Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 5:41 AM GMT Updated On
date_range 27 Feb 2018 5:41 AM GMTതെരുവുനായ് ശല്യം ജനങ്ങളെ ഭീതിയിലാക്കുന്നു
text_fieldsbookmark_border
ചാരുംമൂട്: തെരുവുനായ് ശല്യം രൂക്ഷമായത് ജനങ്ങളെ ഭീതിയിലാക്കുന്നു. കൂട്ടത്തോടെ നാടുചുറ്റുന്ന നായ്ക്കൾ പലപ്പോഴും അക്രമാസക്തരാകുകയാണ്. നൂറനാട്, പാലമേൽ, താമരക്കുളം, ചുനക്കര പഞ്ചായത്തുകളിലാണ് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണി ഉയർത്തി തെരുവുനായ്ക്കളുടെ ആക്രമണം സ്ഥിരമായിരിക്കുന്നത്. കഴിഞ്ഞദിവസം നൂറനാട്, പണയിൽ ഭാഗങ്ങളിൽ പത്തിലധികം പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. നൂറനാട് ജങ്ഷന് തെക്കുഭാഗെത്ത വീടുകളിൽ കയറിയാണ് നായ് ആളുകളെ കടിച്ചത്. നൂറനാട് കല്ലിട്ടതിൽ സുശീല (55), കുഴിയത്ത് ദീപ (35 ), ചിത്തിരഭവനം രമ (55), കാട്ടിലെ വിളയിൽ രാധ (48), ഉളവുക്കാട് സുരേന്ദ്രൻ (58), പണയിൽ വല്ലഭത്തുമുക്ക് ലക്ഷ്മി (65), ചക്കാല കിഴക്കതിൽ മിനി (32) എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ സുശീലയുടെയും ലക്ഷ്മിയുടെയും മുഖവും കൈകാലുകളും നായ്ക്കൾ കടിച്ചുകീറി. ഗുരുതര പരിക്കേറ്റ രമ, മിനി, ലക്ഷ്മി, സുശീല എന്നിവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പണയിൽ ഭാഗത്തും നിരവധി പേർക്ക് കടിയേറ്റിരുന്നു. ഇവരെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പും ഈ പ്രദേശത്ത് കുട്ടികളടക്കം നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. താമരക്കുളം, ആദിക്കാട്ടുകുളങ്ങര, നൂറനാട് അടക്കമുള്ള ചന്തകൾ കേന്ദ്രീകരിച്ച് അമ്പതിലധികം തെരുവുനായ്ക്കളുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ വരാന്തകൾ, സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ, ആളൊഴിഞ്ഞ കടകൾക്ക് സമീപം എന്നിവിടങ്ങളിലും നൂറുകണക്കിന് തെരുവുനായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. ചന്തകളുടെ സമീപത്തെ ഇറച്ചിവെട്ട് കേന്ദ്രങ്ങളിലെ അവശിഷ്ടങ്ങളും മത്സ്യാവശിഷ്ടങ്ങളും മറ്റും തിന്ന് കഴിയുകയാണിവ. ചില ഇറച്ചിവെട്ട് കേന്ദ്രങ്ങളിൽ അവശിഷ്ടങ്ങൾ നീക്കാതെ നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നതാണ് ഇവിടങ്ങളിൽ കൂട്ടമായി തമ്പടിക്കാൻ കാരണം. ചന്തകളുടെ സമീപത്തെ വീടുകളിലെ വളർത്തുമൃഗങ്ങളെ കൂട്ടത്തോടെ ആക്രമിക്കുന്നതും പതിവുസംഭവമാണ്. വയലുകളിൽ കെട്ടിയിരുന്ന ആടുകളെ നായ്ക്കൾ കൂട്ടത്തോടെ എത്തി കടിച്ചുകൊന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാംസാവശിഷ്ടങ്ങൾ തിന്ന് ശീലിച്ച നായ്ക്കൾ അവ കിട്ടാതെ വരുമ്പോഴാണ് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത്. ഇരുചക്രവാഹന യാത്രികരും ആക്രമണത്തിന് ഇരയാകാറുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Next Story