Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 11:39 AM IST Updated On
date_range 2 Aug 2018 11:39 AM ISTനടുവൊടിഞ്ഞ് നെല്ലറയുടെ നാട്-1
text_fieldsbookmark_border
പ്രളയത്തിനുമുന്നിൽ തലകുനിച്ച് കുട്ടനാടൻ ഗ്രാമങ്ങൾ നമുക്ക് അന്നം തരാൻ എല്ലുമുറിയെ പണിയെടുക്കുന്നവർ... ഏത് ദുരിതത്തെയും പുഞ്ചിരികൊണ്ട് നേരിടുന്ന കരക്കാർ... കാരിരുമ്പിെൻറ ശക്തിയും ആരു വിചാരിച്ചാലും ഇളക്കാൻ സാധിക്കാത്ത മനഃസാന്നിധ്യവുമുള്ള കുട്ടനാടൻ ജനത. എന്നാൽ, അവരിന്ന് കൂടപ്പിറപ്പായ വെള്ളത്തെത്തന്നെ പേടിച്ച് തലകുനിച്ചിരിക്കുകയാണ്. അവരുടെ എല്ലാ കണക്കുകൂട്ടലുകളെയും കനത്ത കാറ്റും മഴയും വെള്ളപ്പൊക്കവും തകർത്തിരിക്കുകയാണ്. മലയാള വർഷം 1099ലുണ്ടായ (ക്രിസ്തബ്ദം 1924) മഹാപ്രളയത്തിൽ കുട്ടനാട് ഒരിക്കൽ തുടച്ചുനീക്കപ്പെട്ടതാണ്. കിഴക്കൻ മലവെള്ളത്തോടൊപ്പം മനുഷ്യരും വീടുകളും അന്ന് ഒഴുകിനടന്നു. പിന്നീടാണ് കർഷകർ അതിജീവിച്ചതും കുട്ടനാടിനെ താങ്ങിനിർത്തിയതും. 1996 ലും 2002ലും വെള്ളക്കെടുതി കുട്ടനാട്ടിനെ അലട്ടിയെങ്കിലും കരക്കാർ പ്രളയത്തെ സധൈര്യം നേരിട്ടു. അന്ന് നാടൊന്നായി വെള്ളപ്പൊക്കത്തെ കീഴ്പ്പെടുത്തിയെങ്കിലും രണ്ടു പതിറ്റാണ്ടുകൾക്കുശേഷം നിനച്ചിരിക്കാതെയുണ്ടായ വെള്ളക്കെടുതി അക്ഷരാർഥത്തിൽ നെല്ലറയായ കുട്ടനാടിനെ പിടിച്ചുലച്ചു. വാസ്തവത്തിൽ നാടിെൻറ നെല്ലറയുടെ നെട്ടാല്ലൊടിച്ചിരിക്കുകയാണ് ഇൗ പ്രകൃതിക്ഷോഭം. നിർത്താതെ പെയ്ത മഴയും കിഴക്കൻ വെള്ളത്തിെൻറ വരവും '96ലെ പോലെ തന്നെ ആയിരുന്നെങ്കിലും ആവാസവ്യവസ്ഥയിൽ വന്ന പല മാറ്റങ്ങളും കുട്ടനാടിനെ ഇക്കുറി ദുരിതത്തിലാഴ്ത്തി. കാലാവസ്ഥക്കൊപ്പം കുട്ടനാടും മാറി. അനേകം ഇടത്തോടുകളും ചാലുകളും ഇല്ലാതായി. വെള്ളത്തിെൻറ നടുക്ക് കോൺക്രീറ്റ് സൗധങ്ങളുയർന്നു. തണ്ണീർമുക്കം ബണ്ടിെൻറ പ്രവർത്തനസ്ഥിതി മാറി. വേമ്പനാട്ട് കായലിെൻറ വിസ്തീർണം ഗണ്യമായി കുറഞ്ഞു. ഹൗസ്ബോട്ട് മാലിന്യങ്ങൾ കായലിെൻറ ആഴം നന്നേ കുറച്ചു. അങ്ങനെ പലതും മാറിയപ്പോൾ പ്രളയത്തിനു മുന്നിൽ കുട്ടനാടൻ ഗ്രാമം തല താഴ്ത്തി. കാൽനൂറ്റാണ്ട് മുമ്പാണ് കുട്ടനാട്ടിൽ ഭൂവിനിയോഗത്തിന് മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. ആവശ്യത്തിലേറെ നിലമുണ്ടെങ്കിലും വീട് നിർമാണം വലിയ വെല്ലുവിളിയായിരുന്നു. കുട്ടനാട്ടിൽ വീടുവെക്കാൻ സ്ഥലമില്ലാത്തതിനാൽ വർഷങ്ങൾക്കിപ്പുറം മിക്കവാറുമുള്ള എല്ലാ ഇടത്തോടുകളും നികത്തി. ഇതോടെ നിന്നുപെയ്യുന്ന മഴവെള്ളത്തെയും ഒഴുകിയെത്തുന്ന മലവെള്ളത്തെയും ഉൾക്കൊള്ളാൻ കുട്ടനാടിന് കഴിയാതായി. വെള്ളവും വള്ളവും വീടും വിട്ട് രണ്ടുദിവസം പോലും മാറിനിൽക്കാൻ മടിയുള്ള കുട്ടനാട്ടുകാർ വെള്ളം തൊടാതിരിക്കാൻ ഒന്ന് കൊതിക്കുകയാണിപ്പോൾ. ആണ്ടുതോറും കട്ടയിറക്കി വെള്ളക്കെട്ട് അതിജീവിച്ച വീടുകളുടെ ഉത്തരത്തിനൊപ്പം വെള്ളമെത്തിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി കുട്ടനാട്ടുകാർ. കൃഷി നടക്കുമ്പോൾ ബണ്ട് കെട്ടി ഏത് വെള്ളപ്പൊക്കത്തെയും നേരിടുന്ന പതിവുരീതിയും ഇത്തവണ പൊളിഞ്ഞു. ഒട്ടുമിക്ക പാടശേഖരങ്ങളിലും മടവീഴ്ചയുണ്ടായപ്പോൾ വെള്ളം പാഞ്ഞെത്തി വീടുകളിലേക്ക്. കേവലം ഭക്ഷണമോ വസ്ത്രമോ മരുന്നോ നൽകിയാൽ പരിഹാരമാവുന്ന ഒരു ദുരിതക്കെടുതിയല്ല ഇക്കുറി കുട്ടനാട്ടിൽ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കാലം കുട്ടനാട്ടുകാരുടെ ജീവിതം തകർത്തെറിഞ്ഞിരിക്കുകയാണ്. മനുഷ്യർക്കൊപ്പം കുട്ടനാട്ടിൽ ജീവിച്ച മിണ്ടാപ്രാണികളുടെ ദുര്യോഗം വേറെ. പലതും ചത്തൊടുങ്ങി. നാടിെൻറ നാനാഭാഗത്തുനിന്ന് സഹായപ്പെരുമഴ കുട്ടനാട്ടിലേക്ക് ഒഴുകുന്നത് ദുരിതത്തിന് ഒരു പരിധിവരെ ആശ്വാസം നൽകുന്നുണ്ട്. അപ്പോഴും ദുരിതപർവത്തിെൻറ ബാക്കിപത്രങ്ങൾ കുട്ടനാട്ടുകാരെ നോക്കി പല്ലിളിക്കുകയാണ്. ദീപു സുധാകരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story