Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:29 AM GMT Updated On
date_range 2018-03-25T10:59:59+05:30റെയിൽപാളത്തിൽ കേബിളുകളും ഫൈബർ ഹാൻഡിലുകളും; അട്ടിമറിശ്രമമെന്ന് സംശയം
text_fieldsകായംകുളം: പൂട്ടിയിട്ടിരുന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വാഗണിൽ സൂക്ഷിച്ചിരുന്ന കേബിളുകളും ഫൈബർ ഹാൻഡിലുകളും പാളത്തിൽ നിരത്തി ട്രെയിൻ അട്ടിമറിക്ക് ശ്രമം. ശനിയാഴ്ച പുലർച്ച കായംകുളം റെയിൽവേ സ്റ്റേഷന് വടക്കുഭാഗം കാക്കനാട് ലെവൽക്രോസിന് സമീപമായിരുന്നു സംഭവം. പുലർച്ച 2.40ന് മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് കടന്നുവന്ന ട്രാക്കിലാണ് ഫൈബർ ഹാൻഡിലുകളും എട്ട് കിലോ വരുന്ന ചെമ്പ് കേബിളുകളും സാധാരണ കേബിളുകളും നിരത്തിവെച്ചിരുന്നത്. ട്രെയിൻ കടന്നുവരുന്നതിനിടെ ലോക്കോ പൈലറ്റിെൻറ ശ്രദ്ധയിൽ പെട്ടെങ്കിലും അത് മറികടന്ന് സ്റ്റേഷനിൽ എത്തിയശേഷം സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫ് ഉദ്യോഗസ്ഥൻ കെ.ജി. അലക്സാണ്ടറും ജീവനക്കാരും ഉടൻ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വാഗൺ കുത്തിത്തുറന്നാണ് ഇവ പാളത്തിൽ നിരത്തിയിരുന്നത്. ട്രെയിൻ കയറിയതോടെ കേബിളുകൾ മുറിഞ്ഞുമാറുകയും ഫൈബർ ഹാൻഡിലുകൾ തെറിച്ചുപോകുകയുമായിരുന്നു. പിന്നീട് ആർ.പി.എഫ് അസി. കമീഷണർ ടി.എസ്. ഗോപകുമാർ, സി.ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലവും പരിസരവും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി. ലോക്കൽ പൊലീസും അന്വേഷണം നടത്തി. കൊച്ചിയിൽനിന്ന് എത്തിയ ആർ.പി.എഫ് ഡോഗ് സ്‌ക്വാഡിലെ നായ് ജാക്സൺ മണം പിടിച്ച് കാക്കനാടിന് കിഴക്ക് കാങ്കാലിൽ ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശംവരെ ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണത്തിന് സി.െഎയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചു.
Next Story