Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:41 AM GMT Updated On
date_range 16 May 2018 5:41 AM GMTമദ്യഷാപ്പിനെതിരെയുള്ള മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsbookmark_border
അമ്പലപ്പുഴ: പുന്നപ്ര ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന ഷാപ്പിനെതിരെ ജനകീയ മദ്യവിരുദ്ധ സമിതി നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഓഫിസിലേക്കാണ് മാർച്ച് നടത്തിയത്. പുന്നപ്ര വിയാനി പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളും വൈദികരും അടക്കം നൂറുകണക്കിനുപേർ അണിചേർന്നു. രണ്ടുവർഷം മുമ്പ് സെൻട്രൽ എക്സൈസ് വകുപ്പിെൻറ സഞ്ചരിക്കുന്ന പരിശോധന ലാബിലെ ഉദ്യോഗസ്ഥരാണ് ഈ ഷാപ്പിൽനിന്ന് വിഷാംശം കലർന്ന കള്ള് പിടികൂടിയത്. തുടർന്ന് ഷാപ്പ് പൂട്ടുകയും ചെയ്തു. ഇതിനിെട ഷാപ്പ് തുറക്കാൻ ശ്രമം നടത്തിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് അന്നത്തെ കലക്ടർ ഷാപ്പ് അടച്ചുപൂട്ടാൻ ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവുകളെല്ലാം കാറ്റിൽ പറത്തിയാണ് ഇപ്പോൾ ഷാപ്പ് തുറക്കാനുള്ള നീക്കം നടത്തുന്നത്. ഇതിനെതിരെയാണ് 30 ദിവസത്തെ ഷാപ്പ് ഉപരോധസമരത്തിനുശേഷം ജനകീയ മദ്യവിരുദ്ധ സമിതി പുന്നപ്ര പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തിയത്. ആലപ്പുഴ രൂപത മെത്രാൻ സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഉദ്ഘാടനം ചെയ്തു. മദ്യമുണ്ടാക്കുന്ന നാശം തിരിച്ചറിഞ്ഞ് നന്മക്കുവേണ്ടി ഷാപ്പ് അടച്ചുപൂട്ടാൻ ഉടമ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഷാപ്പുടമ കൂടുതൽ ധാർഷ്ട്യം കാണിച്ചാൽ സമരം ശക്തമാക്കാൻ ജനങ്ങൾ തയാറാകുമെന്നും ബിഷപ് ഓർമപ്പെടുത്തി. ജനകീയ മദ്യവിരുദ്ധ സമിതി ചെയർപേഴ്സൻ കെ.പി. സുബൈദ അധ്യക്ഷത വഹിച്ചു. ഫാ. തമ്പി കല്ലുപുരക്കൽ, ഫാ. ഫ്രാൻസിസ് കൈതവളപ്പിൽ, മാത്യു ആൽബിൻ, ഫാ. എഡ്വേർഡ് പുത്തൻപുരക്കൽ തുടങ്ങിയവർ സംസാരിച്ചു. കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് തുറവൂർ: ടയർ പഞ്ചറായ കാർ നിയന്ത്രണംവിട്ട് മറ്റൊരു കാറിലിടിച്ച് ഒരാൾക്ക് പരിക്ക്. ദേശീയപാതയിൽ തുറവൂർ ബസ് സ്റ്റോപ്പിന് സമീപം കഴിഞ്ഞദിവസം ഉച്ചക്കായിരുന്നു അപകടം. ചേർത്തല ഭാഗത്തുനിന്ന് വന്ന കാറും മാന്നാറിൽനിന്ന് മാളക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു കാറുകളുടെയും മുൻഭാഗം തകർന്നു. 15 മിനിറ്റോളം ഗതാഗത തടസ്സവും ഉണ്ടായി. ഇടിയുടെ ആഘാതത്തിൽ ഒരു കാർ ചുറ്റിത്തിരിഞ്ഞ് വെയ്റ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി. സ്റ്റോപ്പിൽ യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ടാക്സി കാറിലുണ്ടായിരുന്ന നിസ്സാര പരിക്കേറ്റ യുവാവ് തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. കുട്ടികളുടെ നാടക കളരി സമാപിച്ചു അമ്പലപ്പുഴ: ജില്ല ലൈബ്രറി കൗൺസിൽ പറവൂർ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടത്തിവന്ന കുട്ടികളുടെ നാടക കളരി 'നെയ്തൽ' സമാപിച്ചു. പറവൂർ ഗവ. എച്ച്.എസ് അങ്കണത്തിൽ ചേർന്ന സമാപന സമ്മേളനം നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എസ്. ജതീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുഞ്ഞിനാട് രാമചന്ദ്രൻ, വി.കെ. വിശ്വനാഥൻ, ഒ. ഷാജഹാൻ, നാടക സംവിധായകൻ ജോബ് മഠത്തിൽ എന്നിവർ സംസാരിച്ചു. കെ.ബി. അജയകുമാർ ക്യാമ്പ് അവലോകനം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ സ്വാഗതം പറഞ്ഞു.
Next Story