Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 11:26 AM IST Updated On
date_range 12 Jun 2018 11:26 AM ISTആലപ്പുഴ റമദാൻ സപ്ലിമെൻറ്
text_fieldsbookmark_border
സഹനത്തിെൻറ നാളുകളുടെ കരുത്തിൽ ത്വാഹ മുസ്ലിയാർ വിശപ്പ് വല്ലാതെ കത്തിക്കാളിയ ബാല്യത്തിലെ ഒരു റമദാൻ പകലിൽ അടുക്കളയിൽ തൂക്കിയ ചിക്കുപായയിൽ ഉമ്മ ഒളിപ്പിച്ചിരുന്ന അവൽ വാരിത്തിന്നത് സൃഷ്ടിച്ച പുകിലുകളാണ് സമസ്ത മുശാവറ അംഗം കൂടിയായ എ. ത്വാഹ മുസ്ലിയാരുടെ ഒാർമകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്നത്. അതിന് കിട്ടിയ ശിക്ഷയിൽ നിന്നാണ് പിന്നീടുള്ള ജീവിതത്തിൽ റമദാനിെൻറ മഹത്വം തീവ്രമായി ഉൾക്കൊണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. വൈരുധ്യമുള്ള ആശയങ്ങളെ സമന്വയിപ്പിച്ച കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ത്വാഹ മുസ്ലിയാരുടെ വളർച്ചയെന്നതും ശ്രദ്ധേയമാണ്. ഒാരോ റമദാൻ പടിവാതിലുകളിലെത്തുേമ്പാഴും ഉമ്മയെക്കുറിച്ചുള്ള ഒാർമകൾക്കൊപ്പം ഇൗ അനുഭവവും കടന്നുവരും. ബാല്യത്തിലെ ഒാരോ നോമ്പുകാലവും നോമ്പുതുറയുമൊക്കെ ദാരിദ്ര്യത്തോട് പടവെട്ടിയ ഒരു കാലത്തിെൻറ ഒാർമപ്പെടുത്തൽ കൂടിയാണ്. പുതുപ്പള്ളി ഗ്രാമത്തിൽ കമ്യൂണിസം വളർത്തുന്നതിലും ഇസ്ലാമിക അടിത്തറയിൽ കുട്ടികളെ വാർത്തെടുക്കുന്നതിലും കളത്തൂർ വടക്കതിൽ കുടുംബത്തിന് മുഖ്യസ്ഥാനമുണ്ട്. ഇവിടുത്തെ അബ്ദുക്കുഞ്ഞിെൻറയും ഖദീജാബീവിയുടെയും രണ്ടാമത്തെ മകനാണ് ത്വാഹ. പി. കേശവദേവിെൻറ ഭ്രാന്താലയം നോവലിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് അബ്ദുക്കുഞ്ഞ്. കേശവദേവിെൻറ പ്രവർത്തനത്തിലൂടെ കമ്യൂണിസ്റ്റുകാരനായ പത്രവായനക്കാരൻ. ദീനീവിദ്യാഭ്യാസ സൗകര്യമില്ലാത്ത നാട്ടിൽ വീട്ടിൽ ഒാത്തുപള്ളിക്കൂടം നടത്തിയ ദീനീപണ്ഡിതയായിരുന്നു ഖദീജാബീവി. പിതാവിെൻറ കമ്യൂണിസ്റ്റ് ചിന്ത ഉള്ളിലുണ്ടായിരുന്നുവെങ്കിലും മാതാവ് വെട്ടിത്തെളിച്ച വഴിയിലൂടെ സഞ്ചരിച്ചതാണ് ത്വാഹ മുസ്ലിയാരെ ദീനീസംഘടനയുടെ കൂടിയാലോചന സമിതിയിൽ എത്തിച്ചത്. സാമൂഹിക അസമത്വങ്ങൾ കൊടികുത്തിവാഴുന്ന കാലത്താണ് വിപ്ലവകാരിയായ പുതുപ്പള്ളി രാഘവെൻറ നാട്ടിൽ കമ്യൂണിസം വളർത്താനായി കേശവദേവിെൻറ വരവ്. ചന്തയിലെ ചായക്കടയിൽ െവച്ചാണ് അബ്ദുക്കുഞ്ഞുമായി അടുപ്പം തുടങ്ങുന്നത്. കടയിലെ ഉറക്കെയുള്ള പത്രവായനക്കാരൻ അബ്ദു അങ്ങനെയാണ് ഭ്രാന്താലയത്തിലെ മുഖ്യകഥാപാത്രമായി മാറുന്നത്. അസമത്വങ്ങൾക്കെതിരെയുള്ള ദേവിെൻറ വർത്തമാനങ്ങളിൽ ആകൃഷ്ടനായി വിശ്വാസിയായ അബ്ദുക്കുഞ്ഞും കമ്യൂണിസ്റ്റായി. 'അബ്ദുവിെൻറ പത്രവായന നാട്ടിലെങ്ങും പ്രസിദ്ധമായിത്തീർന്നു'. ദേവിെൻറ ഭ്രാന്താലയം നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്. ചരിത്രത്തിൽ ഇടംപിടിച്ച സാഹിത്യ സൃഷ്ടിയിലെ കഥാപാത്രമായ അബ്ദുക്കുഞ്ഞിെൻറ മകൻ എന്ന അഭിമാനവും പേറിയാണ് ത്വാഹ മുസ്ലിയാരുടെ ജീവിത യാത്രകളും. കായംകുളത്തെ പുതുപ്പള്ളി ഗ്രാമത്തിൽ അന്ന് അധികം മുസ്ലിം വീടുകളില്ല. കഷ്ടിച്ച് 20ഒാളം കുടുംബങ്ങൾ. കളത്തൂർ വടക്കതിൽ വീട്ടിലെ ഒാത്തുപള്ളിക്കൂടമായിരുന്നു ദീൻ പഠിക്കാനുള്ള നാട്ടുകാരുടെ ആദ്യ ആശ്രയം. ഖദീജാബീവിയുടെ ശിക്ഷണത്തിലാണ് ത്വാഹ മുസ്ലിയാർ അടക്കമുള്ള കുട്ടികൾ വളർന്നത്. അബ്ദുക്കുഞ്ഞ് കായംകുളം കേമ്പാളത്തിലെ കരുപ്പട്ടി കടയിലെ ജീവനക്കാരനായിരുന്നു. ഇവിടുത്തെ വരുമാനത്തിൽ ത്വാഹ മുസ്ലിയാരും സഹോദരങ്ങളും അടക്കമുള്ള എട്ടംഗ കുടുംബം കഷ്ടിച്ചാണ് കഴിഞ്ഞിരുന്നത്. മൂത്തമകൻ സൈദ് അധ്യാപകാനാകാൻ ആഗ്രഹിച്ചപ്പോൾ കൗമാരക്കാരനായ ത്വാഹക്ക് ഇഷ്ടം ദീനീപഠനമായിരുന്നു. കായംകുളം ഗവ. സ്കൂളിൽ ഒമ്പതാംക്ലാസിലെ പഠനം ഉപേക്ഷിച്ചാണ് പ്രമുഖ ദീനീ കലാലയമായ കായംകുളം ഹസനിയ അറബിക് കോളജിൽ ചേർന്നത്. റമദാൻ അല്ലാത്ത സമയത്തും നോമ്പുകാരെ പോലെ ജീവിച്ചവരുടെ കാലമാണത്. പലപ്പോഴും വിശപ്പ് സഹിച്ചാണ് നാല് കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് നടന്നിരുന്നത്. അക്കാലത്ത് നോമ്പ് തുറന്നാലും വയർ നിറച്ച് കഴിക്കാൻ കിട്ടുന്നത് വല്ലപ്പോഴും മാത്രം. ഇല്ലാത്തവന് ഒന്നുമില്ല. ഇതാണ് വാപ്പയെ കമ്യൂണിസ്റ്റുകാരനാക്കിയത്. വിശ്വാസിയായിരുന്ന കമ്യൂണിസ്റ്റുകാരനായിരുന്നതിനാലാണ് കായംകുളം എച്ച്.എച്ച്.വൈ.എസ് പള്ളിയിൽ ഒരു വർഷം മുഅദ്ദിനാകാൻ വാപ്പക്ക് കഴിഞ്ഞത്. കായംകുളം ഹസനിയ അറബി കോളജിലെ ഒമ്പത് വർഷത്തെ ദീനിപഠനത്തിന് ശേഷമാണ് വെല്ലൂർ ബാഖിയാത്തിൽനിന്ന് ബാഖവി ബിരുദം നേടിയത്. ഹസനിയ പഠനകാലത്തെ റമദാനുകളും സമ്പന്നമായിരുന്നില്ല. 25ാമത്തെ വയസ്സിലാണ് കായംകുളം ഷഹീദാർ പള്ളിയിൽ ഇമാമായി ചുമതലയേൽക്കുന്നത്. 10 വർഷം ഇവിടെ സേവനമനുഷ്ഠിച്ചു. ഇമാമായ കാലത്താണ് വിഭവസമൃദ്ധമായ നോമ്പുതുറതന്നെ കാണുന്നത്. പിന്നീട് നാല് വർഷം കായംകുളം മുസ്ലിം ജമാഅത്തിലും തുടർന്ന് വീണ്ടും നാല് വർഷം ഷഹീദാർ പള്ളിയിലും ഇമാമായി സേവനമനുഷ്ടിച്ചു. അന്ന് ദറസ് വിദ്യാർഥികളുടെ ജീവിത സാഹചര്യങ്ങളും വളരെ കഷ്ടമായിരുന്നു. തെൻറ പഠനകാലത്തെ അനുഭവ പാഠങ്ങൾ ഉൾക്കൊണ്ടാണ് കൊറ്റുകുളങ്ങരയിൽ മജ്ലിസ് സ്ഥാപനത്തിന് നേതൃപരമായ പങ്കുവഹിക്കുന്നത്. അനാഥരടക്കം നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇന്നത്തെ ദർസ് കാലത്തെ വിദ്യാർഥികൾ കഷ്ടപ്പാടില്ലാതെ വളരാൻ കാരണവും ഒരുകാലത്ത് കഷ്ടനഷ്ടങ്ങൾ സഹിച്ച ഒരുപറ്റം പണ്ഡിതരുടെ ദീർഘവീക്ഷണമാണെന്നാണ് ത്വാഹ മുസ്ലിയാരുടെ അഭിപ്രായം. തെക്കൻ കേരളത്തിൽ നിന്നുള്ള സമസ്തയുടെ മൂന്ന് മുശാവറ അംഗങ്ങളിൽ ഒരാളാണ് ത്വാഹ മുസ്ലിയാർ. സമസ്തയിൽ പിളർപ്പുണ്ടായപ്പോൾ കാന്തപുരം വിഭാഗത്തിന് വേണ്ടി വിദ്യാഭ്യാസ ബോർഡിനെതിരെ കോടതിയിൽ കേസ് നടത്തിയത് ത്വാഹ മുസ്ലിയാർ ആയിരുന്നു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡൻറ് പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ഭാര്യ സൗദബീവിയുടെയും മക്കളായ ഷിഹാബ്, സിയാദ്, അനസ്, ഉനൈസ്, നൗഫൽ, സുഹൈൽ എന്നിവരുടെയും പിന്തുണ പ്രവർത്തകവഴിയിൽ ത്വാഹ മുസ്ലിയാർക്ക് കരുത്ത് പകരുന്നു. -വാഹിദ് കറ്റാനം ചിത്രവിവരണം എ.പി 100 -ത്വാഹ മുസ്ലിയാർ എ.പി 101, 102 -കൊറ്റുകുളങ്ങര മജ്ലിസിൽ കുട്ടികളോടൊപ്പം ത്വാഹ മുസ്ലിയാർ (ചിത്രങ്ങൾ നുജൂം ലാൻസ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story