Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 10:54 AM IST Updated On
date_range 7 Jun 2018 10:54 AM ISTഎറണാകുളം റൂറൽ പൊലീസ് എന്നും വിവാദങ്ങളുടെ കസ്റ്റഡിയിൽ
text_fieldsbookmark_border
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ വധം, നടിയെ ആക്രമിച്ച സംഭവം, പുതുവൈപ്പിലെ പൊലീസ് അതിക്രമം, വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി മരണം, ഒടുവിൽ ആലുവ എടത്തലയിൽ പൊലീസ് ബൈക്ക് യാത്രികെൻറ കവിളെല്ലുകൾ അടിച്ചുതകർത്ത സംഭവം...ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തെ ഞെട്ടിച്ച കുറ്റകൃത്യങ്ങളും പൊലീസ് അതിക്രമങ്ങളും ഏറ്റവും കൂടുതൽ അരങ്ങേറിയ മേഖലയായി എറണാകുളം റൂറൽ പൊലീസ് പരിധി മാറിയിരിക്കുന്നു. വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി മരണം സൃഷ്ടിച്ച കോളിളക്കം അടങ്ങുംമുമ്പാണ് റൂറൽ പരിധിയിൽതന്നെ തിങ്കളാഴ്ച എടത്തലയിൽ ബൈക്ക് യാത്രികന് പൊലീസിെൻറ ക്രൂര മർദനമേറ്റത്. രണ്ട് വർഷത്തിനിടെ കേരള പൊലീസിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടിവന്ന സംഭവങ്ങളത്രയും നടന്നത് എറണാകുളം റൂറൽ പൊലീസ് പരിധിയിലാണ്. പെരുമ്പാവൂർ ഇരിങ്ങോളിൽ നിയമവിദ്യാർഥിനി കൊല്ലപ്പെട്ടത് 2016 ഏപ്രിൽ 28നാണ്. പൊലീസ് സാന്നിധ്യത്തിൽ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ചത് വിവാദത്തിന് തുടക്കമിട്ടു. സംഭവസ്ഥലത്തുനിന്ന് തെളിവ് ശേഖരിക്കുന്നതിലും ലഭിച്ച തെളിവുകൾ സംരക്ഷിക്കുന്നതിലുമടക്കം പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്. 2017 െഫബ്രുവരി 17നാണ് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന യുവനടി അങ്കമാലി അത്താണിക്കടുത്ത് ഒാടുന്ന വാഹനത്തിൽവെച്ച് ആക്രമിക്കപ്പെട്ടത്. റൂറൽ എസ്.പിയായിരുന്ന എ.വി. ജോർജിെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണവും ഒടുവിൽ നടൻ ദിലീപിെൻറ അറസ്റ്റും റൂറൽ പൊലീസിന് ആദ്യഘട്ടത്തിൽ പ്രശംസ നേടിക്കൊടുത്തു. എന്നാൽ, യഥാസമയം കുറ്റപത്രം സമർപ്പിക്കാതെ ദിലീപിന് ജാമ്യത്തിലിറങ്ങാൻ അവസരമൊരുക്കിയത് പിന്നീട് ഏറെ വിമർശനത്തിനിടയാക്കി. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ സ്ഥാപിക്കാൻ ആവശ്യമായ വസ്തുതകൾ കുറ്റപത്രത്തിൽ നിരത്താൻ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്. 2017 ജൂണിൽ പുതുവൈപ്പിലെ െഎ.ഒ.സി എൽ.എൻ.ജി ടെർമിനലിനെതിരെ സമരം ചെയ്ത കുട്ടികളടക്കമുള്ളവരെ ലാത്തിച്ചാർജ് ചെയ്ത സംഭവമാണ് പിന്നീട് റൂറൽ പൊലീസിന് തിരിച്ചടിയായത്. സംഭവത്തിൽ മനുഷ്യാവകാശ, വനിത കമീഷനുകളുടെ നിശിത വിമർശനം ഏൽക്കേണ്ടിവന്നു. എന്നാൽ, ദേശവിരുദ്ധ ശക്തികളാണ് സമരത്തിന് പിന്നിലെന്ന റിപ്പോർട്ടുണ്ടാക്കി പ്രതിഷേധത്തിെൻറ മുനയൊടിക്കാനാണ് റൂറൽ എസ്.പിയായിരുന്ന എ.വി. ജോർജ് ശ്രമിച്ചത്. കഴിഞ്ഞ ഏപ്രിൽ ആറിന് എ.വി. ജോർജിന് കീഴിലുള്ള റൂറൽ ടൈഗർ ഫോഴ്സ് കസ്റ്റഡിയിലെടുത്ത വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് ക്രൂര മർദനത്തിനിരയായി മരിച്ച സംഭവത്തിൽ കേരളമൊട്ടാകെ ഉയർന്ന പ്രതിഷേധം അടങ്ങിയിട്ടില്ല. സി.െഎയും എസ്.െഎയുമടക്കം ഒമ്പത് പൊലീസുകാരെ സസ്പെൻഡ് ചെയ്തെങ്കിലും എ.വി. ജോർജിനെ പ്രതിയാക്കിയിട്ടില്ല. ജോർജിനെ ആദ്യം പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയുമാണുണ്ടായത്. 2017 ജൂൺ 13നാണ് വരാപ്പുഴ സ്വദേശി മുകുന്ദൻ എന്ന 42കാരനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശീട്ടുകളി സംഘത്തെ പിടിക്കാനെത്തിയ തങ്ങളെ കണ്ട് ഒാടിയ മുകുന്ദൻ പുഴയിൽ വീണ് മരിച്ചതാണെന്ന് പൊലീസും പൊലീസുകാർ മൃഗീയമായി മർദിച്ച് പുഴയിലെറിഞ്ഞതാണെന്ന് മുകുന്ദെൻറ വീട്ടുകാരും പറയുന്നു. റൂറൽ ടൈഗർ ഫോഴ്സായിരുന്നു ഇവിടെയും പ്രതിസ്ഥാനത്ത്. പറവൂരിൽ ലഘുലേഖ വിതരണം ചെയ്തവരെ പൊലീസ് വേട്ടയാടിയ സംഭവം, മലയാറ്റൂരിൽ വൈദികനെ കപ്യാർ കുത്തിക്കൊന്ന സംഭവം, കാലടി മേഖലയിലെ ഗുണ്ട ആക്രമണം തുടങ്ങിയവയും റൂറൽ പൊലീസിെൻറ തലവേദനയായി. ഒാരോ സംഭവവും കീഴുദ്യോഗസ്ഥരുടെ വീഴ്ചയായി ചിത്രീകരിച്ച് തലപ്പത്തുള്ളവർ തടിരക്ഷിക്കുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story