Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2018 11:08 AM IST Updated On
date_range 19 Aug 2018 11:08 AM ISTദുരിതപൂർണം ഈ ജീവിതം; ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങൾ
text_fieldsbookmark_border
- നാലുദിവസമായി കെട്ടിടങ്ങളിൽ ഒറ്റപ്പെട്ട് ജനങ്ങൾ കൊച്ചി: നാലുദിവസമായി വെള്ളവും ഭക്ഷണവും കിട്ടാതെ വീടിെൻറയും കെട്ടിടങ്ങളുടെയും മേൽക്കൂരയിൽ കഴിഞ്ഞത് ആയിരങ്ങൾ. വീടിെൻറ ഒന്നാം നിലയിൽ വെള്ളം കയറിയപ്പോൾ രണ്ടാം നിലയിലേക്ക് മാറിയവരാണ് കൂടുതൽ പേരും. ഒരു ദിവസം കൊണ്ട് വെള്ളം ഇറങ്ങും എന്ന പ്രതീക്ഷയിൽ ക്യാമ്പുകളിലേക്ക് പോകാൻ ഇവരിൽ പലരും തയാറായില്ല. എന്നാൽ, പ്രതീക്ഷകൾ തെറ്റിച്ച് വെള്ളം ഉയർന്നു. ഇതോടെ കൈയിലുണ്ടായിരുന്ന ഭക്ഷണവും കുടിവെള്ളവും തീർന്നു. വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈൽഫോണിലെ ചാർജും തീർന്നു. രക്ഷാപ്രവർത്തകർക്ക് ഇവരെ ബന്ധപ്പെടാനും ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനും സാധിക്കാത്ത അവസ്ഥയാണ്. ഉൾപ്രദേശങ്ങളായതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കാത്ത സ്ഥിതിയുമുണ്ടായി. കൂടാതെ വെള്ളത്തിെൻറ ഒഴുക്ക് കൂടിയതിനാൽ ചെറുവള്ളങ്ങൾക്ക് അവിടെെയത്താൻ സാധിച്ചില്ല. പ്രളയദുരന്തം നാലുദിവസം പിന്നിടുമ്പോഴും ആലുവ, ആലങ്ങാട്, കാലടി, പറവൂർ എന്നിവിടങ്ങളിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഓരോ കെട്ടിടത്തിന് മുകളിലും 25 മുതൽ 50 വരെ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ആലങ്ങാട്ട് പാനായിക്കുളം കോട്ടപ്പിള്ളിക്കുന്നിൽ 300 പേർ മൂന്ന് ദിവസങ്ങളായി പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ആലുവ ഭാഗത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കിയതിനാൽ കൂടുതൽ പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. എന്നാൽ, ശനിയാഴ്ച വൈകീട്ടും നിരവധി പേരാണ് ആലുവയിലും പറവൂരിലും കുടുങ്ങിക്കിടക്കുന്നത്. വെള്ളം കയറിയപ്പോൾ പള്ളികൾ, വലിയ കെട്ടിടങ്ങൾ എന്നിവിടങ്ങളിലായി 200, 300 പേരാണ് ആശ്രയം തേടിയത്. ഇവിടെയും വെള്ളം കയറിത്തുടങ്ങിയപ്പോൾ വെള്ളവും ഭക്ഷണവും കിട്ടാതെ ആളുകൾ വലഞ്ഞു. പ്രസവിച്ച് മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ ഇത്തരം ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. സ്ഥിരമായി കുടിക്കേണ്ട മരുന്നുകൾപോലുമില്ലാതെ നിരവധി പേരാണ് അവശരായി കഴിഞ്ഞത്. ഭക്ഷണം കിട്ടാതെ കുഞ്ഞുങ്ങൾ പലരും തളർന്നുവീണു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story