Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2018 11:23 AM IST Updated On
date_range 15 Jun 2018 11:23 AM ISTറാണി-ചിത്തിര കായലുകൾ കലക്ടർ സന്ദർശിച്ചു
text_fieldsbookmark_border
ആലപ്പുഴ: പതിറ്റാണ്ടുകളായി കൃഷിചെയ്യാതെ കിടന്നശേഷം സർക്കാർ മുൻകൈയെടുത്ത് കൃഷിയോഗ്യമാക്കിയ റാണി-ചിത്തിര പാടശേഖരങ്ങൾ കലക്ടർ എസ്. സുഹാസിെൻറ നേതൃത്വത്തിലെ ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു. കൊയ്ത്തിന് ശേഷമുള്ള ഇപ്പോഴത്തെ അവസ്ഥ വിലയിരുത്താനും മടവീഴ്ച സാധ്യതയുള്ള ഭാഗങ്ങൾ പരിശോധിക്കുകയുമായിരുന്നു ലക്ഷ്യം. റാണി കായലിെൻറ പുറംബണ്ട് പലഭാഗത്തും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കലക്ടർ പറഞ്ഞു. ഇതിന് കൃഷിവകുപ്പ് വഴി വിശദ റിപ്പോർട്ട് സമർപ്പിക്കും. കൃഷി പുനരാരംഭിച്ചശേഷം ചിത്തിരയിൽ അഞ്ചാം കൃഷി ജൂലൈയിൽ ആരംഭിക്കേണ്ടതുണ്ട്. റാണിയിൽ മൂന്നാം കൃഷിയാണ് നടക്കേണ്ടത്. റാണി-ചിത്തിര കായലുകളുടെ പുറംബണ്ട് ശക്തിപ്പെടുത്തുകയാണ് പ്രധാന ആവശ്യമായി പാടശേഖരസമിതികൾ മുന്നോട്ടുവെക്കുന്നത്. കൂടാതെ, റീസർവേ നടത്തുക, എല്ലാ വർഷവും റാണി-ചിത്തരക്ക് ബജറ്റിൽ തുക വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങളും പാടശേഖരസമിതി ഉന്നയിക്കുന്നുണ്ട്. ശക്തമായ മഴമൂലം പലയിടത്തും വെള്ളം കയറിയ നിലയിലാണ്. അതുകൊണ്ടുതന്നെ കൃഷിയിറക്കുന്നതിന് മുന്നോടിയായി വെള്ളം വറ്റിക്കൽ ഉടൻ സാധ്യമല്ലാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞ തവണ റാണിയിൽ 188.8 ഹെക്ടർ കൃഷി ചെയ്തു. ചിത്തിരയിൽ 178 ഹെക്ടറുമാണ് കൃഷി ചെയ്തത്. അടുത്ത കൃഷിക്കുള്ള ഒരുക്കം നടത്തിവരുകയാണ് കൃഷിവകുപ്പ്. റാണി-ചിത്തിരയിൽ കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ 13ാം ധനകാര്യ കമീഷനിൽ ഉൾപ്പെടുത്തി 3.69 കോടി അനുവദിച്ചിരുന്നു. ഇതിൽ 1.60 കോടി ചെലവഴിച്ചു. 90 ലക്ഷം മുടക്കിയാണ് ഇരുകായലിലേക്കും വൈദ്യുതി എത്തിച്ചത്. പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ ബീന നടേശ്, റാണി-ചിത്തിര കായൽ കർഷകൻ ജോസ് ജോൺ വെങ്ങാന്തറ, പാടശേഖരസമിതി ഭാരവാഹികളായ വി. മോഹൻദാസ്, ജെ. മണി, എ. ശിവരാജൻ, എ.ഡി. കുഞ്ഞച്ചൻ, വാർഡ് മെംബർ സുശീലബാബു എന്നിവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു. അക്കൗണ്ടൻറ് തസ്തികയിലേക്ക് അപേക്ഷിക്കാം ആലപ്പുഴ: ജില്ല നിർമിതികേന്ദ്രത്തിൽ അക്കൗണ്ടൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ഡിഗ്രിയും കമ്പ്യൂട്ടർ ടാലി/ജി.എസ്.ടിയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ള 35 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദ ബയോഡാറ്റ സഹിതം 23ന് മുമ്പ് എക്‌സിക്യൂട്ടിവ് സെക്രട്ടറി, ജില്ല നിർമിതികേന്ദ്രം, ബസാർ പി.ഒ, ആലപ്പുഴ വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 9447171241. ശിശുസംരക്ഷണ സമിതിയോഗം ആലപ്പുഴ: ജില്ലയിലെ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ മനസ്സിലാക്കി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി രൂപവത്കരിച്ച ജില്ല ശിശുസംരക്ഷണ സമിതിയുടെ യോഗം 29ന് വൈകീട്ട് നാലിന് ജില്ല പഞ്ചായത്ത് ഹാളിൽ ചേരും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story