Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:23 AM GMT Updated On
date_range 25 March 2018 5:23 AM GMTമുറിവേറ്റ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ച സംഭവം; വനം വകുപ്പ് അന്വേഷിക്കണമെന്ന് കലക്ടർ
text_fieldsbookmark_border
കാക്കനാട്: നാട്ടാന പരിപാലന നിയമം ലംഘിച്ച് ഇരുകാലിലും ആഴത്തില്‍ മുറിവുകളുള്ള ആനയെ ക്ഷേത്രോത്സവത്തിന് എഴുന്നള്ളിപ്പിന് ഉപയോഗിച്ചത് അന്വേഷിക്കാന്‍ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല വനം വകുപ്പിന് നിര്‍ദേശം നല്‍കി. സോഷ്യല്‍ ഫോറസ്ട്രി വകുപ്പിനോടാണ് കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മദപ്പാട് കണ്ടതിനെത്തുടര്‍ന്ന് ചങ്ങലയില്‍ തളച്ചിരുന്ന ആനയെ കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിെല കാക്കനാട് പാട്ടുപുരക്കല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശീവേലിക്ക് ഉപയോഗിച്ചതാണ് വിവാദമായത്. മദപ്പാടുകളോ മുറിവുകളോ ഉള്ള ആനയെ ഉത്സവങ്ങള്‍ക്കും മറ്റും ഉപയോഗിക്കരുതെന്ന നാട്ടാന പരിപാലന നിയമം ലംഘിച്ചാണ് തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കുട്ടിശങ്കരന്‍ എന്ന ആനയെ ക്ഷേത്രോത്സവത്തിനെത്തിച്ച് പീഡിപ്പിച്ചതെന്നാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള എസ്.പി.സി.എയുടെ പരാതി. പിന്‍കാലുകളില്‍ ആഴത്തില്‍ മുറിവുള്ളതിനാല്‍ നടക്കാന്‍പോലും ആനക്ക് കഴിയുമായിരുന്നില്ലെന്നും നിയമം ലംഘിച്ച് ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയ ഫോറസ്റ്റ് ഓഫിസര്‍ എസ്. സുധീഷ്‌കുമാര്‍ ഉത്സവാഘോഷ കമ്മിറ്റിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വെള്ളിയാഴ്ച വൈകീട്ട് നടന്ന ശീവേലിക്ക് മറ്റ് ആനകള്‍ക്കൊപ്പം വിലക്ക് ലംഘിച്ച് കുട്ടിശങ്കരനെയും ഉൾപ്പെടുത്തിയെന്നാണ് പരാതി. വ്രണങ്ങള്‍ കാണാതിരിക്കാന്‍ കരിതേച്ച് ക്ഷേത്രത്തിലെത്തിച്ച ആനക്ക് അന്ന് രാവിലെ സ്വകാര്യ വെറ്ററിനറി സര്‍ജന്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിെൻറ ബലത്തിലാണ് എഴുന്നള്ളിച്ചത്. അതേസമയം, ആനയെ നേരില്‍ കാണാതെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുെന്നന്ന ആരോപണം നേരിടുന്ന വെറ്ററിനറി സര്‍ജന്‍ കുട്ടിശങ്കരന് നല്‍കിയ സര്‍ട്ടിഫിക്കറ്റിെൻറ ആധികാരികത വനം വകുപ്പ് പരിശോധിക്കും. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കോടനാട് വനം വകുപ്പിലെ വെറ്ററിനറി ഓഫിസറെ കൊണ്ടാകും പരിശോധിപ്പിക്കുക. മദപ്പാട് കണ്ടതിനെത്തുടര്‍ന്ന് ചങ്ങലയില്‍ തളച്ചതാണ് ആനയുടെ കാലുകളില്‍ ആഴത്തില്‍ മുറിവുകളുണ്ടാകാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്ളതിനാല്‍ ആനയുടെ ഉടമക്കെതിരെ പെട്ടെന്ന് നടപടി സ്വീകരിക്കാനാവില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പരിശോധയില്‍ കണ്ടെത്തിയാല്‍ ആനക്ക് ഉത്സവ സീസണില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് കലക്ടര്‍ അധ്യക്ഷനായ നാട്ടാന പരിപാലന മോണിറ്ററിങ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വനം വകുപ്പ് വ്യക്തമാക്കി. കാലുകളില്‍ ആഴത്തില്‍ മുറിവുകളുള്ള ആനക്ക് അസുഖമില്ലെന്ന് കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറുടെ നടപടിക്കെതിരെ എസ്.പി.സി.എ പരാതി നല്‍കി. വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോക്കും നാട്ടാന പരിപാലന നിയമം നടപ്പാക്കുന്ന മോണിറ്ററിങ് കമ്മിറ്റിക്കുമാണ് പരാതി.
Next Story