സമൃദ്ധമാണ് 'സമൃദ്ധി'

06:44 AM
10/08/2018
മികവി​െൻറ പര്യായമായി അടയാളപ്പെടുത്താം നമുക്ക് കുടുംബശ്രീയെ. സ്ത്രീകളുടെ ഉന്നമനത്തിനായി മിഷൻ നടത്തിയ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണ്. കേരളത്തി​െൻറ ചെറുകിട വാണിജ്യ വ്യവസായ സംരംഭങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ ഇടപെടലില്ലാത്ത മേഖലകൾ കുറവാണ്. അവരുടെ പ്രവർത്തന മികവി​െൻറ നേർസാക്ഷ്യമാവുകയാണ് എറണാകുളം മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരിക്കുന്ന സമൃദ്ധി കുടുംബശ്രീ ഫെസ്റ്റ്. ജില്ലയിലെ 14 ബ്ലോക്കുകളില്‍ നിന്നായി തെഞ്ഞെടുത്ത 14 കുടുംബശ്രീ സംരംഭക യൂനിറ്റുകളുടെ സ്റ്റാളുകളാണ് മേളയിലുള്ളത്. ഗോത്ര വിഭാഗത്തിലെ പരമ്പരാഗത വൈദ്യന്‍മാരുടെ സേവനവും ഉൽപന്നങ്ങളും ഇവിടെയുണ്ട്. കരകൗശല വസ്തുക്കള്‍, ജൈവ പച്ചക്കറി, ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉൽപന്നങ്ങൾ തുടങ്ങി നിരവധി സ്റ്റാളുകളുണ്ട്. ജില്ലയിലെ ആദിവാസി പഞ്ചായത്തുകളായ കുട്ടമ്പുഴ, വേങ്ങൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെ ഉൽപന്നങ്ങൾ ശ്രദ്ധ ആകർഷിക്കുന്നു. കുടുംബശ്രീയുടെ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ഫെസ്റ്റില്‍ 'ഗോത്രപെരുമ' എന്ന പേരില്‍ സ്റ്റാള്‍ തയാറാക്കിയത്. കുടുംബശ്രീ അംഗങ്ങള്‍ കാട്ടില്‍നിന്ന് നേരിട്ട് ശേഖരിച്ച ചെറുതേന്‍, വന്‍തേന്‍, കുന്തിരിക്കം, കല്ലുവാഴക്കുരു, കല്ലുവഞ്ചി തുടങ്ങിയ വിഭവങ്ങളുണ്ടിവിടെ. ഇതിനുപുറമേ കുടുംബശ്രീ അംഗങ്ങള്‍ തന്നെ കൃഷിചെയ്ത കുരുമുളക്, ഏലം എന്നിവയും ചെറുപാക്കറ്റുകളിലാക്കി വിൽപനക്ക് എത്തിച്ചിരിക്കുന്നു. ഗോത്രവിഭാഗങ്ങളിലെ പരമ്പരാഗത വൈദ്യന്മാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. നടുവേദന, പൈല്‍സ്, കൊളസ്ട്രോള്‍, കാലുകഴച്ചില്‍, കാലുപുകച്ചില്‍, മുടികൊഴിച്ചില്‍ തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും കഷായങ്ങളും ലഭിക്കും. ഇവിടെ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്ത രോഗങ്ങള്‍ക്ക് കുട്ടമ്പുഴയിലെത്തി ആവശ്യാനുസരണം ലഭ്യമാക്കാനുള്ള അവസരവും ഒരുക്കുന്നു. ഇൗറ്റകൊണ്ട് നെയ്ത ചെറുതും വലുതുമായ കുട്ടകള്‍ക്കും നിരവധി ആവശ്യക്കാരെത്തുന്നുണ്ട്. കാട്ടില്‍നിന്ന് വെട്ടിയെടുത്ത ഈറ്റ കൊണ്ട് നെയ്തെടുത്ത വിവിധയിനം കുട്ടകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. വലുപ്പമനുസരിച്ച് 60 മുതല്‍ 150 രൂപവരെയാണ് വില. ഇവര്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുമുണ്ട്. പുഴയിലുള്ള കല്ലുകളിലും ഇടുക്കുകളിലും വളരുന്ന കല്ലുവാഴ കുരു, കല്ലൂര്‍വഞ്ചി തുടങ്ങിയവ ഔഷധ മൂല്യങ്ങൾ വ്യക്തമാക്കി വിൽപനക്കുണ്ട്. ദശപുഷ്പങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പരമ്പരാഗതമായി കൈമാറി വന്ന അറിവുകള്‍കൂടിയാണ് ഇവര്‍ പകര്‍ന്നു നല്‍കുന്നത്. വിഭവങ്ങളുമായി ഭക്ഷ്യമേളയും സമൃദ്ധി ഫെസ്റ്റിലെ വിപണന സ്റ്റാളുകൾക്കൊപ്പം രുചികരമായ ഭക്ഷണവുമായി കുടുംബശ്രീയുടെ സ്റ്റാളുകളും ഇവിടെയുണ്ട്. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന കാറ്ററിങ് യൂനിറ്റുകളാണ് ആഥിത്യമരുളുന്നത്. നല്ല കപ്പയും മീൻ കറിയും കഴിക്കാം. പിടിയും കോഴിക്കറിയും വാഴയില കിഴി ബിരിയാണിയും തയാർ.
Loading...
COMMENTS