സംഘർഷം പൊലീസി​െൻറ ഒത്തുതീർപ്പ്​ ഫോർമുലയുടെ ഫലമെന്ന് ആക്ഷേപം

05:35 AM
14/02/2018
വള്ളികുന്നം: കേസ് ഒഴിവാക്കിയുള്ള പൊലീസി​െൻറ ഒത്തുതീർപ്പ് ഫോർമുലയുടെ പരിണിത ഫലമാണ് വള്ളികുന്നം വാളാച്ചാലിലെ ആർ.എസ്.എസ്-ഡി.വൈ.എഫ്.െഎ അക്രമങ്ങൾക്ക് വഴിതെളിച്ചതെന്ന ആക്ഷേപം ശക്തമാകുന്നു. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുണ്ടായ പ്രശ്നങ്ങൾ നിസാരവത്കരിച്ച് കേസ് എടുക്കാതെ വിട്ടയച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. വടിവാൾ ചുഴറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിൽ കേസ് എടുക്കാനുള്ള വകുപ്പുകൾ കണ്ടെത്താൻ പൊലീസിനായില്ല. ഡി.വൈ.എഫ്.െഎക്കാർ റോഡിൽ ഹാപ്പി ന്യൂ ഇയർ എഴുതിയത് ആർ.എസ്.എസുകാർ മായിച്ചതാണ് അന്നത്തെ പ്രശ്നങ്ങളുടെ കാരണം. വൈദ്യുതി പോസ്റ്റുകളിൽ തലയോട്ടി വരച്ച് ഡെയ്ഞ്ചർ ബോയ്സ് എന്ന് ആർ.എസ്.എസുകാർ എഴുതിയത് ഇതിന് പകരമായി ഡി.വൈ.എഫ്.െഎക്കാരും മായിച്ചു. ഇതിനെ ചൊല്ലിയ വാക്കേറ്റം നേരിയ തോതിൽ സംഘർഷത്തിൽ കലാശിച്ചു. തുടർന്നാണ് ചില ഡി.വൈ.എഫ്.െഎക്കാരുടെ വീടുകളിൽ വടിവാളുമായി എത്തി ആർ.എസ്.എസുകാർ ഭീഷണി മുഴക്കിയത്. പരാതിയിൽ സ്ഥലത്ത് എത്തിയ പൊലീസ് തലയോട്ടിയും ഡെയ്ഞ്ചറും കരിഒായിൽ അടിച്ച് മറച്ചശേഷം ബോയ്സ് മാത്രം നിലനിർത്തി പരിഹരിച്ചു. വിഷയത്തിൽ കേസ് എടുത്ത് ശാശ്വത പരിഹാരം കാണുന്നതിൽ വീഴ്ച വരുത്തിയത് വീണ്ടും പ്രശ്നങ്ങൾക്ക് കാരണമായി. രണ്ടാഴ്ചശേഷം ഇതിന് സമീപം തന്നെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ 'വടിവാൾ' ചുഴറ്റിയുള്ള ഭീഷണിയിലും ഇതേ സമീപനമാണ് പൊലീസ് സ്വീകരിച്ചത്. പിന്നീടും ഇരു കൂട്ടരും തമ്മിൽ വെല്ലുവിളി ശക്തമാകുന്നത് ഗൗരവത്തിലെടുക്കാൻ പൊലീസ് തയാറായില്ല. നേരിൽ കാണുന്നിടത്തെല്ലാം വെല്ലുവിളികൾ പതിവായി. ആയുധങ്ങളുമായി കരുതലോടെയാണ് ഇരുകൂട്ടരും കാത്തിരുന്നത്. തിങ്കളാഴ്ച രാത്രി ബൈക്കിൽ പോയ രണ്ട് ഡി.വൈ.എഫ്.െഎക്കാരെ ആർ.എസ്.എസുകാർ മർദിച്ചു. ഇവരിൽനിന്നും വിവരം കിട്ടിയതോടെ നേതാക്കളുടെ നേതൃത്വത്തിൽ ചോദിക്കാനെത്തി. ആയുധവുമായി കാത്തുനിന്ന ആർ.എസ്.എസ് സംഘം തിരിച്ചടിച്ചു. ബഹളം കേട്ട് ഒാടിയെത്തിയ കെ.എസ്.യുക്കാരന് സാരമായി കുത്തേറ്റു. വള്ളികുന്നത്ത് സർവകക്ഷിയോഗം വിളിക്കണം -കൊടിക്കുന്നിൽ കായംകുളം: വള്ളിക്കുന്നം പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ കുറെ ദിവസങ്ങളായി ജനജീവിതം ദുസ്സഹമാക്കി കൊണ്ട് അക്രമങ്ങളും സംഘർഷാവസ്ഥയും സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കുന്ന സാമൂഹിക വിരുദ്ധരെ അമർച്ച ചെയ്യാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ കലക്ടറുടെ സാന്നിധ്യത്തിൽ സർവകക്ഷി യോഗം വിളിക്കണം. ഇരുകൂട്ടരും നിയമം കൈയിലെടുത്ത് അക്രമം അഴിച്ചു വിട്ട് ജനങ്ങളുടെ സ്വൈരജീവിതം തകർക്കുകയാണ്. പൊലീസ് നോക്കി നിൽക്കുന്നത് പ്രതിഷേധാർഹമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ പൊലീസിന് കഴിയുന്നില്ല. യാതൊരു പങ്കുമില്ലാതെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസുകാർ മൃഗീയമായി വെട്ടിപ്പരിക്കേൽപ്പിച്ചത് നാട്ടിൽ കൂടുതൽ സംഘർഷാവസ്ഥയുണ്ടാക്കി. ഹിന്ദു വർഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ആർ.എസ്.എസ് ശ്രമം നടത്തുകയാണ്. എം.ആർ ജങ്ഷനിലെ രാജീവ് ഗാന്ധി സ്തൂപവും കൊടിമരവും നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നിരപരാധികളായ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരായ ജസീൽ, ഷെമീൽ എന്നിവരെ മാരകമായി വെട്ടിപ്പരിക്കേൽപിച്ച ആർ.എസ്.എസ് അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
COMMENTS