Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടുകാർക്ക്​...

കുട്ടനാട്ടുകാർക്ക്​ ധൈര്യവ​​ും സാന്ത്വനവും പകർന്ന്​ ആരോഗ്യ മന്ത്രി

text_fields
bookmark_border
ആലപ്പുഴ: 'നീ എന്നെ മറിക്കാതെ അപ്പുറം കൊണ്ടു വിടുമോ? കുട്ടനാട്ടിലെ കുപ്പപ്പുറം സർക്കാർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ തന്നെ കാണാനെത്തിയ അമ്മമാരിൽ ഒരാളുടെ ഒക്കത്തിരുന്ന കുഞ്ഞിനോട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കുസൃതിയോടെ ആരാഞ്ഞു. 29 കുടുംബങ്ങൾ താമസിക്കുന്ന ക്യാമ്പിലെ പ്രധാന കെട്ടിടത്തിലെത്താൻ അരക്കൊപ്പം വെള്ളം താണ്ടണമായിരുന്നെങ്കിലും പിന്മാറാൻ മന്ത്രി ഒരുക്കമായിരുന്നില്ല. കൂടെ വന്ന ഉദ്യോഗസ്ഥ സംഘം എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുേമ്പാൾ മന്ത്രി തന്നെ തീർപ്പ് കൽപിച്ചു. 'സാരമില്ല, ഇവർ സഹായിക്കും'. മന്ത്രി മാത്രം കയറിയ ചെറുവഞ്ചി കൈനകരി പഞ്ചായത്ത് പ്രസിഡൻറ് ഷീല സജീവും പ്രാദേശിക രാഷ്ട്രീയ നേതാക്കളും സുരക്ഷ ഉദ്യോഗസ്ഥരും സുരക്ഷിതമായി തള്ളി നീക്കി ക്യാമ്പിലെത്തിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിതയെയും ദേശീയ ആരോഗ്യ മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. നിത വിജയനെയും കൂട്ടി വള്ളം വീണ്ടും മടങ്ങി. വഞ്ചി കാത്ത് നിൽക്കാെത മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ് വെള്ളത്തിലൂടെ ക്യാമ്പിലേക്ക് നടന്നെത്തി. മടങ്ങുംനേരം മന്ത്രിയുടെ ഗൺമാൻ തലശ്ശേരി സ്വദേശി ഷാജഹാൻ അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിൽ വീഴാൻ പോയി. കരയിലെത്തിയശേഷം മന്ത്രി ഷാജഹാനോട് മുറിവെന്തെങ്കിലും പറ്റിയോ എന്നാണ് ആദ്യം തിരക്കിയത്. തൊട്ടടുത്ത കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കായിരുന്നു അടുത്ത സന്ദർശനം. അവിടെ സ്വീകരിക്കാൻ കാത്തുനിന്ന നഴ്സുമാരോടുള്ള മന്ത്രിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. 'നിങ്ങളെല്ലാവരും ആത്മാർഥമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് എനിക്കു ലഭിച്ച വിവരം. ഇത് തുടർന്നും പ്രതീക്ഷിക്കുന്നു'. ഡ്യൂട്ടി മെഡിക്കൽ ഒാഫിസർ ഡോ.ശരത് കെട്ടിടത്തിന് പിന്നിലെ ഒരേക്കർ വരുന്ന പാടശേഖരം പി.എച്ച്.സിയുടെതാണെന്ന് പറഞ്ഞതോടെ മന്ത്രിക്ക് സന്തോഷം. കൂടെയുണ്ടായിരുന്ന സി.പി.എം ജില്ല സെക്രട്ടറി ആർ.നാസറിനോട് കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതി​െൻറ സാധ്യത ആരാഞ്ഞു. ജില്ല പഞ്ചായത്തി​െൻറ സഹായം കൂടി ലഭ്യമാക്കാമെന്ന് മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോൾ എല്ലാവരിലും പ്രതീക്ഷ. അടുത്ത ക്യാമ്പായ കുട്ടമംഗലം എൻ.എസ്.എസിൽ എത്തിയ മന്ത്രിയെ അമ്മമാർ സ്നേഹം കൊണ്ട് മൂടി. അവിയലടക്കം വിഭവങ്ങളുടെ പട്ടിക നിരത്തി ഉൗണ് കഴിച്ചിേട്ട പോകാവൂവെന്ന് ഒരേ നിർബന്ധം. ഇതിനിടയിൽ ഇവിടേക്ക് പെൺകുട്ടികളെ അയക്കാൻ പലർക്കും മടിയാണെന്ന് ഒരു അമ്മ പരിഭവം പറഞ്ഞപ്പോൾ വെള്ളപ്പൊക്കത്തെ അതിജീവിച്ച കൈനകരിക്കാരുടെ ധീരതക്ക് പകരം വെക്കാനൊന്നുമില്ലെന്ന് പറഞ്ഞ് അവരെ സാന്ത്വനപ്പെടുത്തിയാണ് മന്ത്രി മടങ്ങിയത്. വി.ആർ. രാജമോഹൻ
Show Full Article
TAGS:LOCAL NEWS 
Next Story