Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 10:56 AM IST Updated On
date_range 8 Sept 2018 10:56 AM ISTപ്രളയത്തിനിടെ കേരളത്തിൽ നടത്തിയ ഐ.സി.എ.ആർ പി.ജി പ്രവേശന പരീക്ഷ ഹൈകോടതി റദ്ദാക്കി
text_fieldsbookmark_border
കൊച്ചി: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ഐ.സി.എ.ആര്‍) കീഴിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിന് കേരളത്തിലെ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 18ന് നടത്തിയ പരീക്ഷ ഹൈകോടതി റദ്ദാക്കി. കേരളത്തിലെ സെൻററുകളിലൂടെ പ്രവേശന പരീക്ഷ എഴുതാൻ അപേക്ഷ നൽകിയവർക്ക് മാത്രമായി വീണ്ടും പരീക്ഷ നടത്താനും കോടതി ഉത്തരവിട്ടു. കേരളം പ്രളയ ദുരന്തത്തിലായ സമയത്ത് പി.ജി പ്രവേശന പരീക്ഷ നടത്തിയത് ചോദ്യം ചെയ്ത് അപേക്ഷകരായ ചേർത്തല പട്ടണക്കാട് സ്വദേശി സി.ടി. അമൽ, കണ്ണൂർ സ്വദേശി ആദർശ്, ചാലക്കുടി സ്വദേശിനി ദിയ എന്നിവര്‍ നൽകിയ ഹരജികൾ പരിഗണിച്ചാണ് സിംഗിൾബെഞ്ചിെൻറ ഉത്തരവ്. ജൂൺ 22 ന് ഐ.സി.എ.ആർ ഇതേ പ്രവേശന പരീക്ഷ ഒാൺലൈനായി നടത്തിയിരുന്നു. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് സ്വദേശികളായ അപേക്ഷകർ നൽകിയ ഹരജിയിൽ മദ്രാസ് ഹൈകോടതി പരീക്ഷ റദ്ദാക്കി. തുടർന്നാണ് ഒാഫ് ലൈനായി ആഗസ്റ്റ് 18 ന് പരീക്ഷ നടത്താൻ നിശ്ചയിച്ചത്. കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് പരീക്ഷ സെൻറർ അനുവദിച്ചത്. പ്രളയത്തെത്തുടർന്ന് കൊച്ചിയിലും സെൻറർ അനുവദിച്ചെങ്കിലും കേരളത്തിൽനിന്ന് അപേക്ഷിച്ചവരിൽ 57 ശതമാനം പേർ മാത്രമാണ് എഴുതിയതെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്. കാർഷിക സർവകലാശാലകളിലെ 25 ശതമാനം സീറ്റുകൾ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസലിനുള്ളതാണെന്നും പലയിടത്തും പി.ജി ക്ലാസുകൾ തുടങ്ങിയെന്നും ചൂണ്ടിക്കാട്ടി അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ പുനഃപരീക്ഷ നടത്തുന്നതിനെ എതിർത്തു. പ്രവേശന നടപടികൾ വൈകിയിരിക്കെ പരീക്ഷ റദ്ദാക്കലും മറ്റുമായി കോടതിയുടെ ഇടപെടലുണ്ടായാൽ കാര്യങ്ങൾ ഇനിയും അവതാളത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, കേരളത്തിലെ പ്രളയത്തിെൻറ കാര്യം കൃഷി മന്ത്രി െഎ.സി.എ.ആറിെൻറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. പ്രളയ കാലത്ത് അപേക്ഷകർക്ക് പരീക്ഷ സെൻററുകളിൽ എത്തിച്ചേരാൻ പോലും കഴിയുമായിരുന്നില്ല. ഇക്കാര്യം കണക്കിലെടുത്ത് ഉചിതമായ നടപടി സ്വീകരിക്കാമായിരുന്നു. പരീക്ഷ നടത്താനുള്ള അധികാരം കൗൺസിലിനുണ്ടെങ്കിലും വിദ്യാർഥികളുടെ താൽപര്യം പരിഗണിക്കണമെന്ന കടമ മറക്കരുതായിരുന്നെന്നും കോടതി വ്യക്തമാക്കി. ബിരുദ, ഗവേഷണ പ്രവേശന പരീക്ഷകൾക്കെതിരെ ഹരജികളില്ലാത്ത സാഹചര്യത്തിൽ ഇൗ രണ്ട് കോഴ്സുകളിലേക്കും പ്രവേശന നടപടികൾ തുടരാൻ നേരേത്ത കോടതി അനുമതി നൽകിയിരുന്നു. പി.ജി പ്രവേശനത്തിന് മാത്രമാണ് കേരളത്തിൽ പുനഃപരീക്ഷക്ക് നിർദേശിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story