Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:02 AM IST Updated On
date_range 21 Aug 2018 11:02 AM ISTപ്രളയത്തിൽ കായലോരം ഒറ്റപ്പെട്ടു
text_fieldsbookmark_border
മണ്ണഞ്ചേരി: മണ്ണഞ്ചേരി, പൊന്നാട്, മുഹമ്മ കായലോര പ്രദേശം പ്രളയം മൂലം ഒറ്റപ്പെട്ടു. വേമ്പനാട്ടുകായലിെല ജലനിരപ്പ് ഉയരുന്നതാണ് കിഴക്കൻ മേഖല പ്രളയ ബാധിതമാകാൻ കാരണം. ഇടതോടുകളും മറ്റും നിറഞ്ഞൊഴുകി കിഴക്കോട്ടുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടിട്ട് നാല് ദിവസം പിന്നിടുന്നു. പ്രദേശത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. പലയിടങ്ങളിലും കായലിൽനിന്ന് അരകിലോമീറ്ററോളം ജലം തീരപ്രദേശത്തേക്ക് കയറിയിട്ടുണ്ട്. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുകയാണ്. മണ്ണഞ്ചേരി പഞ്ചായത്തിൽ പതിനഞ്ചോളം ക്യാമ്പുകളിലായി ആയിരക്കണക്കിനുപേരാണ് തങ്ങുന്നത്. കുട്ടനാട്ടിൽനിന്ന് മണ്ണഞ്ചേരിയിലെ ക്യാമ്പുകളിലേക്ക് ആളുകൾ എത്തിയിട്ടുണ്ട്. ആളുകൾ കൂടിയതോടെ മാരാരിക്കുളം തെക്ക് പഞ്ചായത്തിലും മൂന്ന് ക്യാമ്പ് തുറന്നു. സന്നദ്ധ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും മസ്ജിദ് കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് ക്യാമ്പുകളിലേക്ക് ആവശ്യമായ വിഭവങ്ങളും മറ്റും എത്തിക്കുന്നത്. മണ്ണഞ്ചേരി ടൗൺ ജുമാമസ്ജിദിൽ മാത്രം വിവിധ ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിനുപേർക്ക് ഭക്ഷണം നൽകുന്നുണ്ട്. എച്ചിക്കുഴി, പതിയാതറ, ഇലഞ്ഞിക്കത്തറ, പുത്തൻപറമ്പ്, അമ്പലക്കടവ്, പൊന്നാട്, മനയത്തുശ്ശേരി എന്നിവിടങ്ങൾ പൂർണമായും വെള്ളത്തിലാണ്. എ.എസ് കനാലിലെയും ജലനിരപ്പ് കുറഞ്ഞിട്ടില്ല. കനാൽ തീരങ്ങളിലുള്ള വീടുകളിൽ വെള്ളം കയറിയതോടെ കുടുംബങ്ങൾ ക്യാമ്പുകളിലേക്ക് മാറി. കനാലിെൻറ ഇരുകരകളിലും വെള്ളം നിറഞ്ഞതിനാൽ ഗതാഗതവും സാധ്യമല്ല. മടയാംതോട്ടിലും മറ്റ് ഇടതോട്ടിലും ശക്തമായ നീരൊഴുക്കാണ്. സർക്കാർ ഉന്നതതല യോഗം വിളിക്കണം -കൊടിക്കുന്നിൽ എം.പി ആലപ്പുഴ: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ കുട്ടനാട്, അപ്പർകുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് സർക്കാർ ഉന്നതതല യോഗം വിളിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിലേക്ക് മടങ്ങിപ്പോകുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്കയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ പോകാത്തവരും വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവരുമായ ആളുകൾക്ക് ഭക്ഷണം ഉൾപ്പെടെ സഹായം ഉറപ്പുവരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story