Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 11:41 AM IST Updated On
date_range 31 Aug 2018 11:41 AM ISTപ്രളയത്തിൽ ശാർങ്‌ഗക്കാവ് പാലം ഓർമയായി
text_fieldsbookmark_border
ചാരുംമൂട്: നൂറനാട്-വെൺമണി പഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന പാലം ഓർമയായി. അച്ചൻകോവിലാറിന് കുറുകെ ഉണ്ടായിരുന്ന ശാർങ്‌ഗക്കാവ് പാലമാണ് കുത്തൊഴുക്കിൽപ്പെട്ട് ആഗസ്റ്റ് 16ന് തകർന്നത്. പാലത്തിെൻറ ഭൂരിഭാഗവും ഒഴുകിപ്പോയി. 13 വർഷം മുമ്പ് അന്നത്തെ എം.എൽ.എ ആയിരുന്ന കെ.കെ. ഷാജുവിെൻറ പ്രാദേശിക ഫണ്ടിൽനിന്നും തുക ചെലവഴിച്ചാണ് പാലം നിർമിച്ചത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2005ലാണ് പാലം യാഥാർഥ്യമായത്. മൂന്ന് മീറ്റർ വീതിയിലുള്ള പാലത്തിനും അപ്രോച്ച് റോഡിനുമായി 25 ലക്ഷമായിരുന്നു ചെലവ്. പന്തളം, മാവേലിക്കര, നൂറനാട്, ചാരുംമൂട് പ്രദേശങ്ങളിൽനിന്നും ശാർങ്ഗക്കാവ് ദേവി ക്ഷേത്രത്തിലേക്ക് എളുപ്പം എത്താനുള്ള ഏക മാർഗമായിരുന്നു ഈ പാലം. മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ ഇടപ്പോൺ ആറ്റുവായെയും വെൺമണിയെയും പാലം ബന്ധിപ്പിച്ചിരുന്നു. മാവേലിക്കര-ചെങ്ങന്നൂർ നിവാസികളുടെ യാത്രയും എളുപ്പമായിരുന്നു. പാലം നശിച്ചതോടെ പഴയപോലെ കടത്തുവള്ളമായി ആളുകളുടെ ആശ്രയം. വെൺമണി ശാർങ്ഗക്കാവ് ദേവീക്ഷേത്രത്തിെൻറ മുന്നിലായിരുന്നു പാലത്തിെൻറ ഒരുഭാഗം അവസാനിച്ചിരുന്നത്. പന്തളം കൈപ്പുഴ വലിയപാലത്തിനും വെട്ടിയാർ പുലക്കടവ് പാലത്തിനും മധ്യേയുള്ള പാലമായിരുന്നു ഇത്. ആറ്റിൽ ശക്തമായ ഒഴുക്കുള്ളപ്പോൾ തടികളും മറ്റും വന്നിടിച്ചതും മീൻപിടിക്കുന്നതിനായി പാലത്തിന് സമീപം തോട്ടപൊട്ടിച്ചതും ബലക്ഷയം ഉണ്ടാകാൻ കാരണമായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. തകർന്ന പാലത്തിെൻറ സ്ഥാനത്ത് അടിയന്തരമായി പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്ത വിഷു ഉത്സവത്തിന് മുമ്പ് പാലം നിർമിക്കാൻ മാവേലിക്കര, ചെങ്ങന്നൂർ എം.എൽ.എമാർ മുൻകൈയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കേടായ വാഹനങ്ങൾ സൗജന്യമായി നന്നാക്കി നൽകി വർക്ക്ഷോപ് ഉടമകൾ ചാരുംമൂട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക്ഷോപ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രളയബാധിത മേഖലകളിൽ കേടായി കിടന്ന 385ൽപരം വാഹനങ്ങൾ ഒരു രൂപ പോലും ഈടാക്കാതെ നന്നാക്കി കൊടുത്തു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി സംഘടനയിൽപ്പെട്ട 150ഓളം പ്രവർത്തകരും തമിഴ്നാട് ടൂ വീലർ അസോസിയേഷെൻറ 80 തൊഴിലാളികളും ചേർന്ന് ചെങ്ങന്നൂർ, പാണ്ടനാട്, വെൺമണി, പുലിയൂർ, ചെറിയനാട്, തിരുവല്ല, ചക്കുളത്തുകാവ്, ചേന്നംങ്കരി പ്രദേശങ്ങളിലായി നടത്തിയ ക്യാമ്പുകൾ വഴിയാണ് വാഹനങ്ങളുടെ കേടുപാടുകൾ തീർത്ത് നൽകിയത്. ഇപ്പോഴും പല സ്ഥലങ്ങളിലായി ക്യാമ്പുകൾ തുടരുന്നതായും സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. ഗോപകുമാർ, ട്രഷറർ കെ.ജെ. ജോസഫ്, ജില്ല പ്രസിഡൻറ് രാധാകൃഷ്ണൻ രാധാലയം, സെക്രട്ടറി പി. ചന്ദ്രൻ, ട്രഷറർ വി.വി. കുഞ്ഞുമോൻ എന്നിവർ അറിയിച്ചു. ജില്ലയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തതായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവന നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story