കുത്തൊഴുക്കിൽ ഒറ്റപ്പെട്ടു; അതിജീവിച്ച് കാലടി

05:38 AM
20/08/2018
കൊച്ചി: മലവെള്ളം കുത്തിയൊലിച്ച് മലയാറ്റൂരിലെത്തുന്നതോടെ പെരിയാറിന് രൗദ്രഭാവമാണ്. ഡാമുകളിലെ വെള്ളംകൂടി അലച്ചെത്തുമ്പോൾ കാലടി വെള്ളത്താൽ ഒറ്റപ്പെടും. ഏതാനും ദിവസത്തിനിടെ കാലടി സാക്ഷ്യംവഹിച്ചത് ഇതുവരെ കാണാത്ത ദുരിതങ്ങൾക്കായിരുന്നു. 15ന് രാത്രി പെരുമ്പാവൂരില്‍നിന്ന് കാലടിയിലേക്കുള്ള രണ്ട് പാലങ്ങള്‍ക്ക് മുകളിലൂടെ പെരിയാര്‍ കുത്തിയൊലിച്ചു. നെടുമ്പാശ്ശേരി, ആലുവ, അങ്കമാലി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ കാലടി പൂര്‍ണമായും ഒറ്റപ്പെട്ടു. പ്രളയം ബാധിച്ച നാടുകളെല്ലാം സഹായത്തിനായി കേഴുമ്പോൾ കാലടി സ്വയം അതിജീവനത്തിനായി പോരാടുകയായിരുന്നു. സഹായം തേടാൻ അവർക്കുമുന്നിൽ മാർഗങ്ങളില്ലായിരുന്നു. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു, മൊബൈൽ ഫോണുകളുടെ നെറ്റ്വർക്ക് നഷ്ടപ്പെട്ടു, ഏക ആശ്രയമായ പൊലീസ് സ്റ്റേഷനും മുങ്ങി. മഴക്കാലവും വെള്ളപ്പൊക്കവും കണ്ട് പരിചയിച്ച പുഴയിൽനിന്ന് രണ്ടും മൂന്നും കിലോമീറ്ററുകള്‍ അപ്പുറം താമസിക്കുന്നവർ ക്യാമ്പുകളിലേക്കും പോയില്ല. വീട്ടുപടിക്കലെത്തിയ വെള്ളം വെറും മഴവെള്ളമെന്ന് ധരിച്ചവരെ മണിക്കൂറുകൾക്കുള്ളിലാണ് പ്രളയം വിഴുങ്ങിയത്. ആശ്വാസത്തിനായി ആളുകൾ ഓടിയെത്തിയ ക്യാമ്പുകളിലും വെള്ളം ഇരച്ചുകയറി. മൂന്ന് പഞ്ചായത്തുകളിലെ ഒരു ലക്ഷത്തിലധികം ജനങ്ങൾ നിസ്സഹായതയുടെ തുരുത്തുകളിലേക്ക് ഒറ്റപ്പെട്ടു. സമീപത്തെ രണ്ടുനില വീടുകളിലേക്കും ടെറസിലേക്കും പലരും നീന്തിക്കയറി. കയര്‍ എറിഞ്ഞുകൊടുത്തും വടം നൽകിയും സഹജീവികളെ ജീവിതത്തിലേക്ക് കൈപിടിക്കാൻ എല്ലാവരും ഒരേ മനസ്സോടെ ഉത്സാഹിച്ചു. അടഞ്ഞുകിടന്ന വീടുകള്‍ കുത്തിത്തുറന്നും പലരുടെയും ജീവന്‍ രക്ഷിച്ചു. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ സഹായങ്ങളും ഭക്ഷണവും കിട്ടാതായി. കരഞ്ഞും തളർന്നുമുറങ്ങുന്ന കുട്ടികളുടെ മുഖം, ഉയർന്ന പ്രദേശങ്ങളിലെ കട കുത്തിത്തുറക്കാൻ അവരെ പ്രേരിപ്പിച്ചു. 'ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ കരഞ്ഞുതുടങ്ങി.. ആരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ല. കുറച്ച് ഉയര്‍ന്നു നില്‍ക്കുന്ന വീടുകളില്‍നിന്ന് ഗ്യാസും പലചരക്ക് സാധനങ്ങളും വാഴകൊണ്ട് ചങ്ങാടമുണ്ടാക്കി കൊണ്ടുവന്ന് ഒരുവിധത്തില്‍ മൂന്നുദിവസം കഴിച്ചുകൂട്ടി'. പ്രദേശവാസികൾ നിസ്സഹായാവസ്ഥ വിവരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചങ്ങാടത്തിലും മറ്റും എത്തിയിരുന്നു. ശക്തമായ ഒഴുക്ക് പലപ്പോഴും തിരിച്ചടിയായി. വാഴകൊണ്ട് ചങ്ങാടമുണ്ടാക്കി പ്രധാന റോഡിലേക്ക് എത്താനുള്ള നാട്ടുകാരിൽ ചിലരുടെ ശ്രമവും പാഴായി. മൊബൈൽ നെറ്റ്വർക്ക് വന്ന സമയം കാലടി സര്‍വകലാശാല, മാണിക്യമംഗലം കാര്‍ത്യായനി ക്ഷേത്രം എന്നിവിടങ്ങളില്‍ അഭയം തേടിയവര്‍ സോഷ്യല്‍ മീഡിയവഴിയും ഫോണ്‍ മുഖേനയും സഹായം അഭ്യര്‍ഥിച്ചു. അതേസമയം, ഉള്‍പ്രദേശങ്ങളിലുള്ളവര്‍ ജീവനും മരണത്തിനുമിടയിൽ സന്ധിയില്ലാ പോരാട്ടത്തിലായിരുന്നു. ഇതിനിടെ, ഒരു മനസ്സമ്മതവും സംസ്‌കാരവും നടന്നു. വര​െൻറയും വധുവി​െൻറയും അഭാവത്തില്‍ അവരുടെ സമ്മതത്തോടെ മാതാപിതാക്കൾ മനസ്സമ്മതം രജിസ്റ്റര്‍ ചെയ്തു. വീടിനകത്ത് കുഴഞ്ഞുവീണ് മരിച്ച മധ്യവയസ്‌കനെ പള്ളിയിലെ ഉയര്‍ന്നുനിന്ന കല്ലറ പൊളിച്ച് തുണികൊണ്ട് കെട്ടി വാഴത്തടവെട്ടിയാണ് സംസ്‌കരിച്ചത്. ഞായറാഴ്ച മഴ മാറിയതോടെ കാലടി, മഞ്ഞപ്ര, മലയാറ്റൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ദുരിതാശ്വാസ ക്യാമ്പിൽ ലഭിച്ച വസ്ത്രങ്ങളും മരുന്നുകളും അരിയുമെല്ലാം വിതരണം ചെയ്ത് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. -സ്വന്തം ലേഖകൻ
Loading...
COMMENTS