Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 5:41 AM GMT Updated On
date_range 8 March 2018 5:41 AM GMTആടുകൾ, കിളികൾ, പൂക്കൾ; ഇത് പാത്തുമ്മയുടെ ലോകം
text_fieldsbookmark_border
ചെങ്ങമനാട്: ജീവിത പരീക്ഷണങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെയാണ് അന്നും ഇന്നും പാത്തുമ്മ നേരിടുന്നത്. പ്രതിസന്ധികൾക്ക് മുന്നിൽ വിദ്വേഷമോ പരിഭവമോ പതർച്ചയോ ഇൗ 71കാരിക്കില്ല. ബാങ്ക് ഉദ്യോഗത്തിൽനിന്ന് വിരമിച്ച പാത്തുമ്മ വിശ്രമജീവിതം ആടും കോഴിയും കിളികളും പൂക്കളും നിറഞ്ഞ ലോകത്ത് കർമനിരതയാകുന്നു. വിഷവൈദ്യനും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന തോട്ടക്കാട്ടുകര പള്ളത്ത് ജെയ്നുവിെൻറയും ബിയ്യാത്തുവിെൻറയും ഏഴ് മക്കളില്‍ ഏക പെൺതരി. തയ്യലും പൂന്തോട്ട നിർമാണവുമായിരുന്നു കുട്ടിക്കാലത്തെ ഹോബി. എസ്.ബി.ടിയില്‍ ഹെഡ് ക്ലര്‍ക്കായ പറമ്പയം ആലുമടത്തില്‍ ഷംസുവാണ് ഭർത്താവ്. മക്കളായി മിനിയും ഷൈനിയും സാജനും. സന്തോഷം നിറഞ്ഞ ജീവിതത്തിനിടെ ആകസ്മികമായായിരുന്നു ഷംസുവിെൻറ മരണം. ഇതോടെ, മക്കളുടെ പഠനമടക്കം പ്രാരാബ്ധങ്ങളെല്ലാം പാത്തുമ്മയുടെ ചുമലിലായി. ഒരു വര്‍ഷത്തിനകം എസ്.ബി.ടിയില്‍ കാഷ്യറായി ഭര്‍ത്താവിെൻറ ആശ്രിത ജോലി ലഭിച്ചു. മക്കളുടെ ഭാവിയോര്‍ത്ത് സ്ഥലം മാറ്റം ഒഴിവാക്കാന്‍ സ്ഥാനക്കയറ്റം വാങ്ങാതെ 23 വര്‍ഷവും ആലുവ ശാഖയില്‍ സേവനം പൂര്‍ത്തിയാക്കി 82ല്‍ വിരമിച്ചു. മൂന്ന് മക്കളുടെയും വിവാഹം കഴിഞ്ഞു. വാര്‍ധക്യത്തിെൻറ അവശതകളുണ്ടെങ്കിലും കൃത്യമായ ചിട്ടകളോടെയാണ് പാത്തുമ്മയുടെ ജീവിതം. പ്രാര്‍ഥനയും വായനയും പ്രഭാത സവാരിയും മുറതെറ്റാറില്ല. പറമ്പയത്തെ വീട്ടില്‍ മകന്‍ സാജനോടും ഭാര്യ ഷബ്നയോടുമൊപ്പമാണ് താമസം. പേരക്കുട്ടികളായ ഉമ്മുകുത്സുവിനും ഷംസ് ബിലാലിനുമൊപ്പം പാത്തുമ്മക്ക് വേറെയുമുണ്ട് ചങ്ങാതിമാർ. ജമുനപ്യാരി ബീടെല്‍ ഇനത്തില്‍ രണ്ട് ജോഡി ആടുകള്‍, രണ്ട് ഡസനോളം കോഴികള്‍, ലൗബേഡുകൾ, അലങ്കാര മത്സ്യങ്ങള്‍, മനോഹരമായ പൂന്തോട്ടം, പച്ചക്കറി കൃഷി. ഇതിന് പുറമെ 25 സെൻറ് സ്ഥലത്ത് ചെറിയൊരു മാവിന്‍തോട്ടവും. ഉറങ്ങിയും അവശത പറഞ്ഞും കളയാൻ പാത്തുമ്മക്ക് സമയമില്ല. തദ്ദേശ, സഹകരണ സ്ഥാപനങ്ങളിലേക്കും മറ്റും മത്സരിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴും രാഷ്ട്രീയക്കാര്‍ പാത്തുമ്മയെ തേടി എത്താറുണ്ട്. എന്നാൽ, ചെടി നട്ടുനനച്ചും ആടുകൾക്കും കോഴികൾക്കും തീറ്റ നൽകിയും എപ്പോഴും തിരക്കിലാണ്. --
Next Story