Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 11:20 AM IST Updated On
date_range 12 Jun 2018 11:20 AM ISTമഴ ദുരിതം ഒഴിയാതെ ജില്ല
text_fieldsbookmark_border
ആലപ്പുഴ: മഴ മൂലം ഉണ്ടാകുന്ന നാശനഷ്ടം ജില്ലയിൽ വർധിച്ചുവരുന്നു. ഇതുവരെ ലഭിച്ച കണക്ക് പ്രകാരം 70.65 ലക്ഷത്തിെൻറ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. കെ.എസ്.ഇ.ബി, കൃഷി, പൊതുമരാമത്ത്, റവന്യൂ എന്നിവക്കാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. നാശനഷ്ട കണക്ക് പ്രകാരം അമ്പലപ്പുഴ താലൂക്കാണ് മുന്നിൽ. ഇവിടെ നാല് വീടുകൾ പൂർണമായും 35 വീടുകൾ ഭാഗികമായും തകർന്നു. കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ 13 വീടുകൾക്ക് ഭാഗികമായി നാശം സംഭവിച്ചു. വീടുകൾ തകർന്ന വകയിൽ 32.65 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. മരം വീണ് കെ.എസ്.ഇ.ബി ലൈനുകൾ തകർന്ന് ആലപ്പുഴ സർക്കിളിൽ മാത്രം 38 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉദയവർമ പറഞ്ഞു. മറ്റ് സർക്കിളുകളിലെ നാശനഷ്ടത്തിെൻറ കണക്ക് എടുത്തുവരുന്നതേയുള്ളു. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നു. ഫയർഫോഴ്സ് എത്തി വെള്ളം വറ്റിക്കാൻ നടപടി ആരംഭിച്ചു. മോട്ടോറിെൻറ കുറവ് ഇവരുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ജലാശയങ്ങൾ നിറഞ്ഞുകിടക്കുന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനോടകം തുടരെ മൂന്ന് മുങ്ങിമരണം ജില്ലയിൽ ഉണ്ടായി. ചേർത്തല, മാവേലിക്കര, ചെങ്ങന്നൂർ, ഹരിപ്പാട് താലൂക്കുകളിലാണ് കൃഷിനാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശക്തമായ കാറ്റിൽ 100ഓളം കുലച്ച വാഴകൾ, 150 തെങ്ങിൻ തൈകൾ, വിവിധ ഇനം പച്ചക്കറി കൃഷികൾ എന്നിവ നശിച്ചിട്ടുണ്ട്. ഇതിെൻറ കണക്കുകൾ കൃഷിവകുപ്പ് ശേഖരിച്ച് വരികയാണ്. പല കൃഷി ഇടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. റോഡുകൾ വെള്ളക്കെട്ടിലായതോടെ പലതും തകരാറായ സ്ഥിതിയിലാണ്. വരും ദിവസങ്ങളിലും മഴ ശക്തമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കടലാക്രമണ പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ചു; ക്യാമ്പ് കാലാവധി ദീർഘിപ്പിക്കാൻ ശിപാർശ ചെയ്യും ആലപ്പുഴ: അമ്പലപ്പുഴയിലെ കടലാക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങൾ കലക്ടർ എസ്. സുഹാസ് സന്ദർശിച്ചു. കടൽഭിത്തി തകർന്ന സ്ഥലങ്ങളും അപകടാവസ്ഥയിലായ വീടുകളും പരിശോധിച്ചു. കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് വീട് കടലെടുക്കുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്ത 22 കുടുംബങ്ങൾ താമസിക്കുന്ന മെഡിക്കൽ കോളജിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ കലക്ടർ അവിടെയുണ്ടായിരുന്ന സ്ത്രീകളോടും കുട്ടികളോടും പ്രയാസങ്ങൾ ചോദിച്ചറിഞ്ഞു. 85 അംഗങ്ങളാണ് ക്യാമ്പിൽ ഉള്ളത്. മറ്റൊരു താമസ സൗകര്യം ആകുന്നതുവരെ നിലവിലെ ക്യാമ്പ് തുടരുന്നതിന് സർക്കാറിനോട് ആവശ്യപ്പെടുമെന്ന് കലക്ടർ അന്തേവാസികൾക്ക് ഉറപ്പ് നൽകി. ഭക്ഷണം, പൊലീസ് സംരക്ഷണം, റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്നിവ ക്യാമ്പിൽ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശം നൽകി. ക്യാമ്പിലുള്ളവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാൻ ഡി.എം.ഒക്ക് നിർദേശം നൽകി. കടലോരത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. വളഞ്ഞവഴിയിലെ കടൽത്തീരം, കടലാക്രമണത്തിൽ നശിച്ച വീടുകൾ എന്നിവയും സന്ദർശിച്ചു. സ്ഥായിയായ പ്രശ്‌ന പരിഹാരത്തിനായി പുലിമുട്ടുകൾ കെട്ടുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കലക്ടർ പറഞ്ഞു. ജാഗ്രത പുലർത്തണം ആലപ്പുഴ: തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതിനാൽ വെള്ളക്കെട്ടുകൾ, നദികൾ, പുഴകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ നീന്തുന്നതിനോ കുളിക്കുന്നതിനോ വിദ്യാർഥികളെ അനുവദിക്കരുതെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story