Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:44 PM GMT Updated On
date_range 2018-01-30T20:14:57+05:30ആ പിതാവ് ചോദിക്കുന്നു, എന്തിനാണ് എെൻറ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്തത്?
text_fieldsകൊച്ചി: ജീവശ്വാസത്തിന് വേണ്ടി പിടയുന്ന ആ കുഞ്ഞുമുഖമാണ് ഇപ്പോഴും മുഹമ്മദ് ഷാഫിയുടെ മനസ്സുനിറയെ. ലക്ഷദ്വീപ് ഭരണകൂടത്തിെൻറ അനാസ്ഥയും എയർ ആംബുലൻസ് പൈലറ്റിെൻറ നിരുത്തരവാദിത്തവും ചേർന്ന് മരണത്തിന് വിട്ടുകൊടുത്ത തെൻറ കുഞ്ഞിെൻറ ഗതി ഇനിയാർക്കും വരരുതേ എന്ന പ്രാർഥനയിലാണ് ആ പിതാവ്. അത്യാസന്ന നിലയിലായ നവജാത ശിശുവിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയാറാക്കിയ എയർ ആംബുലൻസ് വഴിമാറിപ്പറന്ന് ഒരു മണിക്കൂറോളം വൈകിയതാണ് കുഞ്ഞ് മരിക്കാൻ ഇടയാക്കിയത്. കൊല്ലം അയത്തിൽ കാവഴികത്ത്പുത്തൻവീട് മുഹമ്മദ് ഷാഫിയുടെ കുഞ്ഞാണ് ചികിത്സ കിട്ടാതെ മരിച്ചത്. ഷാഫിയുടെ ഭാര്യ മലീഹ ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശിയാണ്. വെള്ളിയാഴ്ച വൈകീട്ട് ഇവർ അഗത്തിയിലെ രാജീവ്ഗാന്ധി ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ആൺകുഞ്ഞും പെൺകുഞ്ഞും. ഹൃദയമിടിപ്പിലെ തകരാറും ശ്വാസതടസ്സവും കൂടിയതിനെത്തുടർന്ന് ആൺകുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. ഇതിനായി ഡോക്ടറുടെ നിർദേശപ്രകാരം എയർ ആംബുലൻസ് ഹെലികോപ്ടറും സജ്ജമാക്കി. പറക്കൽ സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ച പൈലറ്റ് ഏറെ സമ്മർദങ്ങൾക്കൊടുവിലാണ് വഴങ്ങിയത്. ഷാഫി, ഭാര്യപിതാവ് മുഹമ്മദ് കാസിം, മെഡിക്കൽ എസ്കോർട്ട് ഹുസൈൻ എന്നിവരാണ് കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. കൃത്രിമശ്വാസം നൽകിക്കൊണ്ടിരുന്ന കുട്ടിയുടെ അവസ്ഥ വഷളായി വരുകയായിരുന്നു. ഇതിനിടെ, കൊച്ചിയിൽനിന്ന് വിമാനമാർഗം അഗത്തിയിലെത്തിയ മറ്റ് ആറുപേരെ കൂടി ചട്ടം ലംഘിച്ച് ഹെലികോപ്ടറിൽ കയറ്റി. ഇവരെ കവരത്തിയിൽ എത്തിക്കണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിെൻറ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. ഹൊലികോപ്ടർ കൊച്ചിയിലേക്ക് പറക്കുകയാണെന്ന് കുഞ്ഞിനോടൊപ്പമുള്ളവർ കരുതിയിരിക്കുേമ്പാൾ കാൽ മണിക്കൂറിന് ശേഷം ഇറങ്ങിയത് കവറത്തിയിൽ. ഇവിടെ വെച്ച് ബന്ധുക്കളെയും മരണത്തോട് മല്ലടിക്കുന്ന കുഞ്ഞിനെയും അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾ സഹിതം മറ്റൊരു ഹെലികോപ്ടറിലേക്ക് മാറ്റുകയും മറ്റ് യാത്രക്കാരെ ഇറക്കുകയും ചെയ്തു. ഇന്ധനം നിറക്കുന്നതുൾപ്പെടെ മുക്കാൽ മണിക്കൂറോളം ഇവിടെ ചെലവഴിച്ചതായി ഷാഫി 'മാധ്യമ'ത്തോട് പറഞ്ഞു. കുഞ്ഞിനെ അടിയന്തരമായി കൊച്ചിയിൽ എത്തിക്കണമെന്ന് പറഞ്ഞ മെഡിക്കൽ എസ്കോർട്ടിനോട് ഇത് ജെറ്റ് വിമാനമല്ലെന്ന് പറഞ്ഞ് പൈലറ്റ് കയർക്കുകയായിരുന്നു. തുടർന്ന്, കവരത്തിയിൽനിന്ന് തിരിച്ച വിമാനം ഉച്ചക്ക് 1.20ഒാടെയാണ് കൊച്ചിയിൽ എത്തിയത്. കുട്ടിയുടെ ഹൃദയമിടിപ്പ് ഏറെക്കുറെ നിലച്ചതിനാൽ തൊട്ടടുത്തുള്ള അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുേമ്പാഴേക്കും മരിച്ചിരുന്നു. 15 മിനിറ്റെങ്കിലും നേരേത്ത എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. എയർ ആംബുലൻസ് മറ്റ് യാത്രക്കാർക്കായി ദുരുപയോഗം ചെയ്യുന്നതും ഇതുമൂലം രോഗി മരിക്കുന്നതും ലക്ഷദ്വീപിൽ ആദ്യ സംഭവമല്ല. ഇതേക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടത്തിന് പരാതി നൽകുമെന്ന് മലീഹയുടെ പിതാവ് മുഹമ്മദ് കാസിം അറിയിച്ചു. കേന്ദ്രത്തിന് പരാതി നൽകും- -മുഹമ്മദ് ഫൈസൽ എം.പി കൊച്ചി: എയർ ആംബുലൻസ് വഴിതിരിച്ചുവിടുകയും ചികിത്സ വൈകി നവജാതശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നൽകുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ 'മാധ്യമ'ത്തോട് പറഞ്ഞു. സംഭവം വളരെ വേദനജനകമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടവരരുത്. കുറ്റക്കാർക്കെതിരെ മാതൃകപരമായ നടപടിയെടുക്കണമെന്നും കുട്ടിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
Next Story