Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:44 AM GMT Updated On
date_range 29 March 2018 5:44 AM GMTതെരഞ്ഞെടുപ്പ് എപ്പോള്‍ വന്നാലും നേരിടാന്‍ സജ്ജം ^സ്ഥാനാർഥികള്‍
text_fieldsbookmark_border
തെരഞ്ഞെടുപ്പ് എപ്പോള്‍ വന്നാലും നേരിടാന്‍ സജ്ജം -സ്ഥാനാർഥികള്‍ ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം എപ്പോള്‍ വന്നാലും നേരിടാന്‍ സജ്ജമാണെന്ന പൊതു അഭിപ്രായത്തിലാണ് മൂന്ന് മുന്നണി സ്ഥാനാർഥികളും. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു സ്ഥാനാർഥികളുടെ പ്രതികരണങ്ങള്‍. തെരഞ്ഞെടുപ്പിനായുള്ള എല്ലാ കാര്യങ്ങളും സജ്ജമാണെന്നും എപ്പോള്‍ വന്നാലും പ്രശ്‌നമില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ബുധനാഴ്ച കൊണ്ട് പൂര്‍ത്തീകരിച്ചു. എല്ലാ കണ്‍വെന്‍ഷനിലും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നവര്‍ എൽ.ഡി.എഫിലേക്ക് വരുന്ന കാഴ്ചയാണ് ഉണ്ടായതെന്നാണ് അവരുടെ അവകാശവാദം. അഞ്ച് വര്‍ഷത്തെ കാലാവധിയാണ് ജനങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയതെന്നും അത് പൂര്‍ത്തീകരിക്കണമെന്ന രീതിയിലായിരിക്കും വിധിയെഴുത്തെന്നും സജി ചെറിയാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ എല്ലാം തന്നെ പൂര്‍ത്തിയായതായി യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ആളുകളെ നേരിട്ട് കണ്ടുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇനി പ്രഖ്യാപനം മാത്രം വരേണ്ട കാര്യമേയുള്ളൂവെന്നും വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും സ്വാഗതം ചെയ്യുന്നതായാണ് എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയുടെ പ്രതികരണം. പ്രാഥമിക തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കി കഴിഞ്ഞതായും ജനസമ്പര്‍ക്കത്തിലൂടെയുള്ള പ്രവര്‍ത്തനമാണ് മുന്നണി ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്നതെന്നും അത് നടന്നുവരുന്നതായും വിജയം ഉറപ്പാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഇലക്ഷന്‍ പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാർഥികള്‍ക്ക് പഞ്ഞമില്ല ചെങ്ങന്നൂര്‍: ആസന്നമായ ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നില്ലെങ്കിലും സ്ഥാനാർഥികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. എൽ.ഡി.എഫിലെ സജി ചെറിയാന്‍, യു.ഡി.എഫിലെ ഡി. വിജയകുമാര്‍, എൻ.ഡി.എയിലെ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവര്‍ക്ക് പുറമെ അഞ്ചോളം സ്ഥാനാർഥികളുടെ പ്രഖ്യാപനവും നടന്നുകഴിഞ്ഞു. ജിജി പുന്തല (രാഷ്ട്രീയ ലോക്ദള്‍), മധു ചെങ്ങന്നൂര്‍ (എസ്.യു.സി.ഐ), രാജീവ് പള്ളത്ത് (എ.എ.പി), സോമശേഖര വാര്യര്‍ (മുന്നാക്ക സമുദായ മുന്നണി), നൈനാന്‍ തോമസ് മുളപ്പാന്‍മഠം (കര്‍ഷക ഫെഡറേഷന്‍) എന്നിവരാണ് മറ്റ് പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥികള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി വൈകുന്നതോടെ സ്ഥാനാർഥികള്‍ വീണ്ടും കൂടാനാണ് സാധ്യത. നാഷനല്‍ ലേബര്‍ പാര്‍ട്ടി, ഒാള്‍ ഇന്ത്യ ഫെഡറല്‍ ബ്ലോക്ക് എന്നിവ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ സാമുദായിക കക്ഷികള്‍ മത്സരത്തിന് രംഗത്തെത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. എല്ലാവരും പ്രഖ്യാപനം നടത്തുന്നതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ കാര്യത്തില്‍ ചരിത്രം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കൂടുതല്‍ സ്ഥാനാർഥികളും വിലപേശല്‍ രാഷ്ട്രീയത്തിനായാണ് രംഗത്തെത്തിയതെന്നും ആക്ഷേപമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story