Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:44 AM GMT Updated On
date_range 17 March 2018 5:44 AM GMTയുവാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത എസ്.ഐക്ക് സ്ഥലംമാറ്റം
text_fieldsbookmark_border
മാവേലിക്കര: പൊലീസ് ജീപ്പ് വട്ടംവെച്ച് യുവാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ എസ്.ഐക്ക് സ്ഥലംമാറ്റം. മാവേലിക്കര എസ്.ഐ ജിജിൻ ജോസഫിനെയാണ് മണ്ണഞ്ചേരിക്ക് മാറ്റിയത്. പകരം പുന്നപ്ര എസ്.ഐ എസ്. ശ്രീജിത്തിനെ നിയമിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. നഗരത്തിലെ പരസ്യ ഏജൻസി ജീവനക്കാരൻ സുജിത്തും ഏജൻസി ഉടമയുടെ സഹോദരീപുത്രനും ഓഫിസ് അടച്ച് വീട്ടിലേക്ക് പോകവെ എസ്.ഐ ജീപ്പിലെത്തി വട്ടംവെച്ച് പിടികൂടുകയായിരുന്നു. പൊടുന്നനെ വണ്ടി നിർത്തിയ യുവാക്കൾ തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഹെൽമറ്റ് ധരിക്കാത്തതിെൻറ പേരിലായിരുന്നു പിടികൂടിയത്. പിഴ എഴുതിത്തന്നാൽ കോടതിയിൽ അടക്കാമെന്ന് പറഞ്ഞപ്പോൾ സുജിത്തിനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. പിന്നീട്, അന്യായമായി യുവാവിനെ തടങ്കലിൽ വെച്ചതിനെതിരെ നഗരസഭ കൗൺസിലർ കോശി തുണ്ടുപറമ്പിലും സ്ഥാപന ഉടമ അനി വർഗീസും പൊലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. സി.ഐയുടെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ച നടത്തിയിട്ടും തീരുമാനമായില്ല. ഒടുവിൽ ജില്ല പൊലീസ് മേധാവി എസ്.ഐക്കെതിരെ നടപടി എടുക്കാമെന്ന് അറിയിച്ചതിനെത്തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. അടുത്ത കാലത്ത് പൊലീസിനെതിരെ നിരവധി പരാതിയാണ് ഉയർന്നത്. രണ്ടാഴ്ച മുമ്പ് വനിത ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും ഗ്രാമപഞ്ചായത്ത് അംഗത്തെയും എസ്.ഐ നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കശുവണ്ടി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടരുത് -കൊടിക്കുന്നിൽ സുരേഷ് എം.പി മാവേലിക്കര: കശുവണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുന്നതുമൂലം തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ വിഹിതം അടക്കാത്ത സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഇടപെടണമെന്ന് കാണിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ്കുമാർ ഗാങ്വാറിന് നിവേദനം നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാനൂറോളം കശുവണ്ടി ഫാക്ടറികൾ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ കശുവണ്ടി വ്യവസായികൾ ഫാക്ടറികൾ നടത്തുന്നതിൽ താൽപര്യം കാണിക്കുന്നില്ല. ജോലി ഇല്ലാത്തതുമൂലം തൊഴിലുടമകൾ അടക്കേണ്ട ഇ.എസ്.ഐ, പി.എഫ് വിഹിതം അടക്കാത്തതുകൊണ്ട് തൊഴിലാളികൾക്കും ആശ്രിതർക്കും ലഭിക്കേണ്ട ചികിത്സ സൗകര്യങ്ങൾ ക്രമേണ ഇല്ലാതാവുകയാണ്. പി.എഫ് വിഹിതം അടക്കാത്തതുമൂലം പി.എഫ് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടേതല്ലാത്ത കുറ്റംകൊണ്ട് കശുവണ്ടി വ്യവസായത്തിൽ ഉടലെടുക്കുന്ന പ്രതിസന്ധിമൂലം തൊഴിലാളികളുടെ ഇ.എസ്.ഐ ചികിത്സ സൗകര്യങ്ങളും പി.എഫ് ആനുകൂല്യങ്ങളും നഷ്ടപ്പെടാൻ ഇടവരരുതെന്നും എം.പി ആവശ്യപ്പെട്ടു.
Next Story