Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 12:08 PM IST Updated On
date_range 6 Sept 2018 12:08 PM ISTഉയർന്നെഴുന്നേറ്റേ മതിയാകൂ... ഈ മകൾക്കും അമ്മക്കും
text_fieldsbookmark_border
കൊച്ചി: പ്രളയത്തിൽ ചളിപുരണ്ട തെൻറ പഴയ ചിത്രങ്ങൾ ചേർത്തുപിടിച്ചിരിക്കുകയാണ് വിഷ്ണു മഹേശ്വരി. അപൂർവരോഗത്തിന് ശരീരത്തെയല്ലാതെ അവളുടെ മനസ്സിനെ തളർത്താനായിട്ടില്ല. പഠിച്ചുയരാനുള്ള അവളുടെയും അതിന് കഷ്ടപ്പെട്ട ഒരമ്മയുടെയും അതിജീവനത്തിനുമേലെയാണ് പ്രളയം കുത്തിയൊലിച്ചത്. മൾട്ടിപ്പിൾ സ്ക്ലിറോസിസ് ബാധിതയായ ടി.ടി.സി വിദ്യാർഥിനി വിഷ്ണു മഹേശ്വരിയുടെ ആലുവ നൊച്ചിമയിലെ വാടകവീട്ടിൽ ശേഷിക്കുന്നത് ചളിയിൽപൂണ്ട ഏതാനും പാത്രങ്ങൾ മാത്രം. വീടിെൻറ ടെറസിനൊപ്പമെത്തിയ പ്രളയജലത്തിൽ വലിയ വിലയുള്ള മരുന്നുകളും പുസ്തകങ്ങളും കസേരയും മേശയുമെല്ലാം നശിച്ചു. ചെറുപ്പത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥാപ്രസംഗം, മോണോ ആക്ട്, മിമിക്രി എന്നിങ്ങനെ നിരവധി കലാമത്സരങ്ങളിൽ കഴിവുതെളിയിച്ച വിഷ്ണു മഹേശ്വരി കലോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് രോഗം കീഴ്പ്പെടുത്തിയത്. അച്ഛൻ ഉപേക്ഷിച്ചുപോയി. അംഗൻവാടി ആയയായ അമ്മ സുമതിയാണ് കാര്യങ്ങൾ നോക്കുന്നത്. 22കാരിയായ മകളുടെ പഠന കാര്യത്തിൽ സുമതി ഒരു വിട്ടുവീഴ്ചക്കും തയാറല്ലായിരുന്നു. ഇടപ്പള്ളി ഗവ. ടി.ടി.ഐയിൽ പഠിക്കുന്ന വിഷ്ണു മഹേശ്വരിക്ക് ദിവസവും കോളജിൽ പോകാൻ വാഹനക്കൂലിയായി 400 രൂപയോളം വേണം. ഒാരോ മാസവും 12,000 രൂപയുടെ മരുന്ന് വേറെ. 5000 രൂപയാണ് വീട്ടുവാടക. ആലുവയിൽ സ്വന്തമായുണ്ടായിരുന്ന 10 സെൻറ് പുരയിടം ബാങ്കിൽ പണയപ്പെടുത്തിയാണ് ഇതുവരെ ചികിത്സിച്ചത്. പലിശകയറി സ്ഥലം കൈവിട്ടുപോകുമെന്ന സ്ഥിതിയാണിപ്പോൾ. ഇതിനിടെയാണ് പ്രളയം മറ്റൊരു ദുരന്തമായി എത്തിയത്. ''പൂജ്യമായിരുന്ന ഞങ്ങൾ ഇതോടെ വട്ടപ്പൂജ്യമായി. വാടകവീട്ടിലെ സകല സാധനങ്ങളും പോയി. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും ബുദ്ധിമുട്ടുന്ന മകളുമായി ക്യാമ്പിലേക്ക് പോകാൻ ആവില്ലായിരുന്നു. പ്രളയത്തിൽ ജീവിതം തീരട്ടെയെന്ന് ആഗ്രഹിച്ചുപോയ നിമിഷമായിരുന്നു അത്'' -കരച്ചിലിൽ സുമതിയുടെ വാക്കുകൾ കലങ്ങി. എടത്തല എസ്.ഐ അരുണിെൻറ ഇടപെടലാണ് ഇവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ചുണങ്ങംവേലിയിലെ കോൺവെൻറിൽ താമസിപ്പിച്ചു. അടിയന്തരമായി ബെഡ് വേണമെന്ന് ചികിത്സിക്കുന്ന മെഡിക്കൽ കോളജിലെ ഡോ. ഹുസൈൻ അറിയിച്ചതനുസരിച്ച് തണൽ പാലിേയറ്റിവ് കെയർ പ്രവർത്തകർ അത് എത്തിച്ചുനൽകി. ജോലി നേടി അമ്മക്ക് തണലാകാൻ കൊതിക്കുന്ന വിഷ്ണു മഹേശ്വരിക്ക് പ്രളയത്തിൽ കുതിർന്ന ജീവിതത്തിൽ നിവർന്നുനിൽക്കാൻ സുമനസ്സുകളുടെ കൈത്താങ്ങാണ് ഇനി ആവശ്യം. ഷംനാസ് കാലായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story