Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:54 AM IST Updated On
date_range 6 Sept 2018 11:54 AM ISTകർണാടകയിൽ കൊല്ലപ്പെട്ട ഉണ്ണിക്കുട്ടെൻറ സുഹൃത്തുക്കൾക്കായി ഉൗർജിത അന്വേഷണം
text_fieldsbookmark_border
പെരുമ്പാവൂർ: കർണാടകയിൽ കൊല്ലപ്പെട്ട പെരുമ്പാവൂർ വെങ്ങോല സ്വദേശി ഉണ്ണിക്കുട്ടെൻറ നാല് സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഉൗർജിതമാക്കി. ഇവർ നാലുപേരും ഉണ്ണിയെ കൊലപ്പെടുത്തിയവരുടെ കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്. ഇവർ പറവൂർ വെടിമറ സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ വിട്ടുനൽകാൻ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പറയുന്നു. ഉണ്ണിയും കാണാതായ നാലുപേരും സഞ്ചരിച്ച വാഹനത്തിന് പിറകെ പെരുമ്പാവൂർ സ്വദേശികളായ മറ്റൊരു സംഘം വാഹനത്തിൽ ഉണ്ടായിരുന്നു. ഇവർ നാട്ടിൽ തിരിച്ചെത്തിയെങ്കിലും ഇവരെ അന്വേഷിച്ച് ഉണ്ണിയുടെ ഘാതകർ പെരുമ്പാവൂരിൽ എത്തിയതിനെത്തുടർന്ന് സംഘം ഒളിവിലാണെന്നാണ് സൂചന. മംഗളൂരു സ്വദേശികളായ ക്വട്ടേഷൻ സംഘം കടത്തിക്കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിൽനിന്ന് പുറത്ത് എത്തിക്കുമ്പോൾ ഉണ്ണിയും സംഘവും തട്ടിയെടുത്തിരുന്നത്രെ. ഇങ്ങനെ കഴിഞ്ഞമാസം തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തുവെച്ച് ഉണ്ണിയും സംഘവും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് പിടിയിലായതിനെത്തുടർന്നാണ് സ്വർണക്കടത്തുകാർ ഇവരെ തിരിച്ചറിഞ്ഞത്. ഒന്നര വർഷം മുമ്പ് പെരുമ്പാവൂർ പാറപ്പുറത്തെ പാളിപ്പറമ്പിൽ സിദ്ദീഖിെൻറ വീട്ടിൽ പൊലീസ് വേഷത്തിലെത്തി സ്വർണം കവർന്നത് ഉണ്ണിയും സംഘവുമായിരുന്നു. ഇവിടെനിന്ന് 47 പവൻ സ്വർണമാണ് കവർന്നത്. ഇതുവെരയും സ്വർണം കണ്ടെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇനിയും പിടിയിലാകാനുള്ള രണ്ട് പ്രതികളുടെ പക്കലാണ് സ്വർണമെന്നാണ് പൊലീസ് ഭാഷ്യം. കേസിലെ ഒന്നാം പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് തോക്കും വടിവാളും അടക്കമുള്ള മാരകായുധങ്ങളും കണ്ടെത്തിയിരുന്നു. ഈ കേസിൽ കോട്ടയം സ്വദേശിയായ ഒരു മുൻ എ.എസ്.ഐ ഉൾപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഉണ്ണിയും സംഘവും നിരവധി കേസിൽ പ്രതികളാണ്. റിയൽ എസ്റ്റേറ്റ് അടക്കമുള്ള ബിസിനസ് തർക്കങ്ങളിൽ ഇവർ ക്വട്ടേഷൻ ഏറ്റെടുത്ത് എതിർകക്ഷികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ഇടപെട്ടിരുന്നു. 2014 മുതൽ 2018 വരെ അഞ്ച് അടിപിടിക്കേസിൽ ഉണ്ണി പ്രതിയായിട്ടുണ്ട്. സ്പിരിറ്റ് കടത്ത് കേസിൽ വർഷങ്ങൾക്കുമുമ്പ് പ്രതിയായിട്ടുണ്ട്. കൊല്ലപ്പെട്ട ഉണ്ണിക്കുട്ടെൻറ മൃതദേഹം ബുധനാഴ്ച രാവിലെ 11.30ന് വീട്ടിലെത്തിച്ച് ഒക്കൽ ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story