Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2018 10:59 AM IST Updated On
date_range 19 Aug 2018 10:59 AM ISTദുരിതാശ്വാസ ക്യാമ്പുകളിൽ മരുന്നും ഭക്ഷണവുമില്ല
text_fieldsbookmark_border
കൊച്ചി: പ്രളയക്കെടുതിയിൽനിന്ന് രക്ഷിച്ച ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾ ഭക്ഷണമോ മരുന്നുകളോ കിട്ടാതെ വലയുന്നു. നഗര കേന്ദ്രീകൃതമായ ക്യാമ്പുകളിൽ സന്നദ്ധ സംഘടനകൾ മുൻകൈയെടുത്ത് ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. എന്നാൽ, പെരുമ്പാവൂർ, പറവൂർ, ആലുവയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങിലെ ക്യാമ്പുകളിൽ പലർക്കും ഭക്ഷണം കിട്ടിയില്ല. ആലുവ യു.സി കോളജിൽ 7000 ത്തിലധികം ആളുകളാണ് കഴിയുന്നത്. ഇവർക്ക് എത്തിക്കുന്ന ഭക്ഷണം പലപ്പോഴും തികഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയ വഴി ഭക്ഷണം ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. തുടർന്ന് വിവിധ ഇടങ്ങളിൽനിന്ന് സന്നദ്ധ സംഘടനകൾ ഭക്ഷണം എത്തിച്ചു. ആൽബർട്ട്സ് കോളജ്, മഹാരാജാസ്, സെൻറ് തെേരസാസ് തുടങ്ങിയ നഗരത്തിലെ ക്യാമ്പുകളിൽ ആവശ്യത്തിന് ഭക്ഷണമെത്തിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽപെട്ട ക്യാമ്പുകളിൽ പരിമിതമായ രീതിയിൽ മാത്രമാണ് ഭക്ഷണം കിട്ടിയിരുന്നത്. വാഹനങ്ങളോ ബോട്ടുകളോ ഇല്ലാത്തതിനാൽ സന്നദ്ധ സംഘടനകൾക്കും ഇവിടെ എത്താനായില്ല. ഹെലികോപ്ടറുകളിലും ബോട്ടുകളിലുമായി എത്തിക്കുന്ന ഭക്ഷണം കൊണ്ടാണ് ഇവിടെയുള്ളവർ വിശപ്പടക്കിയത്. കുട്ടികളടക്കമുള്ളവർ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ദയനീയ കാഴ്ചയായിരുന്നു. അസുഖബാധിതരായവർക്ക് ആവശ്യത്തിന് മരുന്ന് ലഭിക്കാത്ത സ്ഥിതിയുമുണ്ടായി. പ്രമേഹവും കൊളസ്ട്രോളുമടക്കമുള്ളവർ ദിനേന കഴിച്ചിരുന്ന മരുന്നുകൾ കിട്ടാതെ തളർന്നിരിക്കുകയാണ്. ക്യാമ്പുകളിൽ എത്തിയശേഷം വൈറൽ പനിയടക്കം ബാധിച്ച് നിരവധി പേർ കഴിയുന്നുണ്ട്. ഇവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാനോ മരുന്ന് നൽകാനോ പലയിടത്തും സാധിച്ചിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞവരുടെയും ദിവസേന ഡയാലിസിസ് നടത്തേണ്ടവരുടെയും ആരോഗ്യനില അതീവ ഗുരുതരമാണ്. ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണ് ഓരോ ക്യാമ്പിലുമുള്ളത്. ആശുപത്രികളിലും വെള്ളം കയറിയതിനാൽ ഗുരുതരാവസ്ഥയിലുള്ളവർക്ക് അവിടെയും കാര്യമായ ചികിത്സ ലഭിക്കുന്നില്ല. ക്യാമ്പുകളിലേക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും എത്തിക്കുന്നതിനോടൊപ്പം മരുന്നുകളും എത്തിക്കണമെന്ന് രക്ഷാപ്രവർത്തകരടക്കം ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story