Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ശുചീകരണ-പുനര്‍നിര്‍മാണത്തിന് സജ്ജമായി ജില്ല

text_fields
bookmark_border
കൊച്ചി: ദുരിതബാധിതമേഖലയില്‍ ശുചീകരണ- പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ ജില്ല ഭരണകൂടം. ഇതി​െൻറ ഭാഗമായി ജില്ലയിലെ എം.എൽ.എമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. 910 ക്യാമ്പുകളിലായി 5.3 ലക്ഷത്തിലധികം ദുരിതബാധിതരുണ്ടെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. പതിനഞ്ച് മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കാണാതായ ആളുകളെ സംബന്ധിച്ച വിവരശേഖരണം തുടരുന്നു. ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ദുരിതാശ്വാസഘട്ടത്തിലാണ് ഇപ്പോള്‍ ജില്ലഭരണകൂടമുള്ളത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഈ ആഴ്ച തുടങ്ങും. മൃഗങ്ങളുടെ ജഡം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിച്ച്, അറിയിക്കുന്ന മുറയ്ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ മറവുചെയ്യും. ക്യാമ്പുകളില്‍ താമസിച്ചവര്‍ക്കുമാത്രമല്ല, വെള്ളപ്പൊക്കത്തി​െൻറ ദുരിതമനുഭവിച്ച മുഴുവന്‍പേര്‍ക്കും ദുരിതാശ്വാസത്തിന് അര്‍ഹതയുണ്ട്. ഈ മാസം ശേഷിക്കുന്ന മുഴുവന്‍ ദിവസങ്ങളും റവന്യൂ, സിവില്‍ സപ്ലൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്ക് പ്രവൃത്തിദിവസമായിരിക്കും. തിരുവോണ ദിവസം ഉച്ചക്ക് രണ്ടു മണിക്കൂര്‍ അവധിയെടുക്കാന്‍ അനുവാദമുണ്ട്. ജലസ്രോതസ്സുകൾ മലിനീകരിക്കുന്നതിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് ജാഗ്രത പുലര്‍ത്തണം. ശുചീകരണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കാന്‍ കോയമ്പത്തൂര്‍ ടി.സി.സി മുതലായ കമ്പനികളില്‍നിന്ന് ഇവ ലഭ്യമാക്കും. നേരിട്ട് വിതരണം ചെയ്യാനുള്ള നടപടികളെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് തടസ്സം കൂടാതെ റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളുടെ പേരുവിവരവും റേഷന്‍ കാര്‍ഡ് നമ്പറും കടയില്‍ ലഭ്യമാണ്. ഗുണഭോക്തൃ ലിസ്റ്റിൽ ഉള്‍പ്പെട്ട ആരു ചെന്നാലും ഇതുപയോഗിച്ച് ആ കാര്‍ഡില്‍ അനുവദനീയമായ അളവിലുള്ള സാധനങ്ങള്‍ നൽകാൻ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കും. പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ സര്‍ക്കാറുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്‍ട്രോൾ റൂമുമായി ബന്ധിപ്പിച്ചാണ് ക്യാമ്പുകളില്‍ ശുദ്ധജലമെത്തിച്ചിരുന്നത്. ജില്ലയിലെ 25 ജലവിതരണ പദ്ധതികളും പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ആലുവ പ്ലാൻറ് പ്രവര്‍ത്തനം തുടങ്ങി. പിറവത്ത് ബുധനാഴ്ച തുടങ്ങും. രണ്ടുദിവസത്തിനകം എല്ലാ കേന്ദ്രങ്ങളും തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജലവിതരണ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ വാട്ടര്‍ അതോറിറ്റി പ്രതിനിധിയുടെ 24 മണിക്കൂര്‍ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 150ലധികം പി.ഡബ്ല്യു.ഡി റോഡുകളിൽ ചളി മൂടിയിട്ടുണ്ട്. ഇവ കരസേനയുടെ സഹായത്തോടെ വൃത്തിയാക്കും. 22, 23 തീയതികളില്‍ എല്ലാ താലൂക്കുകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ക്യാമ്പിലെത്തുന്ന സാധനങ്ങള്‍ ഏകീകൃതമായി വിതരണം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കടമക്കുടിയിലെ തുരുത്തുകളിലേക്ക് ചെറുവള്ളങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. പകരം ബോട്ട് സര്‍വിസ് ആരംഭിക്കണമെന്നും ജില്ലയിലെ മുഴുവന്‍ ക്യാമ്പുകളും റവന്യൂ വകുപ്പ് ഏറ്റെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എം.എൽ.എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, എസ്. ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, പി.ടി. തോമസ്, കെ.ജെ. മാക്‌സി, ആൻറണി ജോണ്‍, ഹൈബി ഈഡന്‍, വി.പി. സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, ഐ.ജി വിജയ് സാക്കറെ, റൂറല്‍ എസ്.പി രാഹുല്‍ പി. നായര്‍, അസിസ്റ്റൻറ് കലക്ടര്‍ പ്രഞ്ജാല്‍ പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 15 ടണ്‍ ബ്ലീച്ചിങ് പൗഡര്‍ ലഭ്യം ജില്ലയില്‍ 15 ടണ്‍ ബ്ലീച്ചിങ് പൗഡര്‍ വിതരണത്തിനെത്തിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എ. കുട്ടപ്പന്‍ അറിയിച്ചു. അഞ്ച് ടണ്‍കൂടി ഉടന്‍ ലഭ്യമാക്കും. കിണറിലെ മലിനജലം മുഴുവനും മോട്ടോർ ഉപയോഗിച്ച് വറ്റിച്ചശേഷമുള്ള ജലത്തിലേ ക്ലോറിന്‍ ലയിപ്പിക്കാവൂ. ചളിയുള്ള പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്കുമാത്രമേ പ്രതിരോധമരുന്ന് ആവശ്യമുള്ളൂ. പാമ്പ്, പഴുതാര തുടങ്ങിയ ഇഴജന്തുക്കള്‍ മൂലകളിലും ചുമരിലും മറ്റും ഇല്ലെന്ന് ഉറപ്പാക്കിയശേഷമേ വീടിനുള്ളിലെ ശുചീകരണം തുടങ്ങാവൂ.
Show Full Article
TAGS:LOCAL NEWS 
Next Story