Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:17 AM IST Updated On
date_range 7 Aug 2018 11:17 AM ISTമാലിന്യം നിറഞ്ഞ് ചേര്‍ത്തല-അരൂക്കുറ്റി റോഡ്
text_fieldsbookmark_border
ചേര്‍ത്തല: അരൂക്കുറ്റി-ചേര്‍ത്തല റോഡില്‍ വ്യാപകമായി മാലിന്യം തള്ളുന്നു. ദേശീയ നിലവാരത്തില്‍ നിര്‍മിച്ച റോഡില്‍ രാത്രിയുടെ മറവില്‍ ചാക്കുകളില്‍ നിറച്ച നിലയിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസംപുലര്‍ച്ചെ ഒറ്റപ്പുന്ന ജങ്ഷന്‍ മുതല്‍ മണപ്പുറം പള്ളി വരെയുള്ള ഭാഗത്ത് മാത്രം പത്തോളം ചാക്ക് മാലിന്യങ്ങളാണ് റോഡരികിൽ കാണപ്പെട്ടത്. കോഴി, പച്ചക്കറി എന്നിവയുടെ വേസ്റ്റുകള്‍, കോളക്കുപ്പികള്‍, പ്ലാസ്റ്റിക് കിറ്റുകള്‍ എന്നിവയാണ് ചാക്കുകളില്‍ നിറച്ചിരിക്കുന്നത്. രാത്രിയില്‍ കൂടുതല്‍ ആള്‍ത്തിരക്കില്ലാത്ത മേഖലയായ മലബാര്‍ സിമൻറ് കമ്പനിയുടെ സമീപം, പള്ളിച്ചന്തക്ക് വടക്കുവശം, മാക്കേക്കടവ് ജലശുദ്ധീകരണ ശാലക്ക് സമീപം എന്നിവിടങ്ങളിലാണ് മാലിന്യം കൂടുതൽ തള്ളിയിരിക്കുന്നത്. തെരുവുനായ്ക്കള്‍ കോഴിവേസ്റ്റും മറ്റും ഭക്ഷിക്കുന്നതിന് ചാക്കുകള്‍ കടിച്ചുകീറി റോഡിലാകെ മാലിന്യം വിതറിയിട്ട് പരതുന്നത് റോഡിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അപകടത്തില്‍പെടാന്‍ ഇടയാക്കുന്നു. റോഡ് കടന്നുപോകുന്ന മേഖലയിലെ നഗരസഭയോ പഞ്ചായത്തോ ആണ് മാലിന്യം നിക്ഷേപിക്കുന്നത് തടയുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത്. ഇവിടെ പഞ്ചായത്ത് അധികൃതര്‍ മാലിന്യം നീക്കാനോ നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാനോ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. നോക്കുകുത്തിയായി ഇ-ടോയ്ലെറ്റ് ചാരുംമൂട്: ജങ്ഷനിലെ ഇ-ടോയ്ലെറ്റ് നോക്കുകുത്തിയാകുന്നു. ചുനക്കര പഞ്ചായത്തിെൻറ 2012-13ലെ ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഇ-ടോയ്ലെറ്റാണ് ഉപയോഗശൂന്യമായി നശിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലം-തേനി ദേശീയപാതയിൽ ചാരുംമൂട് ജങ്ഷന് വടക്ക് ഭാഗത്തുള്ള കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്താണ് ഇ-ടോയ്െലറ്റ് സ്ഥാപിച്ചിട്ടുള്ളത്. അഞ്ചുലക്ഷം രൂപയോളമായിരുന്നു നിർമാണത്തിന് ചെലവഴിച്ചത്. കെൽട്രോൺ ആയിരുന്നു ഇതിെൻറ നിർമാണക്കരാർ ഏറ്റെടുത്തത്. എന്നാൽ, നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയാറായില്ല. ടോയ്ലെറ്റും സമീപ പ്രദേശങ്ങളും കാട് മൂടിയ അവസ്ഥയിലാണ്. ദിനേനെ ആയിരക്കണക്കിന് ആളുകൾ വരുന്ന ചാരുംമൂട്ടിൽ ശൗചാലയ സൗകര്യം ഇല്ലാത്തത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോഴാണ്, ഒരു പ്രയോജനവും ഇല്ലാതെ ഇ-ടോയ്ലറ്റ് നശിച്ചുകൊണ്ടിരിക്കുന്നത്. ബസ് സ്റ്റോപ്പിനോട് ചേർന്ന് നിർമിച്ചതുമൂലം പൊതുജനം ടോയ്െലറ്റ് ഉപയോഗിക്കാൻ മടി കാട്ടുന്നതും നശിക്കാൻ കാരണമാകുന്നു. ടോയ്ലെറ്റ് നിർമാണഘട്ടത്തിൽതന്നെ ബസ് സ്റ്റോപ്പിന് സമീപത്ത് സ്ഥാപിക്കാൻ പാടില്ലെന്ന് നിർദേശമുയർന്നിരുന്നു. എന്നാൽ, അധികൃതർ ഇത് അംഗീകരിക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്. ജങ്ഷന് സമീപത്തുതന്നെ സ്ഥലം ഉള്ളപ്പോഴാണ് ഒരു ദീർഘവീക്ഷണവുമില്ലാതെ ഇവിടെത്തന്നെ സ്ഥാപിച്ചത്. ടോയ്െലറ്റിെൻറ അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്നും ആരോപണമുണ്ട്. വാഹന പണിമുടക്കിൽ മത്സ്യമേഖല സ്തംഭിക്കും നീർക്കുന്നം: ചൊവ്വാഴ്ച നടത്തുന്ന വാഹനപണിമുടക്കിൽ ജില്ലയിലെ മത്സ്യമേഖല സ്തംഭിക്കും. ബോട്ടുകളും വള്ളങ്ങളും കടലിലിറക്കിയാലും വാഹനങ്ങളില്ലെങ്കിൽ പിടിച്ചുകൊണ്ടുവരുന്ന മീൻ വിപണനം നടത്താനാകാതെവരും. തീരമേഖലയിൽ ഉൾപ്പെട്ട വിവിധ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അർത്തുങ്കൽ, തൈക്കൽ, പള്ളിത്തോട്, ചാപ്പക്കടവ്, അന്ധകാരനഴി, പറവൂർ, പുന്നപ്ര, തോട്ടപ്പള്ളി, വലിയഴീക്കൽ എന്നിവിടങ്ങളിലാണ് ജില്ലയിലെ മീൻപിടിത്തം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച കടലിലിറക്കിയ ബോട്ടുകൾ ചൊവ്വാഴ്ച പുലർച്ചയേ മീനുമായി തുറമുഖങ്ങളിൽ എത്തുകയുള്ളൂ. വിപണനം നടക്കുമെന്ന് തൊഴിലാളികൾ കണക്കുകൂട്ടുമ്പോൾ തുറമുഖങ്ങളിൽനിന്ന് മീനെടുക്കാൻ വാഹനങ്ങൾ എത്തുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story