Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 5:09 AM GMT Updated On
date_range 26 May 2018 5:09 AM GMTെറയിൽേവയുടെ മോക്ഡ്രിൽ: ട്രെയിന് തീപിടിച്ചു; മിനിറ്റുകൾക്കകം രക്ഷാപ്രവർത്തനം
text_fieldsbookmark_border
കൊച്ചി: എറണാകുളം മാർഷലിങ് യാർഡിൽ വെള്ളിയാഴ്ച രാവിലെ ട്രെയിൻ കോച്ചിന് തീപിടിച്ചതോടെ ആളുകൾ പരിഭ്രാന്തരായി. കറുത്ത പുക അന്തരീക്ഷമാകെ പടരുന്നു. ട്രെയിന് തീപിടിച്ചെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിലൂടെയും വ്യാപിച്ചു. സംഭവമറിയാൻ മാധ്യമസ്ഥാപനങ്ങളിലേക്കും മറ്റും എത്തിയത് നിരവധി കാളുകൾ. സംഭവം മോക്ഡ്രില്ലാണെന്ന് അറിയാതെ നിരവധിയാളുകൾ പരിഭ്രാന്തരായി. എന്നാൽ, സുരക്ഷസംവിധാനങ്ങളെല്ലാം സർവസജ്ജമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മോക്ഡ്രില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. തീ പടരുന്നത് കണ്ടവർ ഉടൻ റെയിൽേവ കൺട്രോൾ റൂമിൽ അറിയിച്ചു. സെക്കൻഡുകൾക്കകം തിരുവനന്തപുരത്തുനിന്ന് സിഗ്നൽ നൽകി. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ തുടർച്ചയായി സൈറൺ മുഴങ്ങി. കൺട്രോൾ റൂമിൽനിന്ന് റെയിൽേവ പൊലീസ്, പൊലീസ്, ഫയർ ഫോഴ്സ്, മെഡിക്കൽ ടീം, ആംബുലൻസ്,ദേശീയ ദുരന്തനിവാരണ അതോറിറ്റി, ബ്രേക്ക് ഡൗൺ മാനേജ് മെൻറ് ടീം, വിവിധ വകുപ്പ് തലവന്മാർ, ചെന്നൈയിലെ റെയിൽേവ കേന്ദ്രം തുടങ്ങിയവയിലേക്ക് സന്ദേശമെത്തി. സൗത്ത് റെയിൽേവ സ്റ്റേഷനിൽനിന്ന് സെൽഫ് പ്രൊപ്പൽഡ് റിലീഫ് ട്രെയിൻ തയാറായി സ്ഥലത്തേക്ക് പുറപ്പെട്ടു. 10 മിനിറ്റിനകം എല്ലാ സേനയിൽനിന്നുമുള്ള 250 ഉദ്യോഗസ്ഥരും സംവിധാനങ്ങളും സംഭവസ്ഥലത്ത്. ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയം. റെയിൽേവയിെലയും ദുരന്തനിവാരണ അതോറിറ്റിയിലെയും ഏറ്റവും ഉന്നത ഉദ്യോഗസ്ഥരുടെ മാത്രം അറിവോടെ നടത്തിയ മോക്ഡ്രില്ലിൽ രക്ഷാപ്രവർത്തനത്തിനെത്തിയവർപോലും യാഥാർഥ്യം അറിഞ്ഞത് സംഭവസ്ഥലത്ത് എത്തിയശേഷമായിരുന്നു. സുരക്ഷസംവിധാനങ്ങൾ ശക്തമാണോ എന്നറിയാൻ എല്ലാ റെയിൽവേ ഡിവിഷനുകളും മൂന്ന് വർഷത്തിലൊരിക്കൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് മോക്ഡ്രിൽ നടത്തണമെന്ന നിർദേശത്തെത്തുടർന്നായിരുന്നു ഇത്. 25 വർഷം പഴക്കമുള്ള സ്ലീപ്പർ കോച്ച് മാർഷലിങ് യാർഡിലെത്തിച്ച് മറിച്ചിട്ട ശേഷം അഞ്ച് ലിറ്റർ മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. എത്രയും വേഗം എല്ലാ സുരക്ഷ സംവിധാനങ്ങളും സ്ഥലത്തെത്തിയെന്നത് സുസജ്ജമായ സജീകരണങ്ങളെയാണ് വ്യക്തമാക്കുന്നതെന്ന് സതേൺ റെയിൽവേ സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫിസർ രവികുമാർ നായർ പറഞ്ഞു. സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫിസർ രവികുമാർ, ബ്രേക്ക് ഡൗൺ ടീം തലവൻ സീനിയർ ഡിവിഷനൽ മെക്കാനിക്കൽ എൻജിനീയർ മുഹമ്മദ് ഷമീം, ഇലക്ട്രിക്കൽ എൻജിനീയർ സൈലേന്ദ്ര സിങ് പരിഹാർ, ഡിവിഷനൽ ഇലക്ട്രികൽ എൻജിനീയർ ഓപറേഷൻ അനൂപ്, ആർ.ടി.എഫ് അസി. കമീഷണർ ഗോപകുമാർ, എൻ.ഡി.ആർ.എഫ് അസി. കമാൻഡൻറ് ജിനോദ് ജോസഫ് എന്നിവരായിരുന്നു മോക്ഡ്രില്ലിന് നേതൃത്വം നൽകിയത്.
Next Story