Aniyam supple3

06:44 AM
10/08/2018
മുഖലേഖനം ചെറുതല്ല വള്ളംകളിയുടെ സാംസ്കാരിക-സാമ്പത്തിക ദൗത്യം വെള്ളപ്പൊക്ക കെടുതിയിൽനിന്ന് മോചനം ലഭിക്കുംമുമ്പേ കുട്ടനാട്ടുകാർ തങ്ങളുടെ പ്രിയപ്പെട്ട വള്ളംകളിയെ വരവേൽക്കാനായി ഇന്ന് പുന്നമടക്കായലിൽ ആർപ്പോ വിളികൾ ഉയർത്തി അണിചേരും. ദേശദേശാന്തരങ്ങളിലെ നന്മ വറ്റിയിട്ടില്ലാത്ത മനുഷ്യരും കുട്ടനാട്ടിലെ ജനങ്ങളുടെ ദുരിത കാഴ്ചകൾ കണ്ട് അവരോടൊപ്പം ഐക്യപ്പെട്ട് തങ്ങളുടെ സന്തോഷങ്ങൾക്ക് അവധി കൊടുക്കാൻ തയാറായിരുന്നു. നെഹ്റു ട്രോഫി ജലോത്സവം ആലപ്പുഴക്കാരെ സംബന്ധിച്ചിടത്തോളം അക്ഷരാർഥത്തിൽ സ്വകാര്യ അഹങ്കാരം തന്നെയാണ്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മാത്രം വിധിക്കപ്പെട്ട ജനതയുടെ നിശ്ചയദാർഡ്യം മുഴുവൻ പ്രതിഫലിക്കുന്നതാണ് വള്ളംകളിയിലെ തുഴക്കാരുടെ താളബന്ധമായ കൈക്കരുത്തിലെങ്ങും പ്രകടമാകുന്നത്. വഞ്ചിപ്പാട്ടി​െൻറ ചടുലതയാർന്ന താളത്തിൽ ചലിക്കുന്ന തുഴകൾ കായലോളങ്ങളെ കീറിമുറിച്ച്‌ ചുണ്ടൻവള്ളങ്ങളെയും ചെറുതോണികളെയും മുന്നോട്ട് പായിക്കുമ്പോൾ ഏവരുടെയും മനസ്സും ശരീരവുമൊക്കെ എത്തിച്ചേരുന്ന ഏകാത്മ ഭാവത്തിന് നിർവചനം ചമക്കാൻ കവികൾക്കോ ശാസ്ത്രകാരന്മാർക്കോ പോലും കഴിഞ്ഞെന്ന് വരില്ല. എന്നാൽ, കാലങ്ങളായി ഒരു പ്രദേശത്തി​െൻറ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഒരേപോലെ പോഷിപ്പിക്കുന്നതോടൊപ്പം സാംസ്കാരിക ഔന്നിത്യങ്ങളിലേക്ക് കാലങ്ങളായി അവരെ കൈപിടിച്ച് ഉയർത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന ഒന്നാണ് വള്ളംകളിയുൾപ്പെടുന്ന ജലകായിക മേളകളെന്ന പൊതുബോധം പതിയെപ്പതിയെ വിസ്മൃതിയിലേക്ക് നീങ്ങുന്നുവെന്ന യാഥാർഥ്യത്തെ തിരിച്ചറിയാൻ വൈകി. മാറിവന്ന ജീവിത സാഹചര്യങ്ങളിൽ അന്യംനിന്നവയുടെ പട്ടികയിൽ കൃഷി ഉണ്ടെന്ന തിരിച്ചറിവ് പോലും മലയാളികളുടെ ബോധ മനസ്സിൽ വേണ്ടുംവിധം പതിഞ്ഞിട്ടില്ലെന്ന കാര്യം ഉറപ്പാണ്. നെഹ്റുട്രോഫി വള്ളംകളി പോലെ വിശ്വ പ്രസിദ്ധിയാർജിച്ച ഒരു ജലമേളയെ ആഗോളവത്കരണ കാലഘട്ടത്തിൽ അതി​െൻറ ഗുണവശങ്ങളുടെ സാധ്യതകൾ മാത്രം പ്രയോജനപ്പെടുത്തുക വഴി പരമാവധി ചൂഷണം ചെയ്യാൻ സർക്കാറുകൾക്ക് കഴിയേണ്ടതുണ്ട്. അതുവഴി അന്യവത്കരിക്കപ്പെട്ട നാടി​െൻറ പൈതൃകവും പാരമ്പര്യവും നല്ലൊരളവോളം തിരിച്ചുപിടിക്കാനാവുമെന്നതിൽ സംശയം വേണ്ടതില്ല. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഐകോണിക് വിനോദ സഞ്ചാര പദ്ധതി കുമരകം-വേമ്പനാട്ട് മേഖലയിൽ ഉൾപ്പെടുത്തി നെഹ്‌റു ട്രോഫിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്ന കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തി​െൻറ പ്രസ്താവന വന്നതോടെ പ്രതീക്ഷയുടെ ചെറുതിരിനാളങ്ങൾ തെളിഞ്ഞുതുടങ്ങി. -വി.ആർ. രാജമോഹൻ
Loading...
COMMENTS