ദിനവും അഞ്ഞൂറുപേരെയൂട്ടി ‘അയാം’

22:36 PM
12/05/2020

കൊച്ചി: കോവിഡ് കാലത്ത് മാതൃകാ പ്രവർത്തനങ്ങളുമായി പരസ്യചിത്ര സംവിധായകരുടെ സംഘടനയായ അയാം. കഴിഞ്ഞ 35 ദിവസമായി പള്ളുരുത്തി കച്ചേരിപ്പടിയിലെ ‘സമോവർ ചായപ്പീടിക’ യിൽ നിന്നും സമൂഹത്തിൽ ഒറ്റപ്പെട്ട്​ കഴിയുന്നവരും കിടപ്പുരോഗികളും
പാലിയേറ്റീവ് രോഗികളും നിർധനരുമായ 500 ഓളം പേർക്ക് രാത്രി ഭക്ഷണം സൗജന്യമായി തയ്യാറാക്കി സന്നദ്ധ പ്രവർത്തകരിലൂടെ വീടുകളിൽ എത്തിച്ചു നൽകുകയാണ് ഇവർ. അയാമി​െൻറ സജീവാംഗമായ നാസിമും അദ്ദേഹത്തി​െൻറ സുഹൃത്തായ സിജുവും ചേർന്നാണ് സമോവർ ചായപ്പീടിക നടത്തുന്നത്. നാട്ടിലെ വിവിധ വിഭാഗത്തിൽ പെട്ട ഒട്ടേറെ സുമനസുകൾ ഉദ്യമത്തിൽ പങ്കാളികളായിട്ടുണ്ട്. ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടിയ സാഹചര്യത്തിൽ തുടർന്നുള്ള സമോവറി​​െൻറ സന്നദ്ധ പ്രവർത്തനങ്ങളോടൊപ്പം ഇൻഡ്യൻ ആഡ്ഫിലിം മേയ്ക്കേഴ്സും കൈകോർക്കുകയായിരുന്നു. 

പള്ളുരുത്തി സമോവറിൽ നിന്ന് വിതരണം ചെയ്തു കൊണ്ടിരിക്കുന്ന അഞ്ഞൂറ് പേർക്കുള്ള ഭക്ഷണത്തിന് പുറമേ എല്ലാവർക്കും ഇഫ്താർ കിറ്റുകളും വിതരണം ചെയ്യുന്ന പരിപാടി അയാം സെക്രട്ടറി സിജോയ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ ജോയിൻറ് സെക്രട്ടറി സ്ലീബ വർഗീസ്, ഭാരവാഹികളായ അരുൺകുമാർ, സൂരജ് ടോം, അപ്പുണ്ണി, ഗംഗാപ്രസാദ്‌ എന്നിവരോടൊപ്പം പൊതുപ്രവർത്തകരായ വി.എ. ശ്രീജിത്ത്, വി.ജെ. തങ്കച്ചൻ, രഞ്ജിത്ത് കരുണാകരൻ എന്നിവർ പങ്കെടുത്തു.
ശുദ്ധവും വൃത്തിയുമായ ഭക്ഷണം സന്നദ്ധ പ്രവർത്തകർ വഴി നേരിട്ട് നിരാലമ്പരായ വ്യക്തികളുടെ വീടുകളിൽ ലോക്ക് ഡൗൺ കാലത്ത് എത്തിച്ച നാസിമിനേയും സിജുവിനേയും അയാം അനുമോദിച്ചു.

കോവിഡ് ബോധവൽക്കരണത്തി​​െൻറ ഭാഗമായി ഫെഫ്ക നിർമിച്ച ഷോർട്ട് ഫിലിമുകളിലും എറണാകുളം പൊലീസ് കമീഷണറേറ്റിന്​ വേണ്ടിയുള്ള ഷോർട്ട് ഫിലിമുകളിലും അയാം പങ്കാളികളായിരുന്നു. 

Loading...
COMMENTS