Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 5:14 AM GMT Updated On
date_range 2018-02-09T10:44:59+05:30അർധരാത്രിയിൽ പിടിച്ചുപറി; നാല് യുവാക്കൾ പിടിയിൽ
text_fieldsആലപ്പുഴ: നഗരത്തിൽ കഴിഞ്ഞ അർധരാത്രി നടന്ന പിടിച്ചുപറിയുമായി ബന്ധപ്പെട്ട് നാല് യുവാക്കൾ പൊലീസ് പിടിയിലായി. പിടിച്ചുപറിക്കൊപ്പം ഭീകരാന്തരീക്ഷവും സൃഷ്ടിച്ച സംഘം പല മോഷണത്തിലും ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു. നഗരത്തിൽ മുല്ലാത്ത് വാർഡ് ഒാമന ഭവനിൽ രാഹുൽ (20), സനാതനപുരം വാർഡിൽനിന്ന് കൊമ്മാടി ബൈപാസിന് പടിഞ്ഞാറ് ബെറ്റി വക വീട്ടിൽ വാടകക്ക് താമസിക്കുന്ന രതീഷ് (18), തിരുവമ്പാടി അശ്വഭവനിൽ അശ്വിൻ (20), പഴവീട് ചാത്തുപറമ്പ് വീട്ടിൽ അനന്തു എന്ന കണ്ണൻ (19) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച അർധരാത്രിക്കുശേഷമാണ് സംഘം ബൈക്കിൽ സഞ്ചരിച്ച് കളർകോട്, കൈതവന, പഴവീട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് പിടിച്ചുപറിയും മോഷണവും നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയവരിൽ മൂന്നുപേർ കൊലപാതകശ്രമം, മോഷണം, കഞ്ചാവ് കേസുകളിൽ പ്രതികളാണ്. മുല്ലക്കൽ ക്ഷേത്രത്തിലെ ജീവനക്കാരനായ ശ്രീജിത്തിനെ സംഭവദിവസം പുലർച്ച എസ്.ഡി കോളജിന് പിന്നിലെ റോഡിൽ പ്രതികൾ മർദിക്കുകയും കൈയിൽ ധരിച്ചിരുന്ന ഒരുപവെൻറ ചെയിൻ അപഹരിക്കുകയും ചെയ്തു. പഴവീട് കണിയാംകുളം വായനശാലക്ക് സമീപം കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ജീവനക്കാരനായ ചന്ദ്രശേഖര മേനോനെ ഭീഷണിപ്പെടുത്തി പണവും രേഖകളും അടങ്ങിയ പഴ്സും അപഹരിച്ചു. തിരുവമ്പാടി ക്ഷേത്രത്തിലെ ജീവനക്കാരനായ പരമേശ്വരൻ നമ്പൂതിരിക്കും സമാന അനുഭവം ഉണ്ടായതായി പൊലീസ് പറഞ്ഞു. പുലർച്ച ക്ഷേത്രത്തിലേക്ക് പോകുന്നവരെയും തൊഴാൻ വരുന്നവരെയുമാണ് പ്രതികൾ ലക്ഷ്യംവെച്ചിരുന്നത്. സംഭവത്തിനുശേഷം ബൈക്കിൽ വാഗമണിൽ പോയി അവിടെനിന്ന് ഗ്രൂപ് സെൽഫിയെടുത്ത് ഫേസ്ബുക്കിലിട്ട് പൊലീസിനെ തെറ്റിദ്ധരിപ്പിക്കും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Next Story