You are here
പാട്ടവ്യവസ്ഥ ലംഘിച്ച് കൈമാറിയ 6.33 ഏക്കർ പിടിച്ചെടുത്തു
കോതമംഗലം: പാട്ടവ്യവസ്ഥ ലംഘിച്ച് കൈമാറിയ ഭൂമി റവന്യൂ വകുപ്പ് പിടിച്ചെടുത്തു. വാരപ്പെട്ടി പഞ്ചായത്തിലെ കൊട്ടളത്ത് മലയിലെ 6.33 ഏക്കറാണ് വ്യാഴാഴ്ച വൈകീട്ട് മൂവാറ്റുപുഴ ആർ.ഡി.ഒ എസ്. ഷാജഹാെൻറ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. സർക്കാർ ഭൂമിയാണെന്നും അതിക്രമിച്ച് കയറുന്നത് ശിക്ഷാർഹമാണെന്നുമുള്ള ബോർഡ് സ്ഥാപിക്കുകയും ചെയ്തു. കോതമംഗലം എടയ്ക്കാട്ടുകുടി കുടുംബാംഗം മത്തായി ജോൺ ആണ് ഭൂമി 99 വർഷത്തെ പാട്ടത്തിനെടുത്തിരുന്നത്. തരിശായിരുന്ന 7.35 ഏക്കറാണ് മത്തായി ജോണിന് സർക്കാർ പാട്ടത്തിന് നൽകിയത്. ഇതിൽ മറ്റ് വ്യക്തികൾക്ക് പതിച്ചുകൊടുത്ത ശേഷം അവശേഷിച്ച 6.33 ഏക്കർ ഇയാളുടെ കാലശേഷം മക്കളുടെ കൈവശമെത്തുകയും ഇവർ സ്ഥലം 1992ൽ മൂവാറ്റുപുഴ ചക്കുങ്കൽ കുടുംബത്തിന് വിൽപന നടത്തുകയുമായിരുന്നു.
പാട്ടം പുതുക്കാതെ അനധികൃതമായി സ്ഥലം കൈമാറ്റം ചെയ്തതായി വ്യക്തമായതിെൻറ അടിസ്ഥാനത്തിൽ 1996 മുതൽ റവന്യൂ വകുപ്പ് കേരള ഭൂ സംരക്ഷണ നിയമ നടപടികൾ ആരംഭിച്ചിരുന്നു. കൈവശപ്പെടുത്തിയിരുന്നവർ ഹൈകോടതിയെ സമീപിച്ചെങ്കിലും വിധി റവന്യൂ വകുപ്പിന് അനുകൂലമാവുകയായിരുന്നു.
തുടർന്ന് കൈയേറ്റത്തിനെതിരെ തഹസിൽദാർ കേസെടുത്തു. മൂവാറ്റുപുഴ ആർ.ഡി.ഒക്ക് നൽകിയ അപ്പീലും തള്ളിയിരുന്നു. തുടർന്നാണ് ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്. തഹസിൽദാർമാരായ ആർ.രേണു, കെ.വി. വിജയൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ അനിൽകുമാർ, അബ്ദുസ്സലാം, എൻ.ആർ. രാജശേഖരൻ, സൈജു, ജോജു, വാരപ്പെട്ടി വി.ഇ.ഒ കെ.എം. സുബൈർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ഭൂമിയിൽ ബോർഡ് സ്ഥാപിച്ചത്. ലൈഫ് പദ്ധതി പ്രകാരം സ്ഥലം ഇല്ലാത്ത കുടുംബങ്ങൾക്ക് വീടുവെക്കാൻ നടപടി സ്വീകരിക്കാൻ ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആർ.ഡി.ഒ വ്യക്തമാക്കി.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.