Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:14 AM IST Updated On
date_range 26 July 2018 11:14 AM ISTവെള്ളം ഇറങ്ങിയില്ല; ചേർത്തലയിൽ ആയിരത്തോളം പേർ ക്യാമ്പുകളിൽ തന്നെ
text_fieldsbookmark_border
ചേർത്തല: മഴക്ക് ശമനമുണ്ടെങ്കിലും വീടുകളിൽനിന്ന് വെള്ളം ഇറങ്ങിപ്പോകാത്തതിനാൽ ആയിരത്തോളം പേർ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ. അതേസമയം മഴക്കെടുതിയിൽ വീടുകൾക്കും മറ്റും നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് തഹസിൽദാർ എ. അബ്ദുൽ റഷീദ് പറഞ്ഞു. വിവിധ വില്ലേജുകളിൽനിന്നും നൽകിയ 113 അപേക്ഷകളിൽ 98 പേരുടെ നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞു. ബാക്കി കൂടി തയാറാക്കി അടുത്ത ആഴ്ച തന്നെ സഹായം നൽകും. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കുള്ള ധനസഹായവും എത്രയും വേഗം നൽകണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി ഞായറാഴ്ച റവന്യൂ വിഭാഗം അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ നടപടിക്രമങ്ങൾ നിർദേശിച്ചു. ക്യാമ്പിൽ കഴിയുന്നവരുടെയും പിരിച്ചുവിട്ട ക്യാമ്പിൽ ഉണ്ടായിരുന്നവരുടെയും ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ശേഖരിച്ച് അക്കൗണ്ട് മുഖേനയാകും ധനസഹായം നൽകുക. കഴിഞ്ഞ 16 വരെ ക്യാമ്പിൽ ഉണ്ടായിരുന്നവർക്കാണ് ആദ്യഘട്ടം സഹായം ലഭിക്കുക. താലൂക്കിലെ വിവിധ വില്ലേജുകളിലായി തുറന്ന 44 ക്യാമ്പുകളിലായി 12,036 പേരാണ് മഴക്കെടുതിയിൽ അകപ്പെട്ടത്. ഇപ്പോൾ താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തുടരുന്നു. അര്‍ത്തുങ്കല്‍ വില്ലേജിലെ അറവുകാട് എല്‍.പി സ്കൂള്‍, തൈക്കല്‍ എസ്.എൻ.ഡി.പി ബ്രാഞ്ച് ഹാളുകള്‍, ചേര്‍ത്തല വടക്ക് വില്ലേജ് അംബേദ്കര്‍ കോളനി, വയലാര്‍ കിഴക്ക് വില്ലേജ് കാവില്‍ സെൻറ് മൈക്കിൾസ് ഹൈസ്കൂള്‍ എന്നിവയാണിത്. വീടുകളിൽ കയറിയ വെള്ളം ഒഴിവായ കുടുംബങ്ങൾ പലതും ക്യാമ്പുകളിൽനിന്ന് മടങ്ങുന്നുണ്ട്. എങ്കിലും ബുധനാഴ്ച വൈകുന്നേരം വരെ അഞ്ച് ക്യാമ്പുകളിലായി 250നുമേൽ കുടുംബങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. കിടക്ക നിർമാണ യൂനിറ്റിൽ തീപിടിത്തം ആലപ്പുഴ: തുമ്പോളിയിലെ കിടക്ക നിർമാണ യൂനിറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ യന്ത്രസാമഗ്രികളും മെത്തകളും കെട്ടിടവും കത്തിനശിച്ചു. 25 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. തുമ്പോളി പ്രോവിഡൻസ് ആശുപത്രിക്ക് പിറകുവശത്ത് ബണ്ടിന് സമീപം പ്രവർത്തിക്കുന്ന ആര്യാട് ചൂണ്ടാപ്പള്ളിയിൽ നിക്സെൻറ ഉടമസ്ഥതയിലുള്ള റിലാക്സ് എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സ്ഥാപനത്തിൽ വെൽഡിങ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നും വീണ തീപ്പൊരിയാകാം അഗ്നിബാധക്ക് കാരണമെന്ന് സംശയിക്കുന്നു. പുക ഉയരുന്നത് കണ്ട ഉടനെ ജോലിക്കാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴയിൽനിന്നും ചേർത്തലയിൽനിന്നും രണ്ട് യൂനിറ്റ് എത്തിയെങ്കിലും രണ്ടു നിലകളിലായി പ്രവർത്തിച്ചിരുന്ന സ്ഥാപനം പൂർണമായും കത്തിച്ചാമ്പലായി. ഫയർഫോഴ്സ് എത്തിയതിനാൽ സമീപത്ത് ഉണ്ടായിരുന്ന വീടുകളിലേക്ക് തീപടരാതെ നോക്കാൻകഴിഞ്ഞു. മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. യന്ത്രസാമഗ്രികളും ഓണവിപണി ലക്ഷ്യമാക്കി തയാറാക്കിയിരുന്ന മെത്തകളും എല്ലാം കത്തിനശിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റ ഉടമ നിക്സണെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ ഫയർമാൻ അർജുൻ, എ.ഐ.ടി.യു.സി േട്രഡ് യൂനിയനിൽപ്പെട്ട നസീർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story