Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:32 AM IST Updated On
date_range 27 Jun 2018 11:32 AM ISTചാകരക്കോള് കാത്ത് മത്സ്യത്തൊഴിലാളികൾ
text_fieldsbookmark_border
ആലപ്പുഴ: ജൂൺമാസം തീരാറായിട്ടും ചാകര പ്രത്യക്ഷപ്പെടാത്തതിൽ മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക. ഇപ്പോൾ കിട്ടുന്ന നത്തോലി മുതൽ ചൂരവരെയുള്ള മത്സ്യങ്ങൾക്ക് വിപണിയിൽ തീവിലയാണ്.പാവപ്പെട്ടവരുടെ മത്സ്യമായ മത്തിക്ക് വിപണിയിൽ കിലോക്ക് 250 രൂപവരെയെത്തി വില. നല്ല മത്സ്യം ഇനിയും കിട്ടാതെ വന്നാൽ വില ഇനിയും ഉയരാനാണ് സാധ്യത. ചാകര വരുമെന്ന പ്രതീക്ഷയിലാണ് തീരപ്രദേശങ്ങൾ. വഞ്ചികൾ തീരത്ത് തന്നെ നങ്കൂരമിട്ട് കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. ജില്ലയിലെ പ്രധാനപ്പെട്ട തുറകളിലും ഇതാണ് കാണാൻ കഴിയുന്നത്. അതിനിടെയാണ് അന്യസംസ്ഥാനങ്ങളിൽനിന്നും രാസപദാർഥങ്ങൾ മുക്കിയ മത്സ്യങ്ങൾ എത്തുന്നത്. ഇത്തരം മത്സ്യങ്ങളുടെ വ്യാപനം കൂടിയത് നിലവിലുള്ള വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് വിൽപന തൊഴിലാളികൾ പറയുന്നത്. ഭീതിമൂലം മത്സ്യങ്ങൾ വാങ്ങാൻ ആളില്ലാത്തതാണ് പ്രധാന പ്രശ്നം. േനരിട്ട് കടപ്പുറത്തുനിന്നും എടുക്കുന്ന മത്സ്യങ്ങൾ ആരോഗ്യ പ്രശ്നം ഉണ്ടാക്കില്ലെന്ന് പറഞ്ഞിട്ടും വാങ്ങാൻ പലരും മടിക്കുകയാണ്. സർക്കാർ ഇതിനൊരു പോംവഴി കണ്ടെത്തണമെന്നാണ് മത്സ്യ വിപണന തൊഴിലാളികൾ പറയുന്നത്. സാധാരണ ജൂൺമുതൽ ചാകരക്കാലമാണ്. മൺസൂൺ കാലവർഷത്തിൽ ഇളകിമറിയുന്ന കടലിെൻറ അടിത്തട്ടിൽനിന്ന് തീരത്തെത്തുന്ന ചെളിയും മണലും രൂപപ്പെട്ട് ഉണ്ടാകുന്ന ശാന്തമായ ജലപ്രദേശമാണ് ഇക്കാലത്ത് മത്സ്യങ്ങൾക്ക് ഏറെ പ്രിയം. ഇവിടെ വള്ളം ഇറക്കിയാൽ വലനിറയെ മത്സ്യവുമായി കയറാമെന്ന പ്രതീക്ഷയാണ് തൊഴിലാളികൾക്ക്. ജില്ലയിൽ തൃക്കുന്നപ്പുഴ, പുറക്കാട്, പുന്നപ്ര, അമ്പലപ്പുഴ, വാടയ്ക്കൽ, ചെത്തി, ഓമനപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണ ചാകര കണ്ട് വരാറുള്ളത്. എന്നാൽ, ജൂൺ കഴിയാറായിട്ടും ചാകര എത്തിയില്ലെന്ന് മാത്രമല്ല ഭീമമായ സാമ്പത്തിക പ്രതിസന്ധി തൊഴിലാളികൾക്ക് വരുത്തുന്ന തരത്തിലുള്ള മത്സ്യക്ഷാമമാണ് നിലനിൽക്കുന്നത്. ചാകരക്കാലത്ത് മത്സ്യത്തിന് തീ വിലയും മായം ചേർത്ത മത്സ്യവും മുൻകാലങ്ങളിലുണ്ടാകാത്ത സംഭവമാണെന്ന് തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story