ഹൃദയം തൊടുന്നു, ആ നന്ദി

05:32 AM
21/08/2018
കൊച്ചി: വെള്ളമിറങ്ങിത്തുടങ്ങിയ വീടി​െൻറ ടെറസിൽ വലിയ വെളുത്ത അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു 'താങ്ക്സ്'. രക്ഷാപ്രവർത്തനത്തിന് നാടാകെ പറക്കുന്ന സൈനികർക്ക് ആ ഹൃദയത്തിൽതൊടുന്ന നന്ദി വായിച്ചെടുക്കാം. ആരോ കോറിയിട്ട ആ അക്ഷരങ്ങൾ അവർക്കുള്ളതാണ്. പ്രാണനും ജീവിതവും തിരിച്ചുതന്ന സൈനികർക്ക് നൽകാൻ മറന്നുപോയ സമ്മാനമാണ് ഹൃദയത്തി​െൻറ ഭാഷയിൽ സമർപ്പിച്ചിരിക്കുന്നത്. അങ്കമാലി ചെങ്ങമനാെട്ട ഇരുനില വീടി​െൻറ ടെറസിലാണ് കഴിഞ്ഞദിവസം ഇംഗ്ലീഷിലുള്ള നന്ദിപ്രകടനം പ്രത്യക്ഷപ്പെട്ടത്. ഇൗ വീടിന് മുകളിൽനിന്ന് സൈന്യം പൂർണഗർഭിണിയായ സാജിദയെയും മറ്റൊരു യുവതിയെയും രക്ഷപ്പെടുത്തിയിരുന്നു. നാവികസേനയുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാജിദ വൈകാതെ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നാവികസേന കമാൻഡർ വിജയ് വർമയും സംഘവുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. സാജിദയെയും കുഞ്ഞിനെയും കാണാൻ വിജയ് വർമയും സംഘവും പിന്നീട് സമ്മാനങ്ങളുമായി ആശുപത്രിയിലും എത്തിയിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ സഹായത്തിന് കേണ ഗർഭിണിയെ യഥാസമയം രക്ഷപ്പെടുത്തിയ സൈനികർക്കായി ആരോ കുറിച്ചിട്ട നന്ദിയുടെ ചിത്രങ്ങൾ നാവികസേന തന്നെയാണ് തിങ്കളാഴ്ച പുറത്തുവിട്ടത്.
Loading...
COMMENTS