Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടലിളകുമ്പോൾ നടത്തുന്ന...

കടലിളകുമ്പോൾ നടത്തുന്ന പ്രഖ്യാപനങ്ങൾ തിരയടങ്ങുമ്പോൾ മറക്കുന്നുവെന്ന്​

text_fields
bookmark_border
ആറാട്ടുപുഴ: കടലിളകുമ്പോൾ തീരത്ത് ഓടിയെത്തി പുലിമുട്ടും കടൽഭിത്തിയും ഉടൻ നിർമിക്കുമെന്ന് പ്രഖ്യാപിക്കുന്ന അധികാരികൾ തിരയടങ്ങുമ്പോൾ പറഞ്ഞതെല്ലാം മറക്കുന്നതായി ആക്ഷേപം. കടലാക്രമണ പ്രതിരോധ നടപടികൾക്കായി കാത്തിരിക്കുന്ന ജനങ്ങൾക്ക് ദുരിതങ്ങൾ മാത്രം ബാക്കിയാകുന്നു. കാലവർഷം അടുത്തെത്തുമ്പോൾ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരവാസികളുടെ ഉള്ള് പിടക്കുകയാണ്. ദിവസങ്ങളായി തുടരുന്ന കടലാക്രമണം കടൽഭിത്തി ദുർബല പ്രദേശങ്ങളിൽ നാശംവിതച്ചതോടെ വരാനിരിക്കുന്നത് കൊടിയ ദുരിതത്തി​െൻറ ദിനങ്ങളാകുമെന്ന ഭീതിയിലാണ് അവർ. പഠനങ്ങളും പ്രഖ്യാപനങ്ങളും കുറേ വർഷങ്ങളായി പലത് നടന്നെങ്കിലും കൂടുതൽ അപകടാവസ്ഥയിലുള്ള സ്ഥലങ്ങളിൽ പോലും പ്രതിരോധ സംവിധാനം ഒരുക്കാൻ ഇതുവരെ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ആഴ്ചകൾ നീളുന്ന പ്രതിഷേധ സമരങ്ങൾ തീരവാസികൾ നടത്തിക്കഴിഞ്ഞു. പ്രഖ്യാപനങ്ങൾ കേട്ട് മടുത്ത തീരവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. െപരുമ്പള്ളിയിൽ ദുരിതക്കണ്ണീർ വറ്റുന്നില്ല; കള്ളിക്കാടും തിരയെടുത്ത് തീരുന്നു ആറാട്ടുപുഴ: പഞ്ചായത്തിലെ പെരുമ്പള്ളി ജങ്ഷ​െൻറ വടക്ക് ഭാഗം കാലാകാലങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങളിൽ കെടുതികൾ ഏറെയുണ്ടാകുന്ന പ്രദേശമാണ്. ഇവിടെ കടൽഭിത്തി ദുർബലമാണ്. കടലിനോട് ഏറെ അടുത്താണ് തീരദേശ റോഡ്. ചെറുതായൊന്ന് കടലിളകിയാൽ റോഡ് മണ്ണിനടിയിലാകും. ആറാട്ടുപുഴ പഞ്ചായത്തിലെ ഏറ്റവും ദുർബലമായ സ്ഥലം കൂടിയാണിത്. കടലും കായലും തമ്മിൽ മീറ്ററുകളുടെ അകലം മാത്രമാണുള്ളത്. കടൽഭിത്തികെട്ടി സംരക്ഷിച്ചില്ലെങ്കിൽ കടലും കായലും തമ്മിൽ ഒന്നായി മറ്റൊരു പൊഴി രൂപപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. കടലാക്രമണ വേളകളിൽ ഏതാനും ലോഡ് കല്ലിറക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് അധികാരികൾ. ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ തെക്കോട്ട് കള്ളിക്കാട് എ.കെ.ജി നഗർ വരെ അരകിലോമീറ്റർ ഭാഗമാണ് മറ്റൊരു അപകട മേഖല. വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡ് കടലിനോട് ഏറെ അടുത്തുകൂടിയാണ് കടന്നുപോകുന്നത്. ചെറുതായൊന്ന് തിരയിളകിയാൽ റോഡ് തകർന്ന് ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്. ലക്ഷങ്ങൾ മുടക്കി ആഴ്ചകൾക്ക് മുമ്പ് പുനർനിർമിച്ച റോഡ് ഒന്നാമത്തെ കടലാക്രമണത്തിൽതന്നെ ഭാഗികമായി തകർന്നു. കടൽഭിത്തിയുണ്ടെങ്കിലും കൂറ്റൻ തിരമാലകൾ ഇതും കടന്നാണ് റോഡിൽ പതിക്കുന്നത്. തീരമില്ലാത്തതിനാൽ തിരമാലകൾ നേരിട്ടാണ് കടൽഭിത്തിയിൽ പതിക്കുന്നത്. ശാസ്ത്രീയമായി പുലിമുട്ട് നിർമിക്കുകയും കടൽഭിത്തി ശക്തിപ്പെടുത്തുകയും ചെയ്താൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഇതിനായി പഠനങ്ങൾ നടത്തിയെങ്കിലും നടപടി വൈകുകയാണ്. ആറാട്ടുപുഴയിലെ പ്രധാന കച്ചവട കേന്ദ്രമാണ് ബസ് സ്റ്റാൻഡ്. കടൽഭിത്തിയോട് ചേർന്നാണ് ഭൂരിഭാഗം കടകളും. ഇവയെല്ലാം ലക്ഷങ്ങൾ മുടക്കി നിർമിച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ്. ഓരോ കടലാക്രമണത്തിലും കടകൾക്ക് നാശം സംഭവിക്കാറുണ്ട്. തിരമാലകൾ പതിച്ച് കടകളുടെ പിറകിലെ ഭിത്തിയും മേൽക്കൂരയും ദുർബലമാണ്. പലപ്പോഴും കടകൾക്ക് മുകളിലൂടെ തിരമാലകൾ റോഡിൽ പതിക്കാറുണ്ട്‌. ആറാട്ടുപുഴ എം.ഇ.എസ് ജങ്ഷൻ ഭാഗത്തും കടൽഭിത്തി ദുർബലമാണ്. കടപ്പുറം ജുമാമസ്ജിദ് അടക്കം കടലാക്രമണ ഭീഷണി നേരിടുന്നു. നല്ലാണിക്കൽ ഭാഗത്ത് കടൽ റോഡിന് അടുത്ത് വരെ എത്തി. പ്രതിരോധിക്കാൻ പേരിന് ഒരു കല്ലുപോലും ഇവിടെയില്ല. വലിയഴീക്കൽ അഴീക്കോടൻ നഗറിന് വടക്ക് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണം വലിയ ദുരിതമാണ് വിതച്ചത്. ഇവിടെയും കടലാക്രമണ പ്രതിരോധം ഫലപ്രദമല്ല. ബസ് സ്റ്റാൻഡ് മുതൽ വടക്കോട്ട് പത്തിശേരിൽ ജങ്ഷന് വടക്കുവരെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച കടൽഭിത്തി അറ്റകുറ്റപ്പണി നടത്താത്തതിനാൽ ദുർബലമാണ്. ജനവാസം കൂടുതലുള്ള പ്രദേശത്ത് നിരവധി വീടുകൾ അപകടാവസ്ഥയിലാണ്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രണവം നഗർ മുതൽ മതുക്കൽ വരെ കടൽഭിത്തി മണ്ണിനടിയിലാണ്. തിര ശക്തമായൊന്നടിച്ചാൽ തീരദേശ റോഡ് മണ്ണിനടിയിലാകും. പുലിമുട്ട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടൽഭിത്തി ബലപ്പെടുത്താത്തതിനാൽ വേണ്ടത്ര ഗുണഫലം കിട്ടുന്നില്ല. തൃക്കുന്നപ്പുഴ മതുക്കൽ ജങ്ഷൻ മുതൽ വടക്കോട്ടും പള്ളിപ്പാട്ടുമുറി ഭാഗങ്ങളിലും കടൽഭിത്തി ദുർബലമായതിനാൽ കൊടിയ ദുരിതമാണ് തീരവാസികൾക്ക്. പല്ലന ക്ഷേത്രം മുതൽ തെക്കോട്ട്‌ ചന്ത വരെയുള്ള 600 മീറ്റർ പ്രദേശത്ത് 1989ൽ നിർമിച്ച കടൽഭിത്തി പൂർണമായും മണ്ണിനടിയിലാണ്. പ്രദേശത്തിന് സംരക്ഷണമായി നിലകൊണ്ടിരുന്ന തീരം നഷ്ടപ്പെടുന്നതോടെ വീടുകൾ കടലാക്രമണത്തിന് ഇരയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story