Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2018 11:23 AM IST Updated On
date_range 15 Jun 2018 11:23 AM ISTആരോഗ്യകേരളം പുരസ്‌കാര നിറവിൽ കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്
text_fieldsbookmark_border
മുതുകുളം: ആരോഗ്യകേരളം പുരസ്‌കാര നിർണയത്തിൽ ജില്ലയിലെ മൂന്നാം സ്ഥാനമെന്ന നേട്ടവുമായി പുരസ്‌കാര നിറവിലാണ് കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്. രണ്ടുലക്ഷം രൂപയാണ് സമ്മാനത്തുക. 2017-18 കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അതത് ആരോഗ്യമേഖലയിൽ കൈവരിച്ച പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാര നിർണയം നടത്തിയത്. ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി തുടങ്ങി വിവിധ ചികിത്സമാർഗങ്ങൾ പഞ്ചായത്തിലുടനീളം നടപ്പാക്കിയതാണ് പഞ്ചായത്തിനെ ഈ നേട്ടത്തിലെത്തിച്ചത്. സർക്കാറിെൻറ വിവിധ ആരോഗ്യക്ഷേമ പദ്ധതികളും ഫലപ്രദമായി വിനിയോഗിക്കാനായി. പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ മെറ്റീരിയൽ കലക്ഷൻ കേന്ദ്രത്തിെൻറ നിർമാണം പുരോഗമിച്ചുവരുന്നു. ജീവിതശൈലീരോഗ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനൊപ്പം നിത്യരോഗികളായവർക്ക് മരുന്നുകൾ വിതരണം ചെയ്യുക, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കൻപോക്‌സ് തുടങ്ങിയവ പടർന്നുപിടിക്കാതിരിക്കാൻ വേണ്ട പ്രതിരോധ പ്രവർത്തനങ്ങളും പഞ്ചായത്തിൽ ഊർജിതമാക്കിയതാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവ മുൻനിർത്തി കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ ഹരിതസേന പദ്ധതികൾക്ക് വികസനഫണ്ട്, കേന്ദ്രാവിഷ്കൃത ഫണ്ട് എന്നിവയിൽനിന്ന് അഞ്ചുലക്ഷം രൂപയാണ് കഴിഞ്ഞവർഷം വകയിരുത്തിയത്. എല്ലാ ശനിയാഴ്ചയും പഞ്ചായത്തുപരിധിയിൽ ആരോഗ്യ ശുചിത്വദിനമായി ആചരിക്കുന്നുണ്ടെന്ന് പ്രസിഡൻറ് എ.വി. രഞ്ജിത്ത്, വൈസ് പ്രസിഡൻറ് എ. ശോഭ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story