Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:20 AM IST Updated On
date_range 18 July 2018 11:20 AM ISTമഴക്ക് ശമനം ആശങ്ക മാറാതെ മൂവാറ്റുപുഴക്കാർ
text_fieldsbookmark_border
മൂവാറ്റുപുഴ: നാട്ടിലാകെ ദുരിതം വിതച്ച മഴക്ക് ശമനമാെയങ്കിലും ആശങ്ക ഒഴിയാതെ മൂവാറ്റുപുഴ നിവാസികൾ. രണ്ടു ദിവസം കൂടി മഴ ശക്തിയായി തുടരുമെന്ന കാലാവസ്ഥ പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഭീതിയിലാണ് നാട്ടുകാർ കഴിയുന്നത്. മൂന്നു ദിവസമായി തുടരുന്ന മഴയെ തുടർന്ന് തിങ്കളാഴ്ച രാവിലെ മൂവാറ്റുപുഴയാർ കരകവിഞ്ഞതോടെ നഗരത്തിൽ അടക്കം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി 1200 ഓളം കുടുംബങ്ങളാണ് ദുരിതത്തിലായത്. 350ൽ അധികം കുടുംബങ്ങൾ വിവിധ ദുരിതാശ്വസ ക്യാമ്പുകളിൽ അഭയം തേടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പുലർച്ചയുണ്ടായ വെള്ളപ്പാച്ചിലിൽ പലരും ഉടുമുണ്ട് മാത്രമായാണ് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റു സ്ഥലങ്ങളിലും അഭയം തേടിയത്. ജൂലൈ ആരംഭിച്ചതോടെ മൂന്നു തവണയാണ് പുഴയിൽ ജലനിരപ്പുയർന്ന് വെള്ളപ്പൊക്ക ഭീഷണിയുണ്ടായത്. രണ്ടു തവണയും ദുരിതം വിതക്കാതെ ജലനിരപ്പ് താഴുകയായിരുന്നു. എന്നാൽ, മൂന്നാം തവണ വെള്ളം ഇരച്ചുകയറി. നിരവധി കുടുംബങ്ങളുടെ വീട്ടുപകരണങ്ങൾ നശിച്ചു. വ്യാപാര സ്ഥാപനങ്ങളിലും നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച പുലർച്ചയോടെ ജനവാസകേന്ദ്രങ്ങളിൽനിന്നും വെള്ളം ഇറങ്ങി തുടങ്ങി. മൂവാറ്റുപുഴ നഗരസഭക്കു പുറമെ പായിപ്ര, മാറാടി, വാളകം, പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മൂവാറ്റുപുഴക്കാവ്, പുഴക്കരക്കാവ്, സലഫി മസ്ജിദ്, ഹോമിയോ ആശുപത്രി, മൂവാറ്റുപുഴ ഫയർസ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. കൊച്ചി മധുര ദേശീയ പാതയിൽ കാരക്കുന്നത്തും മൂവാറ്റുപുഴ എവറസ്റ്റ് കവലയിലും റോഡിൽ വെള്ളം കയറിയതിനാൽ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. എം.സി റോഡിൽ വാഴപ്പിള്ളി, എസ്. വളവ്, തുടങ്ങിയ സ്ഥലങ്ങളിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് എം.സി. റോഡിലെ ഗതാഗതവും താറുമാറാക്കി. വെള്ളം ഇറങ്ങാൻ തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞിരുന്നവർ സ്വന്തം വീടുകളിലേക്ക് മാറാൻ തുടങ്ങി. വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് വീടുകൾ ശുചീകരിക്കാൻ ദിവസങ്ങൾ എടുക്കും. വെള്ളം കയറിയ വീടുകളിൽനിന്നും സാധനങ്ങൾ പല സ്ഥലങ്ങളിലേക്കും മാറ്റിയിരിക്കുകയാണ്. ഇടക്കിടെ പെയ്യുന്ന മഴ ആശങ്ക പരത്തുന്നുണ്ടെങ്കിലും വീടുകളിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ആളുകൾ. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മാർക്കറ്റ് ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും സാധനങ്ങൾ വാഹനത്തിൽ കയറ്റി സൂക്ഷിച്ചിരിക്കുകയാണ്. വെള്ളം പൂർണമായി ഇറങ്ങിയാലെ സാധനങ്ങൾ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ സാധിക്കൂ. മൂവാറ്റുപുഴ നഗരസഭ, വാളകം, പായിപ്ര മാറാടി, ആരക്കുഴ, പഞ്ചായത്തുകളിൽ വൻ കൃഷിനാശം ഉണ്ടായി. റബർ, വാഴ, കപ്പ, നെല്ല് പച്ചക്കറി കൃഷി എന്നിവയാണ് വ്യാപകമായി നശിച്ചത്. മൂവാറ്റുപുഴയാർ കരകവിഞ്ഞ് ഒഴുകിയതോടെ ഇരുകരകളിലെയും ഏക്കർകണക്കിന് കൃഷി ഒഴുകിപ്പോയി. വെള്ളം പൂർണമായി ഇറങ്ങിയാലെ കൃഷി നാശത്തിെൻറ കണക്ക് ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story