Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:06 AM GMT Updated On
date_range 29 March 2018 5:06 AM GMTഗുരുവായൂർ ദേവസ്വത്തിന് 448 കോടിയുടെ ബജറ്റ്
text_fieldsbookmark_border
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ വിസ്തൃതിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇതിന് 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. ക്ഷേത്രത്തിന് ചുറ്റും 25 മീറ്റർ നേരത്തെ ഏറ്റെടുത്തതാണ്. തെക്കെനടയിൽ 100 മീറ്റർ ഏറ്റെടുക്കൽ 2008ൽ പൂർത്തിയായിരുന്നു. ശേഷിക്കുന്ന ഭാഗത്തെ ഏറ്റെടുക്കലിനുള്ള നടപടികളാണ് ആരംഭിക്കുന്നത്. 448.06 കോടി വരവും 437.58 കോടി െചലവും 10.48 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങാടുള്ള പശു സംരക്ഷണ കേന്ദ്രം തൃശൂർ ജില്ലയിൽ 25 ഏക്കർ സ്ഥലം കണ്ടെത്തി അവിടേക്ക് മാറ്റും. ഇതിന് 12.5 കോടി വകയിരുത്തി. വേങ്ങാടുള്ള സ്ഥലത്ത് സൗരോർജ പാനലുകൾ സ്ഥാപിച്ച് അവിടെ നിന്ന് ക്ഷേത്രാവശ്യത്തിനുള്ള വൈദ്യുതി ഉൽപാദിപ്പിക്കാൻ രണ്ടുകോടി വകയിരുത്തി. പ്രസാദ ഊട്ടിന് ശേഷമുള്ള അവശിഷ്ടങ്ങളും ആനത്താവളത്തിലെ മാലിന്യങ്ങളും സംസ്കരിക്കാൻ പ്രതിദിനം പത്ത് ടൺ ശേഷിയുള്ള പ്ലാൻറ് സ്ഥാപിക്കാൻ 2.5 കോടി വകയിരുത്തി. ക്ഷേത്ര ദർശനം കഴിഞ്ഞ് ആനത്താവളം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹന സൗകര്യം ഒരുക്കാൻ 50 ലക്ഷം വകയിരുത്തി. മറ്റ് പ്രധാന പദ്ധതികൾ: പൂതേരി ബംഗ്ലാവിെൻറ സ്ഥാനത്ത് പ്രസാദ ഊട്ടുപുരയും അടുക്കളയും -(ഒരു കോടി), സ്പെഷാലിറ്റി ആശുപത്രി (രണ്ട് കോടി), കംഫർട്ട് സ്േറ്റഷൻ, ഡോർമിറ്ററി, ക്ലോക്ക് റൂം (രണ്ട് കോടി), ആയുർവേദ ആശുപത്രിയിൽ കിടത്തിച്ചികിത്സ (രണ്ട് കോടി), ക്ഷേത്രത്തിെൻറ തെക്കും വടക്കും ഗോപുര നിർമാണം (30 ലക്ഷം), ദ്വാരക ബീച്ചിൽ കടൽ വെള്ളം ശുദ്ധജലമാക്കുന്നതിന് (രണ്ട് കോടി), ശ്രീകൃഷ്ണ സ്കൂളും ഇംഗ്ലീഷ് മീഡിയം സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ (രണ്ട് കോടി), ആനത്താവളത്തിലെ കോവിലകം സംരക്ഷിക്കൽ (10 കോടി), നാരായണംകുളങ്ങര കമ്യൂണിറ്റി ഹാൾ (രണ്ട് കോടി), ആശ്രയമില്ലാത്ത വയോധികകളെ കുറൂരമ്മ ഭവനത്തിൽ സംരക്ഷിക്കാൻ (85 ലക്ഷം), ആശുപത്രി നവീകരണം (86 ലക്ഷം). ചെയർമാൻ കെ.ബി. മോഹൻദാസ്, എ.വി. പ്രശാന്ത്, എം. വിജയൻ, പി. ഗോപിനാഥൻ, കെ.കെ. രാമചന്ദ്രൻ, ഉഴമലക്കൽ വേണുഗോപാൽ, അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ, ചീഫ് ഫിനാൻസ് ഓഫിസർ വി. നാരായണൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വൈജയന്തി കെട്ടിടം ക്യൂ കോംപ്ലക്‌സാക്കി മാറ്റും ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട ക്യൂ കോംപ്ലക്‌സ് ഉപേക്ഷിച്ചു ഗുരുവായൂര്‍: കിഴക്കെനടയിലെ വൈജയന്തി ഷോപ്പിങ് കോംപ്ലക്‌സ് ദര്‍ശനത്തിനുള്ള ക്യൂ കോംപ്ലക്‌സാക്കി മാറ്റുമെന്ന് ദേവസ്വം ഭരണസമിതി. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 2015ൽ തറക്കല്ലിട്ട ക്യൂ കോംപ്ലക്‌സ് ഉപേക്ഷിച്ചാണ് വൈജയന്തി ഷോപ്പിങ് കോംപ്ലക്‌സ് ക്യൂ കോംപ്ലക്‌സാക്കി മാറ്റുന്നത്. 100 കോടിയിലധികം ചെലവ് വരുന്ന ക്യൂ കോംപ്ലക്‌സ് ഉപേക്ഷിക്കണമെന്നും വൈജയന്തി കെട്ടിടം ക്യൂ കോംപ്ലക്‌സാക്കി മാറ്റണമെന്നും ദേവസ്വത്തിലെ ഇടതുപക്ഷ യൂനിയനുകള്‍ ആവശ്യപ്പെട്ട് വന്നിരുന്നതാണ്. രണ്ടു കോടി രൂപയാണ് വൈജയന്തി കെട്ടിടം ക്യൂ കോംപ്ലക്‌സാക്കുന്നതിന് ദേവസ്വം ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. നേരത്തെയുണ്ടായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനായ എല്‍.ഡി.എഫ് ഭരണസമിതി തെക്കെനടയിലാണ് ക്യൂ കോംപ്ലക്‌സ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചെലവ് കുറഞ്ഞതും ഇപ്പോഴത്തെ ആവശ്യത്തിന് മതിയാകുന്നതുമായ കെട്ടിടം എന്ന നിലക്കാണ് വൈജയന്തിയില്‍ വരി നില്‍ക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇവിടെയുണ്ടായിരുന്ന ബാങ്കും കെ.ടി.ഡി.സിയുടെ ഹോട്ടലുമെല്ലാം മുന്‍ ഭരണസമിതി അടച്ചുപൂട്ടിയിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് ക്യൂ കോംപ്ലക്സ് ഉദ്ദേശിച്ചിരുന്ന ഭാഗത്തെ സത്രം ബിൽഡിങ്ങിെൻറ സ്ഥാനത്ത് ബഹുനില ഷോപ്പിങ് കോംപ്ലക്സും വിശ്രമകേന്ദ്രവും പൊതുശൗചാലയവും നിർമിക്കാൻ അഞ്ചുകോടി വകയിരുത്തിയിട്ടുണ്ട്. വരിയില്‍ നില്‍ക്കാതെ ദര്‍ശനത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഗുരുവായൂര്‍: വരിയില്‍ നില്‍ക്കാതെയുള്ള ദര്‍ശന സൗകര്യത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ദേവസ്വം ആലോചിക്കുന്നു. വരിയിലൂടെയല്ലാതെ ദര്‍ശനം നടത്തുന്നതിന് ആവശ്യക്കാരേറി വരുന്ന സാഹചര്യത്തിലാണ് ചില പൊതുമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണ സമിതി ആലോചിക്കുന്നത്. ശിപാര്‍ശ കത്തുകള്‍ വഴിയും ഫോണ്‍ വിളികള്‍ വഴിയും നൂറു കണക്കിന് പേരാണ് വരിയിലൂടെയല്ലാതെയുള്ള ദര്‍ശനത്തിനായി ദേവസ്വം അധികൃതരെ സമീപിക്കുന്നത്. 4500 രൂപക്ക് നെയ് വിളക്ക് ശീട്ടാക്കിയാല്‍ അഞ്ചുപേര്‍ക്ക് വരിയില്‍ നില്‍ക്കാതെ ദര്‍ശനം നടത്താമെന്നതാണ് നിലവിലുള്ള സംവിധാനം. എന്നാല്‍ അപൂര്‍വം പേര്‍ മാത്രമെ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുള്ളൂയെന്നത് ദേവസ്വത്തിെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ശിപാര്‍ശകള്‍ വഴിയും സ്വാധീനം വഴിയുമെല്ലാമാണ് പലരും ദര്‍ശനം തരപ്പെടുത്തുന്നത്. അനധികൃതമായി പണം ഈടാക്കി വരിയിലല്ലാതെ ദര്‍ശനം തരപ്പെടുത്തിക്കൊടുക്കുന്ന 'പൊരുത്തുകാര്‍' എന്നറിയപ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങളും അങ്ങാടിപ്പാട്ടാണ്. നെയ് വിളക്കിന് മുടക്കേണ്ട പണത്തേക്കാൾ കൂടുതല്‍ ഇത്തരം സംഘങ്ങള്‍ ഭക്തരില്‍ നിന്ന് ഈടാക്കുന്നുണ്ട്. രണ്ടുപേര്‍ മാത്രം വരുന്ന സന്ദര്‍ഭത്തില്‍ അഞ്ചുപേര്‍ക്ക് വേണ്ട 4500 രൂപയുടെ വഴിപാടിന് പണം മുടക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്നും ചിന്തിക്കുന്നുണ്ട്. 1000 രൂപയുടെ വഴിപാടിന് ഒരാള്‍ക്ക് വരിയിൽ നിൽക്കാതെ ദര്‍ശനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പറഞ്ഞു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയ ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവൂ.
Next Story