Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 11:15 AM IST Updated On
date_range 6 Jan 2018 11:15 AM ISTഅഭിരാമിക്ക് താമസിക്കാൻ നല്ല വീടൊരുങ്ങുന്നു
text_fieldsbookmark_border
ചെങ്ങന്നൂര്‍: അഭിരാമിക്ക് കാറ്റും മഴയും ഏല്‍ക്കാതെ താമസിക്കാൻ നല്ല വീടൊരുങ്ങുന്നു. ഭിന്നശേഷിക്കാരിയായ ഒമ്പത് വയസ്സുകാരി അഭിരാമിക്ക് ചെങ്ങന്നൂര്‍ റോട്ടറി ക്ലബാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. ആലാ പഞ്ചായത്തിലെ കിണറുവിള കോളനി ബാലനിവാസില്‍ കൂലിപ്പണിക്കാരനായ എം.ആര്‍. അനീഷിെൻറയും പി.ആര്‍. ചിത്രയുടെയും രണ്ടാമത്തെ മകളാണ് അഭിരാമി. ജന്മനാ ശരീരം തളര്‍ന്നതിനെത്തുടര്‍ന്ന് പെണ്ണുക്കര ഗവ. യു.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനിയായ അഭിരാമി സര്‍വശിക്ഷ അഭിയാെൻറ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ചാണ് പഠനം നടത്തുന്നത്. മകളെ വീട്ടില്‍ തനിച്ചാക്കി ജോലിക്കുപോകാന്‍ ചിത്രക്ക് കഴിയില്ല. മൂത്ത മകന്‍ ആദികേശ് ഏഴാംക്ലാസ് വിദ്യാർഥിയാണ്. നാലുസെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഒരു കൂരയിലാണ് ഇവരുടെ താമസം. കൂലിപ്പണിയില്‍നിന്ന് അനീഷിന് കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിെൻറ ഏക ആശ്രയം. ഇതുകൊണ്ട് പുതിയ വീട് നിര്‍മിക്കാനോ നിലവിലുള്ളത് അറ്റകുറ്റപ്പണി നടത്താനോ കഴിയാത്ത അവസ്ഥയാണ്. വീട്ടിലെത്തി അഭിരാമിക്ക് വിദ്യാഭ്യാസം നല്‍കുന്ന ബി.ആർ.സി റിസോഴ്‌സ് അധ്യാപിക കെ.എ. മീനുവാണ് അഭിരാമിയുടെ അവസ്ഥ റോട്ടറി ക്ലബ് പ്രസിഡൻറ് രാജേഷ് ജി. നാഥിെൻറയും ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍ കേണല്‍ കെ.ജി. പിള്ളയുടെയും ശ്രദ്ധയില്‍പെടുത്തിയത്. ഇതേതുടര്‍ന്ന് അഭിരാമിയുടെ വീട് സന്ദര്‍ശിച്ച് കുടുംബത്തിെൻറ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ റോട്ടറി ക്ലബ് ഭാരവാഹികള്‍ ഭവനം നിർമിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യു ശിലാസ്ഥാപനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡൻറ് രാജേഷ് ജി. നാഥ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍ കേണല്‍ കെ.ജി. പിള്ള, ലിയ സുരേഷ് മാത്യു, അഞ്ജന രാജേഷ്, പഞ്ചായത്ത് അംഗം സി.എന്‍. ലീലാമ്മ, നഗരസഭ കൗണ്‍സിലര്‍ കെ. ഷിബുരാജന്‍, എസ്.എസ്.എ ബി.പി.ഒ ജി. ബിനു, റിസോഴ്‌സ് അധ്യാപിക കെ.എ. മീനു, ഡോ. എം.ആര്‍. രാധാകൃഷ്ണന്‍, ഡോ. വിനയന്‍ എസ്. നായര്‍, ജി. മോഹന്‍കുമാര്‍, റെജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. അഞ്ച് മാസത്തിനുള്ളില്‍ ഭവനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രസിഡൻറ് രാജേഷ് ജി. നാഥ് പറഞ്ഞു. മേഖല സമ്മേളനം കായംകുളം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല സമ്മേളനം ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എ.ആർ. താജുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. അഹമ്മദ് കബീർ മുസ്ലിയാർ, മുഹമ്മദ് ഖാസിം മൗലവി, അബ്ദുൽ ലത്തീഫ് ബദ്രി, മഹ്മൂദ് മൗലവി, ഇ. കബീർ മൗലവി, അൻവർ മൗലവി, ഹുസൈൻ ഫാളിലി എന്നിവർ സംസാരിച്ചു. ധനസഹായ വിതരണം വള്ളികുന്നം: കിഴങ്ങുവർഗങ്ങൾ ഇടവിളയായി കൃഷി ചെയ്യുന്ന കർഷകർക്ക് ഒാണാട്ടുകര വികസന ഏജൻസി മുഖേനയുള്ള ധനസഹായം വിതരണം ചെയ്യുന്നു. ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവ 10 സെൻറിൽ കുറയാത്ത സ്ഥലത്ത് കൃഷി ചെയ്യുന്നവർ 15ന് മുമ്പ് വള്ളികുന്നം കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story