Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:32 AM IST Updated On
date_range 20 Jun 2018 10:32 AM ISTകോർപറേഷെൻറ സ്ഥലത്തെ മരംമുറി: അഞ്ചുപേർ അറസ്റ്റിൽ
text_fieldsbookmark_border
കൊച്ചി: എം.ജി റോഡിൽ സെൻറർ സ്ക്വയർ മാളിന് എതിർവശത്തെ കോർപറേഷൻ വക സ്ഥലത്തുനിന്ന് അർധരാത്രി മരം മുറിച്ച സംഭവത്തിൽ അഞ്ചുപേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം സഹീർ നഗറിൽ ദാറുസ്സലാം വീട്ടിൽ മുജീബ് (32), മട്ടാഞ്ചേരി പുതിയ റോഡ് കൊട്ടാരംപറമ്പിൽ വീട്ടിൽ ഷക്കീർ (49), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മരോട്ടിക്കപ്പറമ്പ് വീട്ടിൽ ഷഫീഖ് (49), പള്ളുരുത്തി എം.എൽ.എ റോഡിൽ ചെറുപിള്ളി തണ്ണാംതുറ വീട്ടിൽ യൂനുസ് (50), മട്ടാഞ്ചേരി പുതിയറോഡ് ഹൗസ് നമ്പർ 4/68ൽ റഫീഖ് (44) എന്നിവരെയാണ് സി.െഎ അനന്തലാലിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ യഥാക്രമം ഒന്നുമുതൽ അഞ്ചുവരെ പ്രതികളാണ്. കോർപറേഷെൻറ സ്ഥലത്ത് നിന്ന രണ്ടുമരം നഗരസഭ അധികൃതർ അറിയാതെ ശനിയാഴ്ച അർധരാത്രിയാണ് മുറിച്ചുമാറ്റിയത്. രാത്രി 12ഒാടെ എത്തിയ പതിനഞ്ചോളം പേർ തടയാൻ ശ്രമിച്ച വഴിയോര കച്ചവടക്കാരടക്കമുള്ളവരെ ഭീഷണിപ്പെടുത്തി ഇവിടെ നിന്ന അത്തിയും മാവും മുറിക്കുകയായിരുന്നു. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് കേെസടുത്ത് അന്വേഷണം നടത്തിയത്. അറസ്റ്റിലായവരിൽ പേ ആൻഡ് പാർക്ക് നടത്തിപ്പുകാരും ഉൾപ്പെടുന്നു. വളപ്പിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റി ആ ഭാഗത്ത് സ്വന്തം നിലക്ക് അനധികൃത കടകൾ സ്ഥാപിക്കാനാണ് പേ ആൻഡ് പാർക്ക് നടത്തിപ്പുകാരായ നാലും അഞ്ചും പ്രതികൾ ശ്രമിച്ചതെന്നാണ് പൊലീസിെൻറ അന്വേഷണത്തിൽ വ്യക്തമായത്. മരങ്ങൾ വെട്ടിമാറ്റാൻ ഒന്നുമുതൽ മൂന്നുവരെ പ്രതികൾ ഇവരെ സഹായിച്ചു. പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എം.ജി റോഡിന് സമീപം 22 സെൻറ് സ്ഥലമാണ് നഗരസഭക്കുള്ളത്. ഇവിടെ കച്ചവടം നടത്തിവന്ന തട്ടുകടക്കാരെ നഗരസഭ കൗൺസിലിെൻറ തീരുമാനപ്രകാരം അടുത്തിടെ ഒഴിപ്പിച്ചിരുന്നു. സ്ഥലം പാർക്കിങ് ഗ്രൗണ്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. ഇതിനിടെയാണ് നഗരസഭ അധികൃതരുടെയും പൊലീസിെൻറയും കണ്ണുവെട്ടിച്ച് മരങ്ങൾ മുറിച്ചത്. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, ഡി.സി.പി ഹിമേന്ദ്രനാഥ് എന്നിവരുടെ നിർദേശാനുസരണം എ.സി.പി കെ. ലാൽജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story