Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:02 PM IST Updated On
date_range 17 July 2018 2:02 PM ISTകുട്ടനാട്ടിൽ മടവീഴ്ചയിൽ ഏക്കർകണക്കിന് കൃഷി നശിച്ചു
text_fieldsbookmark_border
കുട്ടനാട്: കിഴക്കന്‍ വെള്ളത്തിെൻറ വരവ് ശക്തമായതോടെ കുട്ടനാട്ടില്‍ രണ്ട് പാടശേഖരങ്ങളില്‍ മട വീഴ്ച. കൈനകരി ആറുപങ്ക്, ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരങ്ങളിലാണ് മട വീണത്. രണ്ടാംകൃഷി ദിവസങ്ങള്‍മാത്രം പിന്നിട്ട നിരവധി പാടശേഖരങ്ങളില്‍ പുറംബണ്ട് കവിഞ്ഞ് വെള്ളം കയറുന്ന സ്ഥിതിയാണ്. ഞായറാഴ്ച രാത്രിയോടെയാണ് കൈനകരി കൃഷിഭവന്‍ പരിധിയിലെ ആറുപങ്ക് പാടശേഖരത്തില്‍ മടവീഴ്ചയുണ്ടായത്. വിത നടത്തി ഏഴുദിവസം പിന്നിട്ടപ്പോഴുണ്ടായ മടവീഴ്ചയില്‍ 487 ഏക്കര്‍ പാടശേഖരത്തിലെ കൃഷിയാണ് നശിച്ചത്. 232 കര്‍ഷകരാണ് പാടത്ത് കൃഷിയിറക്കിയത്. മട കുത്താന്‍ പാടശേഖര സമിതി പരിശ്രമിച്ചെങ്കിലും ശക്തമായ കുത്തൊഴുക്കില്‍ മട തള്ളിപ്പോവുകയായിരുന്നു. കോടികളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. പാടത്ത് മടവീണതോടെ പുറംബണ്ടില്‍ താമസിക്കുന്ന നൂറോളം വീടുകളില്‍ വെള്ളം കയറി. ആറുപങ്കില്‍ മടവീണതോടെ സമീപത്തെ ചെറികാലിക്കായലിലേക്കും വെള്ളം കയറിത്തുടങ്ങി. 315 ഏക്കര്‍ വരുന്ന പാടത്ത് വിത പൂര്‍ത്തിയായി ഏഴുദിവസം മാത്രമാണ് രണ്ടാംകൃഷി പിന്നിട്ടത്. ചമ്പക്കുളം കൃഷിഭവന് കീഴില്‍ വരുന്ന 360 ഏക്കര്‍ ചെമ്പടി ചക്കങ്കരി പാടശേഖരത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മടവീണത്. ഇവിടെ രണ്ടാംകൃഷി 20 ദിവസം പിന്നിട്ടിരുന്നു. മടകെട്ടാന്‍ കര്‍ഷകര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വൈകീട്ടോടെ മട തള്ളിപ്പോകുകയായിരുന്നു. ചക്കങ്കരി പാടശേഖരത്തില്‍ മടവീണതോടെ സമീപത്തെ അറുനൂറും പാടത്തേക്കും വെള്ളം കയറുകയാണ്. ചമ്പക്കുളം കണ്ടങ്കരി കുന്നംവേലില്‍, പാട്ടത്തിന്‍ വരമ്പിനകം, മാനങ്കരി, മങ്കൊമ്പ് മൂലപൊങ്ങമ്പ്ര, എഴുകാട്, നാട്ടായം, പുളിങ്കുന്ന് തെക്കേമണപ്പള്ളി, അയ്യനാട് പാടശേഖരം, കണ്ണാടി മാടംപാക്ക, കാവാലം കിഴക്കുപുറം എന്നിവിടങ്ങളില്‍ പുറംബണ്ട് കവിഞ്ഞ് വെള്ളം കയറുകയാണ്. ഇവയില്‍ മിക്കവയിലും നെല്‍ച്ചെടികള്‍ പൂര്‍ണമായി മുങ്ങി. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍ പമ്പിങ് മുടങ്ങുന്ന സ്ഥിതിയാണ്. പുറംബണ്ട് കവിഞ്ഞ് പാടത്തേക്ക് വെള്ളമൊഴുകുന്നതിനാല്‍ മിക്ക പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story