Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 5:50 AM GMT Updated On
date_range 2018-03-06T11:20:59+05:30പുഞ്ചപാടശേഖരങ്ങളിൽ നെൽകൃഷിക്ക് ഭീഷണിയായി കളകൾ
text_fieldsചെങ്ങന്നൂർ: ചെന്നിത്തല, മാന്നാർ പുഞ്ചപാടശേഖരങ്ങളിലെ നെൽകൃഷിക്ക് ഭീഷണിയായി മുറംകീറി, കവട, വരി കളകൾ. വർഷത്തിൽ ഒരു കൃഷി മാത്രം ഇറക്കാൻ സാധിക്കുന്ന അപ്പർകുട്ടനാടൻ കാർഷിക മേഖലയിൽ തൃപ്പെരുന്തുറ, കുരട്ടിശ്ശേരി എന്നീ വില്ലേജുകളിലായി നാലായിരത്തിഒരുനൂറിൽപരം ഏക്കർ നിലങ്ങളാണുള്ളത്. കൃഷിഭവൻ മുഖേന വിതരണം ചെയ്ത ജ്യോതി നെൽവിത്ത് വിതകഴിഞ്ഞ് 50 നാൾ പിന്നിട്ടിരിക്കുന്നു. ചെന്നിത്തലയിലെ അഞ്ചും ആറും ബ്ലോക്ക് പാടശേഖരങ്ങളിലാണ് മുറംകീറിയുടെ അമിത സാന്നിധ്യം നെൽച്ചെടിയുടെ വളർച്ചയെ മുരടിപ്പിക്കുന്നത്. കൂടാതെ കളയിൽ ആകമാനം പുഴുക്കൾ കയറി മുട്ടയിട്ട് വിരിയുന്നത് മൂലമുള്ള ശല്യവും ഏറെയാണ്. ഇതിനെ തിന്നാൻ എത്തുന്ന മുണ്ടി പക്ഷികൾ നെൽച്ചെടി വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്നു. പുളിപ്പുരസമുള്ളതിനാൽ കന്നുകാലികൾക്ക് ഭക്ഷിക്കാനായി മുറംകീറി നൽകാനാകില്ല. വയറിളക്കം ഉൾെപ്പടെയുള്ള അസുഖം ബാധിക്കും. ഇതിനാൽ നെൽച്ചെടി കാണാൻ കഴിയാത്തവിധം ഇടതൂർന്ന് വളരുന്ന കള മൂടോടെ പിഴുത് കെട്ടുകളാക്കി കണ്ടത്തിൽതന്നെ കൂനകൾപോലെ അടുക്കുകയാണ്. ഇതുമൂലം അത്രയും ഭാഗത്തെ കൃഷിയും ഇല്ലാതാകുന്നു. മുമ്പ് ഏക്കറിന് 3000 രൂപ വീതം പാട്ടം നൽകി ഉടമകളിൽനിന്ന് എടുക്കുന്ന നിലത്തിന് ഇപ്പോൾ 12,000 രൂപയാണ് നൽകേണ്ടി വരുന്നത്. കള നശിപ്പിക്കാൻ ലിറ്ററിന് 6500 രൂപ വരെ വരുന്ന നോമിനോ ഗോൾഡ്, അഡോറ, താരക്ക് എന്നീ കീടനാശിനികൾ ഉപയോഗിച്ചിരുന്നു. എന്നാൽ, അവകൊണ്ട് പ്രയോജനം ലഭിച്ചില്ലെന്ന് ചെന്നിത്തല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻകൂടിയായ കർഷകൻ ജിനു ജോർജ് പറഞ്ഞു. എന്നാൽ, കുറഞ്ഞ മരുന്ന് ഉപയോഗിച്ച മറ്റ് പാടങ്ങളിലെ കൃഷിക്കാർക്ക് പ്രയോജനപ്പെടുകയും ചെയ്തു. എണ്ണക്കാട്, പുലിയൂർ, ബുധനൂർ, ചെറുതന, ആനാരി, കരിപ്പുഴ, എടത്വ, കാരിക്കുഴി തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വാഹനങ്ങളിൽ സ്ത്രീ തൊഴിലാളികളെ എത്തിച്ചാണ് കള പറിപ്പിക്കുന്നത്. വനിതകൾക്ക് 400, പുരുഷന്മാർക്ക് 700 രൂപ വീതം വേതനമായി നൽകുന്നതോടൊപ്പം ദിനേന നാല് ട്രിപ് വന്നുപോകുന്നതിെൻറ ഓട്ടക്കൂലിയും കൊടുക്കുന്നു. ആറാം ബ്ലോക്കിൽ 150 ഏക്കർ നിലമാണുള്ളത്. ദിനേന നൂറോളം തൊഴിലാളികളെകൊണ്ടാണ് കള പറിപ്പിക്കുന്നത്. 15 ദിവസമായി തുടർച്ചയായി പണി ചെയ്യിക്കുന്നു. ഇനിയും 10 ദിവസം കൂടിയെങ്കിലും ഇതുപോലെ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ഒേരക്കറിന് 50 തൊഴിലാളികളെങ്കിലും പണിയെടുത്താലേ കള ഒഴിവാക്കി നെൽച്ചെടി ജീവസ്സുറ്റതാക്കാൻ കഴിയുന്നുള്ളൂ. മറ്റുള്ള ബ്ലോക്കുകളിലും പാടശേഖരങ്ങളിലും കവട, വരി എന്നിവയുടെ ഉപദ്രവം മുറംകീറിയെപ്പോലെ ഉണ്ടാക്കുന്നില്ല. ചിലയിടങ്ങളിൽ നെൽച്ചെടികളുടെ കുറേഭാഗത്ത് ചുറ്റുവട്ടത്തിൽ എരിച്ചിൽ ബാധിച്ചിട്ടുണ്ട്. ഇക്കുറി ഓരുവെള്ളത്തിെൻറ ഭീഷണി ഒഴിവായപ്പോൾ ജലക്ഷാമവും കളകളുടെ ഉപദ്രവവും കർഷകർക്ക് വിനയായി മാറി. വായ്പയും പണയവും കിട്ടാവുന്നിടത്തുനിന്നെല്ലാം പണം കടംവാങ്ങിയും മറ്റുമാണ് ഓരോ ദിവസവും മുന്നോട്ട് തള്ളിനീക്കുന്നത്. മുൻകാലങ്ങളിലൊന്നും ഇതുപോലെ അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് കൃഷിക്കാർ പറയുന്നു.
Next Story