Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2018 11:20 AM IST Updated On
date_range 15 Jun 2018 11:20 AM ISTകുട്ടനാടും അപ്പർ കുട്ടനാടും വെള്ളത്തിൽ
text_fieldsbookmark_border
കുട്ടനാട്/ഹരിപ്പാട്: കാലവര്‍ഷക്കെടുതിയില്‍ കുട്ടനാടും അപ്പർ കുട്ടനാടും വെള്ളത്തിലായി. കുട്ടനാട്ടിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മലവെള്ളത്തിെൻറ വരവില്‍ എ.സി കനാല്‍ കരകവിഞ്ഞ് റോഡിൽ വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങള്‍ എ.സി റോഡിലൂടെയുള്ള യാത്ര ഒഴിവാക്കി. റോഡിെൻറ പല ഭാഗവും തകര്‍ന്നുകിടക്കുന്നതിനാല്‍ വെള്ളത്തിലൂടെയുള്ള യാത്ര അപകടത്തിന് കാരണമാകുന്നു. നിലവില്‍ റോഡും കനാലും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ജാഗ്രത പുലർത്തിയില്ലെങ്കിൽ വലിയ അപകടത്തിന് സാധ്യതയേറെയാണ്. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി യാത്ര ദുഷ്‌കരമായി. പള്ളിക്കൂട്ടുമ്മ, കിടങ്ങറ, മങ്കൊമ്പ്, പൂപ്പള്ളി ഭാഗങ്ങളിലാണ് വെള്ളം കൂടുതല്‍ കയറിയിരിക്കുന്നത്. പലഭാഗത്തും പാടശേഖരം ബണ്ട് സംരക്ഷിച്ചതിനാല്‍ വെള്ളക്കെട്ടിന് ശമനമുണ്ട്. മങ്കൊമ്പ് മുതല്‍ കിടങ്ങറ വരെയുള്ള ഭാഗത്തെ കടകളും വെള്ളത്തിലാണ്. ചമ്പക്കുളം ബസ് സ്റ്റാൻഡ്, പുളിങ്കുന്ന് കടത്ത്, കാവാലം, രാമങ്കരി പൊലീസ് സ്‌റ്റേഷന്‍ ഭാഗങ്ങളാണ് പൂര്‍ണമായി വെള്ളത്തിലായത്. കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. പതിവുപോലെ ഈ വര്‍ഷവും പുളിങ്കുന്ന് സബ് രജിസ്ട്രാര്‍ ഓഫിസ് വെള്ളത്തിലായി. ഇതോടെ ഓഫിസിെൻറ പ്രവര്‍ത്തനവും അവതാളത്തിലായി. എല്ലാവര്‍ഷവും കാലവര്‍ഷത്തില്‍ വെള്ളം കയറുമെങ്കിലും ഇത്തവണ ജലനിരപ്പ് കൂടുതല്‍ ഉയര്‍ന്നതോടെയാണ് ഓഫിസിനുള്ളിലും വെള്ളം കയറിയത്. ഇതോടെ ഭൂമി ഇടപാടുകള്‍ക്കും മറ്റ് രജിസ്‌ട്രേഷനുകള്‍ക്കും എത്തുന്നവര്‍ ബുദ്ധിമുട്ടിലായി. കാലവര്‍ഷത്തിലും പാടശേഖരങ്ങളില്‍ വെള്ളം കയറ്റുമ്പോളും സബ് രജിസ്ട്രാര്‍ ഓഫിസ് വെള്ളക്കെട്ടിലാകാറുണ്ടെങ്കിലും ഓഫിസിനകത്തും വെള്ളം കയറിയതാണ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ ദുരിതത്തിലാക്കിയത്. ആധാരം അടക്കമുള്ള രേഖകള്‍ വെള്ളത്തിലാകാതിരിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തിയതോടെ ഓഫിസിെൻറ ദൈനംദിന പ്രവര്‍ത്തനങ്ങളും നടക്കാതായി. മുന്‍കാലങ്ങളില്‍ ഓഫിസിെൻറ അവസ്ഥ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. പുതിയ കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചിട്ടില്ല. വകുപ്പുമന്ത്രിയുടെ സ്വന്തം നാട്ടിലാണ് വര്‍ഷാവര്‍ഷം വെള്ളം കയറി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്ന ഓഫിസ് പ്രവർത്തിക്കുന്നത്. വെള്ളപ്പൊക്കദുരിതം നേരിടുന്ന അപ്പർകുട്ടനാട്ടിൽ 22 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വീയപുരത്ത് 14ഉം ചെറുതനയിൽ അഞ്ചും ക്യാമ്പാണ് ഇപ്പോൾ ഉള്ളത്. ആയിരത്തിൽപരം ആളുകളും വിവിധ ക്യാമ്പുകളിൽ എത്തിയിട്ടുണ്ട്. ചെറുതനയിൽ 274 കുടുംബവും 1150 ആളുകളുമാണ് ക്യാമ്പിലുള്ളത്. വീയപുരത്ത് 14 ക്യാമ്പിൽ 1450 കുടുംബവും 5570 ആളുകളുമാണുള്ളത് എത്തിയിട്ടുള്ളത്. വിലപിടിപ്പുള്ള വസ്തുക്കൾ പലതും വീടുകളിലുള്ളതിനാൽ അവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പലരും ക്യാമ്പിൽ വരാൻ മടിക്കുന്നതായി അധികൃതർ പറഞ്ഞു. ഇവരുടെ സംരക്ഷണം അധികൃതർക്ക് തലവേദനയാണ്. അച്ചൻകോവിലാറ്റിലും പമ്പയിലും കിഴക്കൻ വെള്ളത്തിെൻറ വരവിൽ മാറ്റമില്ല. എങ്കിലും സ്പിൽവേയിൽകൂടി കടലിലേക്കുള്ള വെള്ളത്തിെൻറ ഒഴുക്ക് വർധിച്ചിട്ടുണ്ട്. രണ്ടുദിവസം കൊണ്ട് ജലനിരപ്പ് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരുവാറ്റയിലും പള്ളിപ്പാട് നാലുകെട്ടും കവലയിലും നാട്ടുകാർ ആവശ്യപ്പെട്ടാൽ ഉടൻ ക്യാമ്പ് തുറക്കാൻ സന്നദ്ധമാണെന്ന് അധികൃതർ പറഞ്ഞു. വീയപുരം കട്ടക്കുഴി പാടത്ത് മട പൊട്ടി രണ്ടാംകൃഷിക്ക് നാശമുണ്ടായതായി കർഷകർ പറയുന്നു. ക്ഷീരകർഷകരും വളരെ കഷ്ടത്തിലാണ്. കന്നുകാലികളെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാൻ പറ്റാത്തതാണ് പ്രശ്നം. പൊക്കമുള്ള റോഡിെൻറ വശങ്ങളിൽ കാലികളെ കെട്ടി ചില കർഷകർ അവയെ സംരക്ഷിക്കുന്നുണ്ട്. ക്യാമ്പുകളിൽ എല്ലാ അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ടെന്ന് തഹസിൽദാർ എസ്. വിജയനും ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്. ശരത് കുമാറും പറഞ്ഞു. വെള്ളിയാഴ്ച താലൂക്ക് ഒാഫിസും വില്ലേജ് ഒാഫിസുകളും പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story