്ഞിപ്പുഴ കോളനി എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ക്യാമ്പ് നടത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിലെത്തി ചികിത്സയും മരുന്നുകളും നൽകി. ഇന്നുകൂടി സംഘം വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് നടത്തിയശേഷം നാളെ മടങ്ങും. സേവാഭാരതിയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
Loading...
COMMENTS