Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 10:56 AM IST Updated On
date_range 6 Sept 2018 10:56 AM ISTപ്രളയം തകർത്ത പറവൂര്‍ ചന്ത മുഖം മിനുക്കി
text_fieldsbookmark_border
പറവൂർ: പ്രളയം സർവതും തകർത്തെറിഞ്ഞ പറവൂർ ചന്ത വീണ്ടും പ്രവർത്തന സജ്ജമായി. നഗരസഭയുടെയും ജില്ല ഭരണകൂടത്തിെൻറയും നേതൃത്വത്തിൽ നടത്തിയ കൂട്ടായ യത്നത്തിനൊടുവിലാണ് ചന്തയെ ഉയിർത്തെഴുന്നേൽപ്പിച്ചത്. മാര്‍ക്കറ്റിെൻറ വടക്ക് ഭാഗത്തുകൂടി ഒഴുകുന്ന പറവൂര്‍ പുഴയാണ് രണ്ടേക്കർ പ്രദേശത്തെ വെള്ളത്തിലാക്കിയത്. നൂറോളം സ്ഥാപനങ്ങളും സാധന സാമഗ്രികളുമെല്ലാം വെള്ളം കയറി നശിച്ചു. കച്ചവടക്കാരും തൊഴിലാളികളും ജീവനക്കാരുമടക്കം ആയിരത്തോളം പേരുടെ ഉപജീവന മാര്‍ഗമാണ് മാര്‍ക്കറ്റ്. മുസ്രിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മാര്‍ക്കറ്റിന് വലിയ ചരിത്ര പ്രാധാന്യമുണ്ട്. ആഗസ്റ്റ് 15ന് വെള്ളം കയറിയതോടെ പറവൂര്‍ മാര്‍ക്കറ്റിനൊപ്പം താലൂക്കിലെ ചെറുകിട വ്യാപാരങ്ങളും നിശ്ചലമായി. അരി, ഉപ്പ്, ശര്‍ക്കര, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങി ഓണത്തിന് കരുതിയിരുന്ന ചരക്കുകൾ വെള്ളത്തിലായി. ഏകദേശം 1500 ചാക്ക് അരിയാണ് നശിച്ചത്. വ്യാപാരികളുടെ വീടുകളിലും വെള്ളം കയറിയതിനാല്‍ കടകളില്‍നിന്ന് സാധനങ്ങള്‍ മാറ്റാന്‍ കഴിഞ്ഞില്ല. പത്ത് കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളമിറങ്ങി 15 ദിവസത്തിന് ശേഷമാണ് നോഡല്‍ ഓഫിസര്‍ ടിമ്പിള്‍ മാഗിയുടെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോൾ മാര്‍ക്കറ്റും പരിസരവും ദുര്‍ഗന്ധമയമായിരുന്നു. ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ നിർദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വെള്ളം കയറി നശിച്ച അരി മാത്രം ഏഴ് ലോറികളിലായാണ് നീക്കിയത്. മാലിന്യം എവിടെ നിക്ഷേപിക്കുമെന്നത് വലിയ വെല്ലുവിളിയായിരുന്നു. ജൈവ മാലിന്യം ആയതിനാല്‍ പറവൂര്‍ മുനിസിപ്പാലിറ്റി ഇടപെട്ട് കളമശ്ശേരിയിലെ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റി. ശുചീകരണത്തിന് ഒത്തൊരുമിച്ച് പ്രളയം ചെറിയ രീതിയില്‍ മാത്രം ബാധിച്ച മേഖലകളിലെ ആളുകളെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, ഇരിട്ടി മുനിസിപ്പാലിറ്റികളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം വളൻറിയര്‍മാരാണ് മാര്‍ക്കറ്റിെൻറ തിരിച്ചുവരവിന് സഹായവുമായി എത്തി. മാര്‍ക്കറ്റിലെ തൊഴിലാളികൾ കൂടിയായപ്പോള്‍ ജോലികള്‍ എളുപ്പമായി. സെപ്റ്റംബര്‍ ഒന്നിന് മുഴുവന്‍ മാലിന്യവും നീക്കി. വൈകീട്ട് പറവൂര്‍ ഫയര്‍ ആൻഡ് റെസ്‌ക്യൂ യൂനിറ്റിലെ ഉദ്യോഗസ്ഥരെത്തി വെള്ളം പമ്പ് ചെയ്ത് മാര്‍ക്കറ്റ് കഴുകി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് മാര്‍ക്കറ്റില്‍ ശുചിമുറിയില്ലെന്ന കാര്യം ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. ഇ-ടോയ്‌ലറ്റ് സംവിധാനം സ്ഥാപിക്കാൻ ബന്ധപ്പെട്ട ഏജന്‍സിയെ സമീപിക്കുമെന്ന് നോഡല്‍ ഓഫിസര്‍ ടിമ്പിള്‍ മാഗി പറഞ്ഞു. മാര്‍ക്കറ്റിെൻറ ശുചീകരണത്തിന് ശേഷം സമീപത്തുള്ള വീടുകളും പ്രവര്‍ത്തകര്‍ വൃത്തിയാക്കി. വെള്ളം കയറി വീട് പൂര്‍ണമായും തകര്‍ന്ന അമ്പിളി - ജയപ്രകാശ് ദമ്പതികള്‍ക്ക് പുതിയത് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ല ഭരണകൂടത്തിെൻറ നോഡല്‍ ഓഫിസറുടെ നേതൃത്വത്തില്‍ അന്‍പോട് കൊച്ചി, റോട്ടറി കൊച്ചി, പറവൂര്‍ മുനിസിപ്പാലിറ്റി വളൻറിയര്‍മാര്‍, കറുകുറ്റി എസ്.സി.എം.എസ് എൻജിനീയറിങ് കോളജിലെ ടെക്‌നിക്കല്‍ വിങ് എന്നിവ സഹകരിച്ചാണ് പുതിയ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. ചൊവ്വ, വെള്ളി മാർക്കറ്റ് ദിവസങ്ങൾ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുമെങ്കിലും ചൊവ്വ, വെള്ളി ദിവസങ്ങളാണ് 'മാര്‍ക്കറ്റ് ഡേയ്‌സ്'. ഇൗ രണ്ടുദിവസങ്ങളില്‍ മാത്രമായി ഏകദേശം നാല് കോടി രൂപയുടെ വ്യാപാരമാണ് മാര്‍ക്കറ്റിന് ലഭിക്കുന്നത്. തലേദിവസം വൈകീട്ട് നാല് മണിയോടെ പഴം, പച്ചക്കറി വ്യാപാരം ആരംഭിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മാര്‍ക്കറ്റിെൻറ പ്രവര്‍ത്തനം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മാര്‍ക്കറ്റ് തുറന്നെങ്കിലും സാധാരണ രീതിയിലുള്ള തിരക്ക് ആരംഭിച്ചിട്ടില്ല. പറവൂര്‍ താലൂക്കിലെ മറ്റ് പഞ്ചായത്തുകളായ ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, ആലങ്ങാട് എന്നിവ ഇനിയും ദുരന്ത മുഖത്തുനിന്ന് കരകയറാത്തതാണ് ഇതിന് കാരണമെന്ന് പറവൂര്‍ മാര്‍ക്കറ്റിെൻറ കരാറുകാരന്‍ ജോസ് മാളിയേക്കല്‍ പറഞ്ഞു. മാര്‍ക്കറ്റ് പുനരാരംഭിച്ച് ആദ്യ ദിവസമായ ചൊവ്വാഴ്ച മുഴുവന്‍ കടകളും പ്രവര്‍ത്തിച്ചുവെങ്കിലും സാധാരണയുള്ളതിെൻറ 50 ശതമാനം മാത്രമാണ് കച്ചവടം നടന്നത്. രണ്ടാഴ്ചയ്ക്കകം പ്രളയബാധിത പഞ്ചായത്തുകള്‍ പുതുജീവനിലേക്ക് കരകയറി മാര്‍ക്കറ്റിനെ ഉണര്‍ത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story