Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 11:15 AM IST Updated On
date_range 6 Jan 2018 11:15 AM ISTപകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മേയ് 15നകം പൂർത്തിയാക്കണം ^മന്ത്രി ജി. സുധാകരൻ
text_fieldsbookmark_border
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മേയ് 15നകം പൂർത്തിയാക്കണം -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മേയ് 15നകം പൂർത്തിയാക്കണമെന്ന് മന്ത്രി ജി. സുധാകരൻ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും വകുപ്പ് മേധാവികൾക്കും നിർദേശം നൽകി. സാംക്രമിക രോഗപ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകൾ, ജീവനക്കാർ, ലബോറട്ടറി സൗകര്യങ്ങൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ 50 വീടുകൾക്ക് ഒരു വളൻറിയർ എന്ന നിലയിൽ ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തണം. ഇൗമാസം 21ന് എല്ലാ വീടുകളിലും ആരോഗ്യ പ്രവർത്തകർ എത്തി പരിസര ശുചിത്വം ഉറപ്പുവരുത്തണം. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക കർമപദ്ധതികൾക്ക് രൂപം നൽകണം. ജലദൗർലഭ്യമുള്ള പ്രദേശങ്ങൾ കണ്ടെത്തി ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനും മാലിന്യ നിർമാർജനത്തിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. വാർഡുതല ആരോഗ്യ ശുചിത്വ സമിതികളുടെ പ്രവർത്തനം സജ്ജമാക്കുന്നതിനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം. കക്കൂസ് മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താൻ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ രാത്രികാല സ്ക്വാഡ് പ്രവർത്തിക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ-തൊഴിലിടങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം. കൃഷിയിടങ്ങളിൽ കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനും എലിനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും കൃഷിവകുപ്പ് നടപടി സ്വീകരിക്കണം. അലക്ഷ്യമായി ഇട്ട െകട്ടിടനിർമാണ സാമഗ്രികളിലും ഓടകളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്ന സാഹചര്യം പൊതുമരാമത്ത് വകുപ്പ് ഒഴിവാക്കണം. നിർമാണത്തിലിരിക്കുന്ന എല്ലാ കെട്ടിടങ്ങളിലും എൻജിനീയർമാർ പരിശോധന നടത്തണം. തീരപ്രദേശങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ബോട്ടുകളിലും വഞ്ചികളിലും കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപടിയെടുക്കണം. പട്ടിക-വർഗ കോളനികളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ആർ. രാജേഷ് എം.എൽ.എ ആരോഗ്യ സന്ദേശം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കലക്ടർ ടി.വി. അനുപമ, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, സബ് കലക്ടർ വി.ആർ. കൃഷ്ണതേജ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഡി. വസന്തദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story