Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 11:05 AM IST Updated On
date_range 9 Jun 2018 11:05 AM ISTവരുന്നു വറുതിയുടെ നാളുകൾ; ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
text_fieldsbookmark_border
മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് നിരോധിച്ചതെങ്കിൽ ഇക്കുറി 52 ദിവസമുണ്ട് മട്ടാഞ്ചേരി: ട്രോളിങ് നിരോധനം ശനിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. കടലോരത്ത് ഇനി വറുതിയുടെ നാളുകൾ. മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് നിരോധന സമയമായി കണക്കാക്കിയിരുന്നതെങ്കിൽ ഇക്കുറി 52 ദിവസമാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. കടലിൽ മത്സ്യബന്ധനം നടത്തുന്നവർ മുതൽ വിപണന, കയറ്റുമതി രംഗത്തുള്ളവർ വരെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വരുമാനം നിരോധന നാളുകളിൽ നിലക്കും. മത്സ്യ ഇനങ്ങളുടെ പ്രജനന കാലയളവ് കണക്കാക്കി നടത്തുന്ന ട്രോളിങ് നിരോധനം കേരളത്തിൽ നടക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണമില്ലെന്ന വിമർശനങ്ങളുമുണ്ട്. 3600 ഓളം ബോട്ടുകളാണ് കേരളതീരം ലക്ഷ്യം വെച്ച് മത്സ്യബന്ധനം നടത്തുന്നത്. ഇതിൽ 1600 ഓളം ബോട്ടുകൾ ഇതരസംസ്ഥാന ഉടമകളുടെതാണ്. ഇവ കഴിഞ്ഞ ദിവസങ്ങളിൽ കരക്കടുപ്പിച്ചിരുന്നു. ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ തീരദേശം പട്ടിണിയിലാകും. ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ തകര്‍ച്ചയില്‍നിന്ന് മുക്തമാകാത്ത മത്സ്യമേഖല കൂടുതല്‍ പ്രതിസന്ധിയിലാകും. ഇക്കുറി തുടർച്ചയായുണ്ടായ ഡീസൽ വിലവർധനയും ന്യൂനമർദം മൂലമുണ്ടായ കടൽക്ഷോഭവും മൂലം മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിച്ചത്. ഇതിൽനിന്നും പതുക്കെ കരകയറി വരവെയാണ് ട്രോളിങ് നിരോധനം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും ഇക്കാലയളവില്‍ മത്സ്യബന്ധനം നടത്താമെങ്കിലും ബോട്ടുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാകും. അനുബന്ധ മേഖലയിലെ തൊഴിലാളികളുടെ അവസ്ഥയും സമാനമായിരിക്കും. ബോട്ടുകള്‍ പലതും അറ്റകുറ്റപ്പണിക്ക് യാര്‍ഡുകളില്‍ കയറ്റിത്തുടങ്ങി. അതേസമയം, തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ 70 ഓളം ഗിൽനെറ്റ് ബോട്ടുകൾ മടങ്ങിയെത്താനുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഗില്‍നെറ്റ് ബോട്ടുകള്‍ മൂന്നും നാലും ചിലപ്പോൾ അഞ്ചും ആഴ്ചകൾ കഴിഞ്ഞാണ് മടങ്ങിയെത്താറ്. ട്രോളിങ് നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പ് കടലില്‍ പോയ ബോട്ടുകളാണ് മടങ്ങിയെത്താനുള്ളത്. ഇവ 14നുള്ളിൽ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. നിയമനടപടികളിൽനിന്ന് ബോട്ടുകളെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. BK1 ശനിയാഴ്ച അർധരാത്രി മുതൽ ട്രോളിങ് ആരംഭിക്കുന്നതിനാൽ തോപ്പുംപടി ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ ചിത്രം: ബൈജു കൊടുവള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story