Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 11:08 AM IST Updated On
date_range 29 April 2018 11:08 AM ISTഅളവിലും തൂക്കത്തിലും വെട്ടിപ്പ്: കഴിഞ്ഞ വര്‍ഷം 1590 കേസുകള്‍
text_fieldsbookmark_border
കൊച്ചി: കഴിഞ്ഞ വർഷം ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1590 കേസുകള്‍. 41,12,150 രൂപ പിഴയും ഈടാക്കി. 2016-17 സാമ്പത്തിക വര്‍ഷം 44,282ഉം 2017-18 സാമ്പത്തിക വര്‍ഷം 41,978ഉം വ്യാപാര സ്ഥാപനങ്ങളിലെ അളവുതൂക്ക ഉപകരണങ്ങള്‍ കൃത്യത ഉറപ്പാക്കി മുദ്ര ചെയ്തു. എല്‍.പി.ജിയില്‍ തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴര ലക്ഷം രൂപയാണ് കഴിഞ്ഞവർഷം പിഴ ചുമത്തിയത്. 700 ഗ്രാം തൂക്കക്കുറവ് വരെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അരിവില നിലവാരം പിടിച്ചുനിര്ത്തുന്നതിെൻറ ഭാഗമായി മൊത്തവിൽപന സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന നടത്തി. ജി.എസ്.ടിയുടെ മറവില്‍ അധികവില ഈടാക്കുന്ന കുപ്പിവെള്ളത്തിനും മറ്റ് സാധനങ്ങള്‍ക്കും പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിച്ചതായും കാര്‍ഷിക മേഖലയില്‍ വളത്തിനും കീടനാശിനികള്‍ക്കും തൂക്കക്കുറവും അമിതവിലയുമാണെന്ന പരാതിയിലും നടപടി സ്വീകരിച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാം മോഹന്‍ അറിയിച്ചു. മുന്തിയ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ടുകള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ ഷോറൂമുകളില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചു. ആശുപത്രികളിലെ അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യുന്ന പ്രക്രിയയും വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങള്‍ക്ക് അധികവില ഈടാക്കുന്നു എന്ന പരാതിയിലും വകുപ്പ് നടപടി എടുത്തിട്ടുണ്ട്. കൂടാതെ, മൾട്ടിപ്ലക്‌സ് ഭക്ഷണ സാധനങ്ങളുടെ അമിത നിരക്ക്, പെട്രോള്‍, ഡീസല്‍ വിലയിലെ കൃത്രിമം, പാക്കേജ് ഐറ്റങ്ങളിലെ അളവ് കുറവ് തുടങ്ങിയ കാര്യങ്ങളിലും നടപടിയെടുത്തു. ഡിക്ലറേഷന്‍ ഇല്ലാത്ത പാക്കേജിന് നിര്‍മാതാവിന് 25,000 രൂപയും ഡീലര്‍ക്ക് 5000 രൂപ പിഴയും ചുമത്തും. അളവ് കുറഞ്ഞാല്‍ നിര്‍മാതാവിന് 50,000 രൂപയും ഡീലര്‍ക്ക് 10,000 രൂപ പിഴയും ചുമത്തും. ലീഗല്‍ മെട്രോളജി വിഭാഗം അളവുതൂക്ക ഉപകരണങ്ങളില്‍ അടിക്കുന്ന സീലില്‍ കൃത്രിമം കാണിച്ചാല്‍ തടവുശിക്ഷ ലഭിക്കും. ഉപഭോക്താക്കള്‍ ജാഗ്രത കാണിച്ചാല്‍ ഏറെ തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. താലൂക്ക് ആസ്ഥാനങ്ങളിലും ജില്ല ആസ്ഥാനങ്ങളിലും ലീഗല്‍ മെട്രോളജി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്ലൈയിങ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. 2423180 എന്ന നമ്പറിലും 'സുതാര്യം' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും പരാതി നല്‍കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story